തൃശ്ശൂര്‍: മുന്‍ എം.എല്‍.എയും സി.പി.എം നേതാവുമായ സൈമണ്‍ ബ്രിട്ടോ(64) അന്തരിച്ചു. തൃശൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വയറിന് അസുഖമുണ്ടായതിനെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയ്ക്കായി എത്തുകയും അവിടെ വെച്ച് മരണം സംഭവിക്കുയുമായിരുന്നു. സീന ഭാസ്‌കറാണ് ഭാര്യ. ആക്രമണത്തില്‍ പരുക്കേറ്റ് അരയ്ക്കുതാഴെ തളര്‍ന്നിരുന്നെങ്കിലും പൊതുരംഗത്തും സാംസ്‌കാരിക മേഖലയിലും സജീവമായിരുന്നു.
1954 മാര്‍ച്ച് 27 ന് എറണാകുളം ജില്ലയിലെ പോഞ്ഞിക്കരയില്‍ ജനിച്ച അദ്ദേഹം എറണാകുളം സെന്റ് ആല്‍ബര്‍ട്ട് കോളേജ്, ബീഹാറിലെ മിഥില യൂണിവേഴ്‌സിറ്റി തിരുവനന്തപുരം ലോ അക്കാദമി, എറണാകുളം ലോകോളേജ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. കേരള ഗ്രന്ഥശാലാ സംഘം സംസ്ഥാന പ്രതിനിധി, കേരളസര്‍വകലാശാല സ്റ്റുഡന്റ്‌സ് കൗണ്‍സില്‍ സെക്രട്ടറി എന്നീ നിലകളിലും പ്രവര്‍ത്തിച്ചു.
സൈമണ്‍ ബ്രിട്ടോ മകള്‍ കയീനിലയോടൊപ്പം…
എസ്.എഫ്.ഐ മുന്‍ സംസ്ഥാന വൈസ്പ്രസിഡന്റായിരിക്കെ 1983 കാലത്ത് കുത്തേറ്റ് അരയ്ക്ക് താഴെ തളര്‍ന്നതിനെ തുടര്‍ന്ന് വീല്‍ചെയറിലായിരുന്നു പിന്നീടുള്ള ജീവിതം. 2006-11 കാലത്ത് കേരള നിയമസഭയിലെ ആംഗ്ലോ ഇന്ത്യന്‍ പ്രതിനിധിയായിരുന്നു. സമീപകാലത്ത് നടത്തിയ യാത്രയുമായി ബന്ധപ്പെട്ടുള്ള യാത്രാവിവിരണത്തിന്റെ പണിപ്പുരയിലായിരുന്നു അദ്ദേഹം.
കൊലപാതക രാഷ്ട്രീയത്തിന്റെ ജീവിച്ചിരുന്ന രക്തസാക്ഷിയായിരുന്നു സൈമണ്‍ ബ്രിട്ടോ. 1983 ഒക്ടോബര്‍ 14 നാണ് നട്ടെല്ല്, കരള്‍, ഹൃദയം, ശ്വാസകോശം എന്നിവിടങ്ങളില്‍ കുത്തേറ്റ് എറണാകുളം ജനറല്‍ ആശുപത്രിയില്‍ ബ്രിട്ടോ പിടഞ്ഞുവീണത്. എസ്എഫ്‌ഐ സംസ്ഥാന വൈസ് പ്രസിഡന്റും ലോ കോളജ് വിദ്യാര്‍ഥിയുമായിരുന്നു അന്നു ബ്രിട്ടോ.
മഹാരാജാസ് കോളജിലെ എസ്എഫ്‌ഐ– കെഎസ്‌യു സംഘട്ടനത്തില്‍ പരുക്കേറ്റ എസ്എഫ്‌ഐക്കാരെ സന്ദര്‍ശിക്കാന്‍ ജനറല്‍ ആശുപത്രിയില്‍ എത്തിയപ്പോഴായിരുന്നു ആക്രമണം. കെഎസ്‌യു പ്രവര്‍ത്തകര്‍ ബ്രിട്ടോയുടെ മുതുകിനു കുത്തുകയായിരുന്നു. അതിനു ശേഷം വീല്‍ചെയറിലായിരുന്നു ബ്രിട്ടോയുടെ ജീവിതം.
ഒന്നും നേടാനില്ലെന്നറിഞ്ഞുതന്നെ ബ്രിട്ടോയുടെ ജീവിതത്തിലേക്കു പിന്നീട് സീന ഭാസ്‌കര്‍ എന്ന യുവനേതാവ് സഖാവായെത്തി. ബിരുദത്തിനു പഠിക്കുമ്പോഴായിരുന്നു എസ്എഫ്‌ഐ സംസ്ഥാന കമ്മിറ്റി അംഗമായിരുന്ന സീന ഭാസ്‌കറിന്റെയും ബ്രിട്ടോയുടെയും വിവാഹം. സീന പിന്നീടു ഡിവൈഎഫ്‌ഐ സംസ്ഥാന കമ്മിറ്റി അംഗവും സിപിഎം ബ്രാഞ്ച് സെക്രട്ടറിയും ലോക്കല്‍ കമ്മിറ്റി അംഗവുമായി. മകള്‍: കയീനില.