ഒടിയന്‍ പൊട്ടിയെന്ന് ആരോപിക്കുന്നവര്‍ എം പത്മകുമാറിനടുത്തുപോയി വിമര്‍ശനം നടത്തട്ടെ. ‘ജോസഫ് അതിമനോഹരമായി ചെയ്തു, ഒടിയന്‍ എന്തുകൊണ്ട് മോശമായി ചെയ്തു’ ശ്രീകുമാര്‍ മേനോന്‍

ഒടിയന്‍ ചിത്രീകരണ വേളയില്‍ തന്നെ മുഴങ്ങികേട്ട വിവാദമായിരുന്നു എം പത്മകുമാറാണ് ഒടിയന്റെ ഭൂരിഭാഗം രംഗങ്ങളും പൂര്‍ത്തിയാക്കിയതെന്ന്. നിര്‍മാതാവ് ആന്റണി പെരുമ്പാവൂരും ശ്രീകുമാര്‍ മേനോനും തമ്മില്‍ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നതെന്നും ഒടിയന്‍ മികച്ച രീതിയില്‍ പൂര്‍ത്തിയാക്കാന്‍ ശ്രീകുമാര്‍ മേനോന് സാധിക്കില്ലെന്ന് മനസിലാക്കിയ നിര്‍മാതാവ് പത്മകുമാറിനെ വിളിച്ചു വരുത്തിയെന്നൊക്കെയായിരുന്നു സമൂഹമാധ്യമങ്ങളിലൂടെ ഒരു കൂട്ടര്‍ പ്രചരിപ്പിച്ചിരുന്നത്.ശ്രീകുമാര്‍ മേനോനെ മൂലയ്ക്ക് ഇരുത്തി പത്മകുമാറാണ് ചിത്രം സംവിധാനം ചെയ്തത് എന്നായിരുന്നു ഒടിയന്റെ റിലീസിന്റെ തലേ ദിവസം വരെ പ്രചരിച്ചിരുന്നത്.
ഈ ചോദ്യത്തിനും ഇന്നലെ ഉത്തരമുണ്ടായി. ‘പത്മകുമാറാണ് ഈ ചിത്രം സംവിധാനം ചെയ്‌തെന്ന് വിശ്വസിക്കുന്ന ഒരുകൂട്ടമുണ്ട്. ഒടിയന്‍ പൊട്ടിയെന്ന് ആരോപിക്കുന്നവര്‍ ആ സംവിധായകന്റെ അടുത്തുപോയി വിമര്‍ശനം നടത്തട്ടെ. ‘ജോസഫ് അതിമനോഹരമായി ചെയ്തു, ഒടിയന്‍ എന്തുകൊണ്ട് മോശമായി ചെയ്തു’ എന്ന് ഇക്കൂട്ടര്‍ അദ്ദേഹത്തോട് ചോദിക്കൂ.പ്രസ് ക്ലബിന്റെ മുഖാമുഖത്തില്‍ ശ്രീകുമാര്‍ മേനോന്‍ പൊട്ടിത്തെറിച്ചു.
മഞ്ജു വാരിയരെ താന്‍ സഹായിക്കാന്‍ തുടങ്ങിയപ്പോള്‍ മുതല്‍ ആരംഭിച്ച ആക്രമണത്തിന്റെ ഭാഗമാണ് ‘ഒടിയന്‍’ സിനിമയ്‌ക്കെതിരായുള്ള സൈബര്‍ ആക്രമണമെന്നും ഇതിനെതിരെ മഞ്ജു പ്രതികരിക്കണമെന്നുമുള്ള നിലപാടും അദ്ദേഹം ആവര്‍ത്തിക്കുകയുണ്ടായി. മഞ്ജു അഭിനയിച്ച മുന്‍ചിത്രങ്ങളുടെ സംവിധായകര്‍ക്കു നേരെ സൈബര്‍ ആക്രമണം എന്തു കൊണ്ടുണ്ടായില്ലെന്ന് ആലോചിച്ചാല്‍ തന്നെ കാര്യങ്ങള്‍ വ്യക്തമാകുമെന്നും അദ്ദേഹം പറയുന്നു.
ഇതിനു പിന്നില്‍ ആരാണെന്നു തെളിവ് ലഭിക്കാത്തതിനാല്‍ വ്യക്തിപരമായ ആരോപണം ഉന്നയിക്കുന്നില്ല.രണ്ടാമൂഴം അടുത്ത വര്‍ഷം പകുതിയോടെ ആരംഭിക്കാന്‍ സാധിക്കുമെന്നു കരുതുന്നു. എംടിയുമായുള്ളതു തര്‍ക്കമല്ല, തെറ്റിദ്ധാരണ മാത്രമാണ്. സിനിമ നീണ്ടു പോകുന്നതിലെ ആശങ്കയേ അദ്ദേഹത്തിനുള്ളൂ. തന്റെ രീതിയിലുള്ള മാസ് ചിത്രമാണ് ഒടിയന്‍. മറ്റൊരു പുലിമുരുകനാണു വേണ്ടതെങ്കില്‍ അതിനു തന്നെ കിട്ടില്ല. സാധാരണ വിചാര വികാരങ്ങള്‍ ഉള്ള ഒരു മനുഷ്യന്റെ കഥയാണിത്.
26 വര്‍ഷമായി പരസ്യരംഗത്ത് പ്രവര്‍ത്തിക്കുന്ന ആളാണ് ഞാന്‍. ഇരുന്നൂറോളം പരസ്യചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുണ്ട്. ആ അനുഭവസമ്പത്ത് മാത്രമാണ് എനിക്ക് ഒള്ളൂ. അതിനിടെയാണ് ഒടിയന്‍ എന്നെ തേടിയെത്തുന്നത്. സിനിമയുടെ തിരക്കഥാകൃത്തായ ഹരികൃഷ്ണനും ഞാനും പാലക്കാട്ടുകാരാണ്. ഞങ്ങള്‍ തമ്മിലുള്ള ചര്‍ച്ചയില്‍ ആക്‌സിമകമായി എത്തിയതാണ് ഒടിയന്‍. അതിനെ എങ്ങനെ സിനിമയിലേയ്ക്കു പറിച്ചുനടാം എന്ന ചിന്തയിലാണ് ഒടിയന്‍ സിനിമ ജനിക്കുന്നത്.

കേരളത്തിനു പുറത്തും ഒടിയന്‍ സിനിമയുടെ വിപണനം ആവശ്യമായിരുന്നു. അതിനുവേണ്ടി ഹൈപ്പ് സൃഷ്ടിച്ചു. വന്‍ ബജറ്റ് ചിത്രമായതിനാല്‍ കേരളത്തിനു പുറത്തു കൂടുതല്‍ കേന്ദ്രങ്ങള്‍ ലഭിക്കാന്‍ ഹൈപ്പ് ഉണ്ടാക്കിയതു വഴി സാധിച്ചു. നമ്മളെല്ലാം സ്വപ്നം കണ്ട വിപണി ഉണ്ടാക്കിയെടുക്കുകയായിരുന്നു ലക്ഷ്യം. അര്‍ജുന്‍ റെഡ്ഡി എന്ന തെലുങ്ക് പടം കേരളത്തില്‍ മൂന്നുകോടി കലക്ട് ചെയ്തു. അതുപോലെ തന്നെ ഹിന്ദിസിനിമകളും. വിജയ് ചിത്രം 16 കോടിയാണ് കേരളത്തില്‍ നിന്നും വാരുന്നത്. മലയാളത്തെ സംബന്ധിച്ചടത്തോളം ഇത് സങ്കടകരമായ കാര്യമാണ്. എന്നാല്‍ ഇതുപോലെയുളള സ്വീകാര്യത മലയാളസിനിമകള്‍ക്ക് അന്യസംസ്ഥാനങ്ങളില്‍ ലഭിക്കുന്നുണ്ടോ? അവിടെയൊക്കെ മലയാളത്തിന് കൂടി 80 ലക്ഷം രൂപ കലക്ഷന്‍ ലഭിക്കുമായിരിക്കും.
പ്രമേയമായാലും അവതരണത്തിലായാലും മലയാളത്തിന് കേരളത്തിനു പുറത്ത് വലിയൊരു മാര്‍ക്കറ്റ് അര്‍ഹിക്കുന്നുണ്ട്. അത് എന്തുകൊണ്ട് കിട്ടുന്നില്ലെ എന്നു ചോദിച്ചാല്‍, മാര്‍ക്കറ്റിങിന്റെ കുറവാണെന്നാണ് ഞാന്‍ പറയൂ. ആ തിരിച്ചറിവ് നിങ്ങള്‍ക്ക് ഉണ്ടാകണം. ആ മേഖലയില്‍ റിസര്‍ച്ച് നടത്തിയാണ് ഞാന്‍ ഒടിയനില്‍ ഉപയോഗിച്ചത്. ശ്രീകുമാര്‍ മേനോന്‍ പറഞ്ഞു.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7