ഒടിയനെ കൂവിത്തോല്‍പ്പിക്കാന്‍ സാധിക്കില്ല; ചിത്രം മാസ് തന്നെ!

തിരുവനന്തപുരം: ഒടിയനെ കൂവിത്തോല്‍പ്പിക്കാന്‍ സാധിക്കില്ലെന്ന് സംവിധായകന്‍ വി.എ.ശ്രീകുമാര്‍ മേനോന്‍. നടി മഞ്ജു വാരിയരെ താന്‍ സഹായിക്കാന്‍ തുടങ്ങിയപ്പോള്‍ മുതല്‍ ആരംഭിച്ച ആക്രമണത്തിന്റെ ഭാഗമാണ് ‘ഒടിയന്‍’ സിനിമയ്‌ക്കെതിരായുള്ള സൈബര്‍ ആക്രമണമെന്നും ഇതിനെതിരെ മഞ്ജു പ്രതികരിക്കണമെന്നുമുള്ള നിലപാട് ആവര്‍ത്തിച്ചു. മഞ്ജു അഭിനയിച്ച മുന്‍ചിത്രങ്ങളുടെ സംവിധായകര്‍ക്കു നേരെ സൈബര്‍ ആക്രമണം എന്തു കൊണ്ടുണ്ടായില്ലെന്ന് ആലോചിച്ചാല്‍ തന്നെ കാര്യങ്ങള്‍ വ്യക്തമാകും. ഈ ചിത്രത്തെ കൂവിത്തോല്‍പ്പിക്കാന്‍ സാധിക്കില്ലെന്നും പ്രസ് ക്ലബിന്റെ മുഖാമുഖത്തില്‍ അദ്ദേഹം പറഞ്ഞു

ഇതിനു പിന്നില്‍ ആരാണെന്നു തെളിവ് ലഭിക്കാത്തതിനാല്‍ വ്യക്തിപരമായ ആരോപണം ഉന്നയിക്കുന്നില്ല. രണ്ടാമൂഴം അടുത്ത വര്‍ഷം പകുതിയോടെ ആരംഭിക്കാന്‍ സാധിക്കുമെന്നു കരുതുന്നു. എംടിയുമായുള്ളതു തര്‍ക്കമല്ല, തെറ്റിദ്ധാരണ മാത്രമാണ്. സിനിമ നീണ്ടു പോകുന്നതിലെ ആശങ്കയേ അദ്ദേഹത്തിനുള്ളൂ. തന്റെ രീതിയിലുള്ള മാസ് ചിത്രമാണ് ഒടിയന്‍. മറ്റൊരു പുലിമുരുകനാണു വേണ്ടതെങ്കില്‍ അതിനു തന്നെ കിട്ടില്ല. സാധാരണ വിചാര വികാരങ്ങള്‍ ഉള്ള ഒരു മനുഷ്യന്റെ കഥയാണിത്.
50 കോടിക്കടുത്തു ചെലവു വന്ന വന്‍ ബജറ്റ് ചിത്രമായതിനാല്‍ കേരളത്തിനു പുറത്തു കൂടുതല്‍ സെന്ററുകള്‍ ലഭിക്കാന്‍ ഹൈപ്പ് ഉണ്ടാക്കിയതു വഴി സാധിച്ചു. ചിത്രത്തിന് ഇതുവരെ 39.14 കോടി കളക്ഷന്‍ ലഭിച്ചു. താനൊരു ശരാശരി സംവിധായകനാണെന്നും ചോദ്യങ്ങള്‍ക്കു മറുപടിയായി ശ്രീകുമാര്‍ മേനോന്‍ പറഞ്ഞു.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7