ഒടിയന്‍ സിനിമയ്ക്കു പിന്നില്‍ ഗൂഢാലോചനയുണ്ട് ; വിവാദത്തിന് പിന്നില്‍ ആരാണെന്ന് അറിയാമെന്നും ഭാഗ്യലക്ഷ്മി…

കൊച്ചി: ഒടിയന്‍ സിനിമയ്ക്കു പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് ഭാഗ്യലക്ഷ്മി. വിവാദത്തിന് പിന്നില്‍ ആരാണെന്ന് അറിയാമെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു. പ്രതീക്ഷകള്‍ക്കൊത്ത് ഉയര്‍ന്നില്ലെന്ന കാരണം കൊണ്ട് സിനിമയെ താഴ്ത്തിക്കെട്ടുന്നത് ശരിയാണോ എന്ന് പുന:പരിശോധിക്കണമെന്ന് നീരജ് മാധവും പറഞ്ഞിരുന്നു.
അതേസമയം കളക്ഷനില്‍ ഒടിയന്‍ സര്‍വ്വകാല റെക്കാര്‍ഡ് തീര്‍ത്തു. മോഹന്‍ലാല്‍ എന്ന താരത്തിന് രാജ്യത്തിന് അകത്തും പുറത്തും ഉള്ള താരപദവി സൂപ്പര്‍ സ്റ്റാര്‍ പട്ടത്തിന് അപ്പുറമാണെന്ന് തെളിയിച്ച കളക്ഷന്‍ റെക്കോര്‍ഡാണ് പുറത്തു വരുന്നത്.ആദ്യ ദിവസം തന്നെ 33 കോടി രൂപയാണ് കളക്ഷന്‍ നേടിയത്.
സമൂഹമാധ്യമങ്ങളില്‍ ഒടിയന്‍ സിനിമയ്ക്കെതിരെയും തനിക്കെതിരെയും സൈബര്‍ ആക്രമണങ്ങള്‍ ഉണ്ടാകുമെന്നും നേരത്തെ അറിയാമായിരുന്നുവെന്ന് ചിത്രത്തിന്റെ സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ പറഞ്ഞിരുന്നു.
അതേസമയം മലയാള സിനിമാ പ്രേക്ഷകര്‍ ഏറ്റവും കൂടുതല്‍ പ്രതീക്ഷയര്‍പ്പിച്ച ചിത്രമായിരുന്നു ഒടിയന്‍. ചിത്രം ആദ്യദിനത്തില്‍ കണ്ട ആരാധകരെ തൃപ്തിപ്പെടുത്തിയില്ല. ഇതിനാല്‍ സംവിധായകന്‍ ശ്രീകുമാര്‍ മേനോന്റെ ഫെയ്‌സ്ബുക്ക് പേജില്‍ ആരാധകരുടെ പൊങ്കാലയും നടന്നിരുന്നു. എന്നാല്‍ രണ്ടാദിവസത്തോടെ അവസ്ഥയ്ക്ക് മാറ്റം വന്നു തുടങ്ങിയിരുന്നു.
ചിത്രത്തേക്കുറിച്ച് മികച്ച അഭിപ്രായങ്ങളാണ് ഇന്നലെയും ഇന്നും പുറത്തുവരുന്നത്. ശ്രീകുമാര്‍ മേനോന്റെ അവകാശവാദങ്ങള്‍ മാത്രമാണ് പ്രശ്‌നം എന്നത് പ്രേക്ഷകര്‍ ഒരേ സ്വരത്തില്‍ പറയുന്നു. ആരാധകര്‍ക്കുള്ള എല്ലാ വിഭവങ്ങളുമുണ്ട്, മോഹന്‍ലാല്‍ എല്ലാ അവാര്‍ഡുകളും വാരിക്കൂട്ടും എന്നിങ്ങനെ ‘വേറെ ലെവല്‍’ ആയിരുന്നു ശ്രീകുമാര്‍ മേനോന്റെ ‘തള്ളുകള്‍’.
ചിത്രത്തിന് അതിന്റേതായ ഗുണമേന്മയുണ്ട് എന്ന യാഥാര്‍ഥ്യം തിരിച്ചറിഞ്ഞാണ് ഇപ്പോള്‍ നിരൂപണങ്ങള്‍ വരുന്നത്. ഹാര്‍ഡ്‌കോര്‍ മോഹന്‍ലാല്‍ ആരാധകര്‍ ചിത്രത്തെ കയ്യൊഴിഞ്ഞപ്പോള്‍ നിഷ്പക്ഷമായി സിനിമയെ സമീപിക്കുന്നവര്‍ ഒടിയനെ നല്ല ചിത്രമായി വിലയിരുത്തുന്നു.
മോഹന്‍ലാല്‍ എന്ന നടന്റെ അസാമാന്യ പ്രകടനമാണ് ചിത്രത്തിലുടനീളം കാണാന്‍ സാധിക്കുന്നത്. രണ്ട് ഗെറ്റപ്പുകളിലായി മികച്ച രീതിയില്‍ മോഹന്‍ലാല്‍ ഒടിയന്‍ മാണിക്യനെ അവതരിപ്പിച്ചിരിക്കുന്നു. ലാലിന്റെ കരിയറിലെ ഏറ്റവും മികച്ച പ്രകടനങ്ങളിലൊന്നാണ് അദ്ദേഹം പുറത്തെടുത്തത് എന്ന് നിസ്സംശയം പറയാം. ഇതാണ് ഒടിയന്‍ എന്ന ചിത്രത്തിന്റെ നട്ടെല്ല്.
മഞ്ജു വാര്യരും പ്രകാശ് രാജും മികച്ച പ്രകടനങ്ങളിലൂടെ മനസുകള്‍ കീഴടക്കുന്നുണ്ട്. അഭിനയിച്ചവരാരും മോശമാക്കിയില്ല. മികച്ച ഗാനങ്ങള്‍, മികച്ച പശ്ചാത്തല സംഗീതം, ക്യാമറ എന്നിവയെല്ലാം ചേര്‍ന്ന് സാങ്കേതിക മികവിന്റെ ഉദാഹരണമാണ് ഒടിയന്‍. തരക്കേടില്ലാത്ത വിഎഫ്എക്‌സ് കുറ്റം പറയിപ്പിക്കുന്നില്ല. ചുരുക്കത്തില്‍ പണവും സമയവും നഷ്ടമാക്കാത്ത ഒരു നല്ല സൃഷ്ടിതന്നെയാണ് ഒടിയന്‍ എന്നതില്‍ തര്‍ക്കമില്ല.
ബോക്‌സോഫീസിലും ഒടിയന് കുലുക്കമില്ല. ഇന്ത്യയില്‍ നിന്ന് മാത്രം 16.48 കോടി രൂപയാണ് ചിത്രം വാരിയത്. വിദേശ രാജ്യങ്ങളില്‍നിന്ന് 11.78 കോടിയും കളക്ഷന്‍ നേടി. ഇതോടെ ആദ്യദിന കളക്ഷന്‍ സംബന്ധിച്ച എല്ലാ കേരളാ, മലയാള സിനിമാ റെക്കോര്‍ഡുകളും ഒടിയന്‍ തന്റെ പേരിലാക്കി. ദിവസം 12000 ഷോകളാണ് അണിയറ പ്രവര്‍ത്തകര്‍ ലക്ഷ്യമിടുന്നത്.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7