ശബരിമലയിലെ സ്ഥിതി പരിതാപകരം; എജിയ്ക്ക് കോടതിയുടെ രൂക്ഷ വിമര്‍ശനം,നിരോധനാജ്ഞ ചോദ്യം ചെയ്തുള്ള ഹര്‍ജിയില്‍ ഹര്‍ജിക്കാരനും വിമര്‍ശനം

കൊച്ചി: ശബരിമലയിലെ സ്ഥിതി പരിതാപകരമെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. അഡ്വക്കേറ്റ് ജനറലിനെ (എജി) രൂക്ഷമായി വിമര്‍ശിച്ച കോടതി, രേഖാമൂലം ഉത്തരവിടാത്തത് നിങ്ങളിലുള്ള വിശ്വാസം കൊണ്ടാണെന്നും വ്യക്തമാക്കി. കഴിഞ്ഞ ദിവസം കോടതി ഡിജിപിക്ക് കത്തയച്ചത് എന്ത് അടിസ്ഥാനത്തിലാണ്? കോടതി നിര്‍ദേശങ്ങള്‍ താങ്കള്‍ക്കു മനസ്സിലായോ? നടപ്പന്തലില്‍ സംഭവിച്ച കാര്യങ്ങളുടെ സിസിടിവി ദൃശ്യം ഹാജരാക്കേണ്ടിവരും. ഡിജിപിയുടെ വിശദീകരണം ലഭിച്ചശേഷം രേഖാമൂലം ഉത്തരവിടാം. നിരോധനാജ്ഞ നടപ്പാക്കിയത് ശരിയായ രീതിയിലാണോ? നിരോധനാജ്ഞയുടെ പേരിലുള്ള നിയന്ത്രണങ്ങള്‍ നിയമപരമാണോ? ചില പൊലീസ് ഉദ്യോഗസ്ഥര്‍ നിയമം കയ്യിലെടുക്കുന്നു. മുംബൈയില്‍നിന്നുവന്ന ഭക്തര്‍ മടങ്ങിപ്പോയത് എന്തുകൊണ്ടാണെന്നും കോടതി ചോദിച്ചു. ആരെയും പഴിചാരാന്‍ ഉദ്ദേശിക്കുന്നില്ല. എല്ലാവര്‍ക്കും ഉത്തരവാദിത്തമുണ്ട്. ശബരിമലയില്‍ പ്രതിഷേധക്കാരനെന്ന് സംശയിക്കുന്നവര്‍ക്കെല്ലാം പൊലീസ് നോട്ടിസ് നല്‍കുന്നെന്നു കാണിച്ചു സമര്‍പ്പിച്ച ഹര്‍ജിയില്‍ കോടതി സര്‍ക്കാരിനോടു വിശദീകരണം തേടിയിരുന്നു. എജി നല്‍കിയ വിശദീകരണത്തിലാണ് ഇത്തരത്തില്‍ കോടതി നിരീക്ഷണം നടത്തിയത്. അതേസമയം, ശബരിമലയിലെ നിരോധനാജ്ഞ ചോദ്യം ചെയ്തുള്ള ഹര്‍ജിയില്‍ ഹര്‍ജിക്കാരനും ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം നേരിടേണ്ടി വന്നു. സര്‍ക്കാര്‍ കോടതിയില്‍ രേഖയായി സമര്‍പ്പിച്ച ബിജെപി സര്‍ക്കുലര്‍ എടുത്തു കാണിച്ചുകൊണ്ടാണു ഹര്‍ജിക്കാരനെതിരെ ഹൈക്കോടതി വിമര്‍ശനം ഉന്നയിച്ചത്. ശബരിമലയില്‍ എത്തേണ്ടവര്‍ക്കു പ്രത്യേക പരിശീലനം നല്‍കുമെന്നു സര്‍ക്കുലറില്‍ പറയുന്നത് എന്താണ് എന്നു ചോദിച്ച കോടതി കൊണ്ടുവരേണ്ട സാധന സാമഗ്രികള്‍ എന്തൊക്കെയാണെന്നും എറിയാനുള്ള തേങ്ങയാണോ എന്നും അതു പരിശോധിക്കാന്‍ പൊലീസിന് ഉത്തരവാദിത്തമില്ലേ എന്നും ചോദിച്ചു.
ശബരിമലയില്‍ നടപ്പാക്കിയ നിരോധനാജ്ഞയുടെ വിവരങ്ങള്‍ സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ഹാജരാക്കിയിട്ടുണ്ട്. രാവിലെ ഇതുസംബന്ധിച്ച വിവരങ്ങള്‍ അറിയിക്കാന്‍ സര്‍ക്കാരിനോട് കോടതി ആവശ്യപ്പെട്ടിരുന്നു. ഐജിയുടെ റിപ്പോര്‍ട്ടും ശബരിമലയില്‍ സംഘമായി എത്താനുള്ള ബിജെപി സര്‍ക്കുലറും ഉള്‍പ്പെടെയാണ് എജി ഹൈക്കോടതിയില്‍ വിവരങ്ങള്‍ സമര്‍പ്പിച്ചത്.
തുലാമാസ പൂജകള്‍ക്കിടയിലും ചിത്തിര ആട്ട വിശേഷത്തിനിടയിലും ശബരിമലയില്‍ സംഘര്‍ഷങ്ങള്‍ ഉണ്ടാക്കി. തുടര്‍ന്ന് മണ്ഡല കാലത്തും സംഘര്‍ഷമുണ്ടാകുമെന്ന് രഹസ്യാന്വേഷണ മുന്നറിയിപ്പുണ്ടായിരുന്നു. സന്നിധാനത്ത് പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കാനായിരുന്നു രാഷ്ട്രീയപ്പാര്‍ട്ടികളുടെ നീക്കം. അതിന്റെ പശ്ചാത്തലത്തിലാണു പൊലീസിനെ വിന്യസിക്കുകയും നിയന്ത്രണങ്ങളും പരിശോധനകളും കര്‍ശനമാക്കുകയും ചെയ്തത്. നേരത്തെ സംഘര്‍ഷമുണ്ടാക്കിയവരുടെ പട്ടിക തയാറാക്കിയിരുന്നതായും സര്‍ക്കാര്‍ കോടതിയില്‍ അറിയിച്ചു

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7