നെടുമ്പാശ്ശേരി: പ്രതിഷേധത്തെ തുടര്‍ന്ന് കൊച്ചി നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ കുടുങ്ങിയ ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായിയുമായി സര്‍ക്കാര്‍ ചര്‍ച്ച നടത്തി. സംസ്ഥാന സര്‍ക്കാറിന് വേണ്ടി ആലുവ തഹസില്‍ദാര്‍ ആണ് ചര്‍ച്ച നടത്തിയത്. എന്നാല്‍ ശബരിമല ദര്‍ശനം നടത്താതെ മഹാരാഷ്ട്രയിലേക്ക് തിരികെ പോകില്ലെന്ന ഉറച്ച നിലപാടിലാണ് തൃപ്തി ദേശായി.
ഇതിനിടെ സിയാല്‍ അധികൃതര്‍ പൊലീസുമായി ചര്‍ച്ച നടത്തി. തൃപ്തിക്കെതിരായ പ്രതിഷേധം സിയാലിന്റെ പ്രവര്‍ത്തനങ്ങളെ ബാധിക്കുന്നുവെന്ന ആശങ്ക ഇവര്‍ പോലീസിനെ അറിയിച്ചു. തൃപ്തി പ്രശ്‌നത്തില്‍ എത്രയും വേഗത്തില്‍ തീരുമാനമെടുക്കണമെന്ന് സിയാല്‍ പോലീസിനോട് ആവശ്യപ്പെട്ടു. ഇതേ തുടര്‍ന്ന് പോലീസ് തൃപ്തിയുമായി വീണ്ടും ചര്‍ച്ച നടത്തുകയാണ്.
ഇന്ന് രാവിലെ നാല് മണിയോടുകൂടിയാണ് ഇന്റിഗോ വിമാനത്തില്‍ തൃപ്തി ദേശായി നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയത്. ഇതേസമയം തന്നെ പ്രതിഷേധക്കാര്‍ വിമാനത്താവളത്തിന് പുറത്ത് സംഘടിച്ചിരുന്നു. കഴിഞ്ഞ ഒന്പത് മണിക്കൂറായി തൃപ്തി ദേശായി നെടുമ്പാശ്ശേരി വിമാനത്താവളത്തിനകത്ത് തന്നെയാണ്. ഇവരോടൊപ്പം ശബരിമല ദര്‍ശനത്തിനായി എത്തിയ മറ്റ് ആറ് സ്ത്രീകളും ഇവരോടൊപ്പമുണ്ട്.
എന്നാല്‍ തൃപ്തിയെ മടക്കി അയക്കാതെ പ്രതിഷേധം നിര്‍ത്തില്ലെന്ന നിലപാടിലാണ് പ്രതിഷേധക്കാര്‍. ശബരിമല ദര്‍ശനത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് തൃപ്തി ദേശായി തന്റെ ഫേസ്ബുക്ക് ലൈവില്‍ പറഞ്ഞു. പൊലീസ് സംരക്ഷണം നല്‍കുമെന്ന ഉറപ്പ് തനിക്ക് കിട്ടിയിരുന്നെന്നും എന്നാല്‍ കൊച്ചിയില്‍ പോലും തന്റെ സഞ്ചാര സ്വാതന്ത്ര്യം നിഷേധിക്കുന്നത് ദൗര്‍ഭാഗ്യകരമാണെന്നും അവര്‍ പറഞ്ഞു.
പ്രതിഷേധക്കാര്‍ തന്നെ അക്രമിക്കാന്‍ വരുന്നതിനാല്‍ വിമാനത്താവളത്തില്‍ തന്നെ നില്‍ക്കുകയാണ്. എന്നാല്‍ ശബരിമലയില്‍ ദര്‍ശനം നടത്താതെ താന്‍ മഹാരാഷ്ട്രയിലേക്ക് തിരിച്ച് പോകില്ലെന്നും അവര്‍ നെടുമ്പാശേരി വിമാത്താവളത്തില്‍ നിന്നുള്ള തന്റെ ഫേസ്ബുക്ക് ലൈവില്‍ പറഞ്ഞു.