മുംബൈ: അര്ജുന് കപൂറും മല്ലിക അറോറയും പ്രണയത്തിലാണെന്ന് നേരത്തെ സിനിമ മാധ്യമങ്ങളില്‍ വാര്‍ത്ത വന്നിരുന്നു. ഇരുവരും വിവാഹിതരാകാന്‍ പോകുന്നുവെന്നാണ് പുതിയ റിപ്പോര്‍ട്ട്. ഫിലിം ഫെയര്‍ മാസികയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. അര്ജുന് കപൂറും മലൈക അറോറയും തമ്മില്‍ പ്രണയത്തിലാണെന്ന ഗോസിപ്പ് പരക്കാന്‍ തുടങ്ങിയിട്ട് കുറച്ചുനാളുകളായി. ഊഹാപോഹങ്ങളെ ശരിവയ്ക്കുന്ന വിധം ഇരുവരെയും പലസ്ഥലത്തും വച്ച് കണ്ടിട്ടുമുണ്ട്. ഇപ്പോള്‍ അടുത്ത വര്‍ഷം ഇവര്‍ വിവാഹിതരാകാന്‍ പോവുകയാണെന്ന വിവരമാണ് പുറത്തു വരുന്നത്. ദേശീയ തലത്തില്‍ ശ്രദ്ധയമായ ഫിലിം ഫെയര്‍ മാസികയാണ് വാര്‍ത്ത പുറത്തു വിട്ടത്.
ഈയിടെ തന്റെ പുതിയ ചിത്രം നമസ്തേ ഇംണ്ടിന്റെ പ്രചാരണാര്‍ഥം അര്ജുന് കപൂര്‍ ഒരു റിയാലിറ്റി ഷോയില്‍ അതിഥിയായി എത്തി. പരിനീതി ചോപ്രയും അര്‍ജുനൊപ്പം ഉണ്ടായിരുന്നു. കരണ്‍ ജോഹറും മലൈക അറോറയും കിരോണ്‍ ഖേഹറും വിധികര്‍ത്താക്കളാകുന്ന ഷോയില്‍ അര്ജുന് എത്തിയതോടെ വീണ്ടും ഗോസിപ്പുകള്‍ ശക്തമായി. സ്റ്റേജില്‍ മത്സരാര്‍ഥിയുടെ കൈപിടിച്ച് മലൈകയും അര്‍ജുനും നൃത്തം ചെയ്തിരുന്നു.
45 കാരിയായ മലൈക 2016ല്‍ അര്‍ബാസ് ഖാനില്‍ നിന്നു വിവാഹമോചനം നേടിയിരുന്നു. ഇതിനുപിന്നാലെ മലൈക 33 കാരനായ അര്‍ജുനുമായി ലിവിങ് റിലേഷനിലാണെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിക്കാനും തുടങ്ങി. കഴിഞ്ഞ മാസം നടന്ന ലാക്മേ ഫാഷന്‍ വീക്കില്‍ അര്‍ജുനും മലൈകയും ഒന്നിച്ചിരിക്കുന്ന ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. ഇരുവരും കാറില്‍ സഞ്ചരിക്കുന്ന ചിത്രങ്ങളും സമൂഹമാധ്യമങ്ങള്‍ ആഘോഷമാക്കിയിരുന്നു.
അര്‍ബാസ് ഖാനും മലൈക അരോറയും വിവാഹമോചിതരാകാന്‍ പ്രധാനകാരണം നടിയ്ക്ക് അര്ജുന് കപൂറുമായുള്ള ബന്ധമാണെന്ന് റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. ഈ വിഷയത്തില്‍ പ്രതികരണവുമായി ആരും രംഗത്തെത്തിയതുമില്ല.
അര്‍ബാസുമായി പിരിഞ്ഞ ശേഷവും മലൈകയും അര്‍ജുനും കൂടിക്കാഴ്ച നടത്തുന്നുണ്ടായിരുന്നു. പലസ്ഥലങ്ങളിലും ഇരുവരെ ഒരുമിച്ച് കാണാന്‍ തുടങ്ങി. മലൈകയുമായുള്ള മകന്റെ ബന്ധത്തില്‍ അതൃപ്തി പ്രകടിപ്പിച്ച് അര്‍ജുന്റെ പിതാവ് ബോണി കപൂര്‍ രംഗത്തെത്തിയതും വാര്‍ത്തയായിരുന്നു. പിതാവുമായി അകലാന്‍ കാരണമായതും ഈ ബന്ധമാണ്. കൂടാതെ സല്മാന് ഖാനും ഈ വിഷയത്തില്‍ അര്‍ജുനോട് അതൃപ്തി ഉണ്ടായിരുന്നു.
എന്നാല്‍ അര്ജുന് തന്റെ ഏറ്റവും അടുത്ത സുഹൃത്ത് ആണെന്നും എന്നാല്‍ ആളുകള്‍ മറ്റൊരു തരത്തിലാണ് തങ്ങളുടെ സൗഹൃദത്തെ വ്യാഖ്യാനിക്കുന്നതെന്നുമാണ് ഗോസിപ്പുകളോട് മലൈക പ്രതികരിച്ചിരുന്നത്.