ജലന്ധര്‍ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ മൊഴി നല്‍കിയ വൈദികനെ മരിച്ച നിലയില്‍ കണ്ടെത്തി. ഫാ. കുര്യാക്കോസ് കാട്ടുതറ (60)യെയാണ് ജലന്ധറില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. ഭോഗ്പുരിലെ പള്ളിയിലെ സ്വന്തം മുറിയില്‍ മരിച്ച നിലയിലാണ് ഫാ. കുര്യാക്കോസിനെ കണ്ടെത്തിയത്. മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ഒരുവിഭാഗം വൈദികരും ബന്ധുക്കളും ആരോപിച്ചു.
ഫാ. കുര്യാക്കോസ് കാട്ടുതറയ്ക്ക് ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നതായാണ് റിപ്പോര്‍ട്ട്. അദ്ദേഹത്തെ രൂപതയുടെ ചുമതലകളില്‍നിന്ന് മാറ്റിനിര്‍ത്തിയിരിക്കുകയായിരുന്നു. മരണത്തില്‍ ദുരൂഹതയുണ്ടെന്നും ഫാ. കുര്യാക്കോസിന് ഭീഷണിയുണ്ടായിരുന്നെന്നും വൈദികന്റെ സഹോദരന്‍ ജോസ് കാട്ടുതറ പറഞ്ഞു.
ബിഷപ്പിനെതിരെ പരാതി ഉന്നയിച്ച കന്യാസ്ത്രീയ്ക്ക് ഫാ. കുര്യാക്കോസ് സഹായങ്ങള്‍ നല്‍കുകയും ബിഷപ്പിനെതിരെ ശക്തമായ നിലപാടെടുക്കുകയും ചെയ്തിരുന്നു. ബിഷപ്പിനെതിരെ അദ്ദേഹം മൊഴി നല്‍കുകയും ചെയ്തിരുന്നു. അദ്ദേഹത്തിന് ഗുണ്ടകളുടെ ഭീഷണിയുണ്ടായിരുന്നെന്നും താമസസ്ഥലത്തിനു നേരെ കല്ലെറിയുകയും വാഹനം തല്ലിപ്പൊളിക്കുകയും ചെയ്തിരുന്നതായും ബന്ധുക്കള്‍ ആരോപിച്ചു.
രണ്ട് ദിവസം മുമ്പ് കുര്യാക്കോസ് കാട്ടുതറയും താനുമായി സംസാരിച്ചിരുന്നുവെന്ന് മറ്റൊരു സഹോദരനായ ജോണി കാട്ടുതറ പറഞ്ഞു. ബന്ധപ്പെട്ടിരുന്നു. മരണം ദുരൂഹമാണെന്ന് അദ്ദേഹം പറഞ്ഞു അദ്ദേഹം ആശങ്കയുണ്ടെന്നും മറ്റൊരു സഹോദരന്‍ ജോണി കാട്ടുതറ പറഞ്ഞു. വണ്ടി തല്ലിപ്പൊളിച്ചു, കല്ലെറിഞ്ഞു ഇങ്ങനെയുളള കാര്യങ്ങളൊക്കെയാണ് പറഞ്ഞു. എനിക്ക് ഭയങ്കര ടെന്‍ഷനാണ് എന്ന് പറഞ്ഞിരുന്നു. ഫാദര്‍ ആരോഗ്യവനായിരുന്നുവെന്നും സംഭവത്തില്‍ പൊലീസ് അന്വേഷണം നടത്തണമെന്നും ജോണി കാട്ടുതറ പറഞ്ഞു.
ദസ്‌വയിലെ സെന്റ് പോള്‍സ് കാത്തലിക് പള്ളിയിലാണ് ഇദ്ദേഹം താമസിച്ചിരുന്നത്. ചേര്‍ത്തല പള്ളിപ്പുറം സ്വദേശിയാണ് ഫാ. കുര്യക്കോസ്. പരാതിക്കാരിയായ കന്യാസ്ത്രീ അടക്കം നിരവധി കന്യാസ്ത്രീകളുടെയും വൈദികരുടെയും അധ്യാപകന്‍ കൂടിയാണ് അദ്ദേഹം.
മുമ്പ് കന്യാസ്ത്രീകളുടെ വൊക്കേഷണല്‍ ട്രെയിനര്‍ കൂടിയായിരുന്ന തന്നോട് കന്യാസ്ത്രീകള്‍ പലതവണ ബിഷപ്പിനെതിരെ പരാതിപ്പെട്ടിട്ടുണ്ടെന്നും ഇദ്ദേഹം പറഞ്ഞിരുന്നു. രൂപതയുടെ കീഴില്‍ കന്യാസ്ത്രീകള്‍ക്കായി മിഷണറീസ് ഓഫ് ജീസസ് സ്ഥാപിച്ച മുന്‍ ബിഷപ്പ് സിംഫോറിയന്‍ കീപ്പുറത്തിനൊപ്പം പ്രവര്‍ത്തിച്ച വൈദികന്‍ കൂടിയാണ് ഫാ. കുര്യാക്കോസ് കാട്ടുതറ. ആലപ്പുഴ പള്ളിപ്പുറം സ്വദേശിയാണ്.
കന്യാസ്ത്രീയെ ബലാത്സംഗം ചെയ്തുവെന്ന കേസില്‍ നിയമ നടപടികളുമായി ഇതുവരെ സഹകരിച്ചെന്നും ഇനിയും സഹകരിക്കുമെന്നും ബിഷപ് ഫ്രാങ്കോ മുളയ്ക്കല്‍ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു.. താന്‍ തന്നെയാണ് ജലന്ധറിന്റെ ബിഷപ്പ്. കേസിന്റെ കാര്യങ്ങള്‍ വ്യക്തിപരമായി ശ്രദ്ധിക്കേണ്ടതിനാല്‍ തല്‍ക്കാലം വത്തിക്കാന്‍ അഡ്മിനിസ്‌ട്രേറ്റര്‍ രൂപതയുടെ ഭരണം നിര്‍വ്വഹിക്കും. എന്നാല്‍ വിശ്വാസികളുടെ ആത്മീയകാര്യങ്ങളില്‍ ഇടപെടുമെന്നും പ്രാര്‍ത്ഥനാ യോഗങ്ങളില്‍പങ്കെടുക്കുമെന്നും അദ്ദേഹം അറിയിച്ചു. വത്തിക്കാന്‍ ജലന്ധറില്‍ അഡ്മിനിസ്‌ട്രേറ്റര്‍ ഭരണം ഏര്‍പ്പെടുത്തിയതിനെക്കുറിച്ച് ഇപ്പോള്‍ കൂടുതല്‍ പറയുന്നില്ല. സഭ മറ്റ് കാര്യങ്ങള്‍ വിലയിരുത്തിയ ശേഷം നടപടികള്‍ കൈക്കൊള്ളുമെന്ന് പ്രതീക്ഷിക്കുന്നതായും ബിഷപ്പ് കൂട്ടിച്ചേര്‍ത്തു.
ആയിരത്തോളം വിശ്വാസികളാണ് രൂപതയില്‍ തിരിച്ചെത്തിയ ബിഷപ്പ് ഫ്രാങ്കോയെ സ്വീകരിച്ചത്. പഞ്ചാബി ഭാഷയിലുളള ദിവ്യബലി മധ്യേ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ പ്രസംഗത്തെ കയ്യടികളോടെയാണ് വിശ്വാസികള്‍ ശ്രവിച്ചത്.അറസ്റ്റുള്‍പ്പടെയുള്ള കാര്യങ്ങള്‍ ബിഷപ്പ് ഫ്രാങ്കോ വിശ്വാസികളോട് വിശദീകരിച്ചു.
ബിഷപ്പിനെതിരെ പീഡന പരാതി ഉയിച്ച കന്യാസ്ത്രി അംഗമായ എം ജെ സിസ്‌റ്റേഴ്‌സ് മദര്‍ ജനറാള്‍ സിസ്റ്റര്‍ റജീന കടാതോട്ടിലിന്റെ നേതൃത്വത്തില്‍ ബിഷപ്പിനെ സ്വീകരിക്കാന്‍ എത്തിയിരുന്നു.ബിഷപ്പ് ഫ്രാങ്കോ രൂപം കൊടുത്ത സന്യാസ സഭയായ ഫ്രാന്‍സിസ്‌കന്‍ മിഷണറീസ് ഓഫ് ജീസസിലെ വൈദികരും മലയാളി കത്തോലിക്ക സംഘടനകളും ചേര്‍ന്ന് രാജകീയ സ്വീകരണമാണ് ബിഷപ്പിനു നല്‍കിയത്.പി ആര്‍ ഓ ഫാ.പീറ്റര്‍ കാവുമ്പുറം, എഫ് എം ജെ യുടെ ചുമതല വഹിക്കുന്ന ഫാ.ആന്റണി മാടശ്ശേരി,സെന്റ് മേരീസ് കത്തീഡ്രല്‍ ദേവാലയത്തിലെ മുതിര്‍ന്ന വൈദികന്‍ ഫാ.മാത്യു ആനിക്കുഴിക്കാട്ടില്‍ എന്നിവരാണ് സ്വീകരണ പരിപാടികള്‍ക്ക് ചുക്കാന്‍ പിടിച്ചത്.
ചണ്ഡീഗഢ് വിമാനത്താവളത്തിലെത്തിയ ഫ്രാങ്കോ ബിഷപ്പ് ഹൗസിലെത്തുമ്പോള്‍ സ്വീകരിക്കാന്‍ പരമ്പരാഗത പഞ്ചാബി വാദ്യങ്ങളുമായി വിശ്വാസികള്‍ എത്തിയെങ്കിലും അഡ്മിനിസ്‌ട്രേറ്റര്‍ ബിഷപ്പ് അഗ്‌നലോ ഗ്രേഷ്യസ് ഇതിനു സമ്മതം നല്‍കിയില്ലെന്നാണ് റിപ്പോര്‍ട്ട്. നേരത്തെ ബിഷപ്പ് ഫ്രാങ്കോയ്ക്ക് ജാമ്യം ലഭിച്ച അവസരിത്തില്‍ വിശ്വാസികള്‍ രൂപതാ ആസ്ഥാനത്തിന്റെ മുറ്റത്ത് ഭംഗ്‌റ നൃത്തം ചവിട്ടിയത് വിമര്‍ശനങ്ങള്‍ക്കിടയാക്കിയ പശ്ചാത്തലത്തിലായിരുന്നു അഡ്മിനിസ്‌ട്രേറ്ററുടെ തീരുമാനം. ക്രിമിനല്‍ കേസില്‍ ജാമ്യത്തിലുള്ള ബിഷപ്പ് രൂപതാ ആസ്ഥാനത്തെത്തിയതിനെക്കുറിച്ച് പ്രതികരിക്കാന്‍ തയ്യാറല്ലെന്നായിരുന്നു അഡ്മിനിസ്‌ട്രേറ്റര്‍ ബിഷപ്പ് അഗ്‌നേലോ ഗ്രേഷ്യസിന്റെ പ്രതികരണം. ബിഷപ്പ് ഫ്രാങ്കോയെ ബിഷപ്പ് ഹൗസിന്റെ കവാടത്തിലെത്തി സ്വീകരിച്ചെങ്കിലും ബിഷപ്പ് ഫ്രാങ്കോ മുഖ്യ കാര്‍മികത്വം വഹിച്ച് സേക്രഡ് ഹാര്‍ട്ട് ദേവാലയത്തില്‍ നടത്തിയ ദിവ്യബലിയില്‍ അഡ്മിനിസ്‌ട്രേറ്റര്‍ പങ്കെടുത്തില്ല.