പ്രളയ ദുരിതാശ്വാസമായ 10,000 രൂപയ്ക്കായി വിഎസിന്റെ സഹോദര ഭാര്യ വില്ലേജ് ഓഫീസില്‍ കയറിയിറങ്ങിയത് അഞ്ച് തവണ; എന്നിട്ടും പണം കിട്ടിയില്ല

പ്രളയക്കെടുതിയില്‍ പെട്ടവര്‍ക്ക് അടിയന്തര സഹായമായി പതിനായിരം രൂപ നല്‍കുമെന്നായിരുന്നു സര്‍ക്കാര്‍ പ്രഖ്യാപനം. അത് നല്‍കിയെന്നുമാണ് സര്‍ക്കാര്‍ അവകാശപ്പെടുന്നത്. എന്നാല്‍, റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത് നേരെ മറിച്ചാണ്. മുന്‍ മുഖ്യമന്ത്രിയും ഇപ്പോഴത്തെ ഭരണപരിഷ്‌ക്കരണ കമ്മീഷന്‍ ചെയര്‍മാനും കൂടിയായ വി എസ് അച്യുതാനന്ദന്റെ സഹോദരന്റെ ഭാര്യയ്ക്ക് പോലും പ്രളയദുരിതാശ്വാസ തുക ലഭിച്ചിട്ടില്ല.

സര്‍ക്കാര്‍ സഹായം തേടി അഞ്ച് വട്ടമാണ് ഭര്‍ത്താവ് മരിച്ച വൃദ്ധ വില്ലേജ് ഓഫീസിന്റെ പടികള്‍ കയറി ഇറങ്ങിയത്. എന്നിട്ടും ദുരിതാശ്വാസം കിട്ടാക്കനിയാണ്. പ്രളയ ദുരിതാശ്വാസമായ 10,000 രൂപയ്ക്കായി വിഎസിന്റെ സഹോദരന്‍ പരേതനായ വി എസ്.പുരുഷോത്തമന്റെ ഭാര്യ പുന്നപ്ര പറവൂര്‍ അശോക് ഭവനില്‍ സരോജിനി ഇന്നലെയും പറവൂര്‍ വില്ലേജ് ഓഫിസിന്റെയും കാനറ ബാങ്ക് ശാഖയുടെയും പടി കയറി. സര്‍ക്കാര്‍ പ്രഖ്യാപിച്ച ദുരിതാശ്വാസത്തുക കിട്ടിയാല്‍ അല്‍പം ആശ്വാസമാകുമെന്നായിരുന്നു പ്രതീക്ഷ. പക്ഷേ, പണം കിട്ടാതെ നിരാശ മാത്രം ബാക്കി.

ഇന്നലെയും ബാങ്കിലെത്തി അന്വേഷിച്ചപ്പോള്‍ തുക എത്തിയില്ലെന്നായിരുന്നു മറുപടി. കഴിഞ്ഞ 4 തവണയും ഇതേ മറുപടിയും അടുത്ത ദിവസം പ്രതീക്ഷിക്കാമെന്ന ആശ്വാസവാക്കും കേട്ടാണു സരോജിനി മടങ്ങിയത്.സഹായ വിതരണം പൂര്‍ത്തിയായെന്നാണ് സര്‍ക്കാര്‍ അവകാശപ്പെടുന്നത്. പ്രളയക്കെടുതികള്‍ക്കിരയായ കുടുംബങ്ങള്‍ക്ക് 10,000 രൂപ വീതം നല്‍കുന്നതു പൂര്‍ത്തിയായെന്ന് റവന്യു വകുപ്പ് അവകാശപ്പെട്ടത് സെപ്റ്റംബര്‍ 18ന്. അഞ്ചര ലക്ഷം പേര്‍ക്കാണു സഹായം കൈമാറിയതെന്നും അറിയിച്ചു.

എന്നാല്‍ വസ്തുത മറ്റൊന്നാണെന്ന് തെളിയിക്കുന്നതാണ് വിഎസിന്റെ ബന്ധുവിന് പോലും സഹായം ലഭിച്ചില്ലെന്നതിലൂടെ വ്യക്തമാകുന്നത്.പ്രളയദുരിതാശ്വാസത്തിന്റെ പേരില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരില്‍ നിന്നായി പണം പിടിച്ചു വാങ്ങുകയും ചെയ്യുന്ന സാഹചര്യം നിലവിലുണ്ട്.സര്‍ക്കാര്‍ പ്രഖ്യാപിച്ച സഹായധനം പലര്‍ക്കും കാട്ടിതിരിക്കുന്ന സാഹചര്യത്തിന് പുറമേ പ്രളയ ബാധിതര്‍ക്കു കുടുംബശ്രീ വഴി സര്‍ക്കാര്‍ പ്രഖ്യാപിച്ച ഒരു ലക്ഷം രൂപ വരെയുള്ള വായ്പാ പദ്ധതിയും ഇഴയുന്ന അവസ്ഥയാണെന്നാണ് റിപ്പോര്‍ട്ട്.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7