കൊച്ചി: തനിക്കെതിരെ പീഡന പരാതി നല്‍കിയ കന്യാസ്ത്രീ മഠത്തിലെ സ്ഥിരം ശല്യക്കാരിയാണെന്നും പലതവണ കന്യാസ്ത്രീയെ വിളിച്ചു താക്കീത് ചെയ്തിട്ടുണ്ടെന്നും ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍. വ്യക്തിവൈരാഗ്യം മൂലമാണ് തനിക്കെതിരെ ലൈംഗികാരോപനം ഉന്നയിക്കുന്നതെന്നും ഫ്രാങ്കോ മുളയ്ക്കല്‍ പറഞ്ഞു.
മുന്‍കൂര്‍ ജാമ്യാപേക്ഷയിലാണ് കന്യാസ്ത്രീക്കെതിരെ ഗുരുതര ആരോപണം ഫ്രാങ്കോ മുളയ്ക്കല്‍ ഉന്നയിക്കുന്നത്. തനിക്കെതിരെയുള്ള പരാതിയില്‍ ഗൂഢാലോചനയുണ്ടെന്നും ബിഷപ്പ് ആരോപിച്ചു.
കന്യാസ്ത്രീയും കുടുംബവും ചേര്‍ന്ന് തന്നെ ഭീഷണിപ്പെടുത്തിയെന്നും ബിഷപ്പ് ആരോപിക്കുന്നുണ്ട്. കേരളത്തില്‍ കാലുകുത്തിയാല്‍ കൈകാര്യം ചെയ്യുമെന്ന് കന്യാസ്ത്രീയുടെ ബന്ധുക്കള്‍ ഭീഷണിപ്പെടുത്തിയിരുന്നു. മഠത്തിലെ ശല്യക്കാരിയായതിനാല്‍ കന്യാസ്ത്രീയെ ചുമതലകളില്‍ നിന്ന് നീക്കിയിരുന്നു. ഇതാണ് തന്നോട് കന്യാസ്ത്രീയ്ക്ക് വിരോധം ഉണ്ടാകാന്‍ കാരണമെന്നും ജാമ്യാപേക്ഷയില്‍ പറയുന്നു.
തനിക്കെതിരെ പൊലീസിന് നല്‍കിയ ആദ്യമൊഴിയില്‍ ലൈംഗികമായി പീഡിപ്പിച്ചതായി പറഞ്ഞിട്ടില്ല. പിന്നീട് നല്‍കിയ മൊഴികള്‍ പരസ്പരവിരുദ്ധമാണെന്ന് പൊലീസ് തന്നെ പറഞ്ഞിട്ടുണ്ട്. അന്വേഷണത്തോട് താന്‍ പൂര്‍ണമായും സഹകരിക്കുമെന്നും ബിഷപ്പ് വ്യക്തമാക്കി.