ഫേസ്ബുക്കില്‍ പോസ്റ്റിട്ട അധ്യാപകനേയും വിദ്യാര്‍ഥിയേയും പുറത്താക്കി

കേന്ദ്ര സര്‍വകലാശാലയെ സമൂഹമാധ്യമങ്ങളില്‍ മോശമായി ചിത്രീകരിച്ചെന്നാരോപിച്ച് അധ്യാപകനും, വിദ്യാര്‍ഥിക്കുമെതിരെ നടപടി. ഇംഗ്ലീഷ് ആന്റ് കമ്പാരറ്റീവ് ലിറ്ററേച്ചര്‍ വിഭാഗം മേധാവി ഡോ. പ്രസാദ് പന്ന്യനെയാണ് ഫേസ്ബുക്കിലെ പോസ്റ്റുകളുടെ പേരില്‍ തല്‍സ്ഥാനത്തു നിന്ന് നീക്കം ചെയ്തത്. വൈസ് ചാന്‍സിലറെ അധിക്ഷേപിച്ചെന്ന് ആരോപിച്ചാണ് പി.ജി. വിദ്യാര്‍ഥിയെ പുറത്താക്കിയത്.

കാസര്‍കോട് കേന്ദ്ര സര്‍വകലാസശാല ആസ്ഥാനത്താണ് അധ്യാപകനും വിദ്യാര്‍ഥിക്കുമെതിരെ നടപടി. ഒരുമാസം മുമ്പ് സര്‍വകലാശാലയിലെ അഗ്‌നിരക്ഷാ ഉപകരണം കേടുവരുത്തിയെന്നാരോപിച്ച് ദലിത് വിദ്യാര്‍ഥിയായ നാഗരാജുവിനെതിരെ അധികൃതര്‍ പൊലീസില്‍ പരാതിപ്പെടുകയും വിദ്യാര്‍ഥിയെ അറസ്റ്റു ചെയ്യുകയും ചെയ്തിരുന്നു. സംഭവത്തില്‍ നഗരാജുവിനെ അനുകൂലിച്ചു ഫേയ്‌സ്ബുക്കില്‍ പോസ്റ്റിട്ടതിനാണ് ഡോ. പ്രസാദ് പന്ന്യനെ വകുപ്പ് മേധാവി സ്ഥാനത്തു നിന്ന് നീക്കം ചെയ്തത്.

വിശദീകരണം പോലും ചോദിക്കാതെയാണ് നടപടിയെന്നാണ് ആക്ഷേപം. സര്‍വകലാശാലയിലെ വിവിധ പ്രശ്‌നങ്ങളെക്കുറിച്ച് ഫേയ്ബുക്കില്‍ കുറിച്ചതിനാണ് ബിരുദാനന്തര ബിരുദ വിദ്യാര്‍ഥിയായ അഖിലിനെ പുറത്താക്കിയത്. സമൂഹമാധ്യമങ്ങളില്‍ വൈസ് ചാന്‍സിലറേയും, രജിസ്ട്രാറേയും അധിക്ഷേപിച്ചുവെന്നാണ് ആരോപണം. അച്ചടക്ക സമിതിയുടെ തെളിവെടുപ്പു പോലും വെറും പ്രഹസനമായിരുന്നെന്ന് അഖില്‍ പറയുന്നു.

ഇവര്‍ക്കുപുറമെ വിവിധ കാരണങ്ങളുന്നയിച്ച് ഈ വര്‍ഷം ഇതുവരെ ഒന്‍പത് വിദ്യാര്‍ഥികള്‍ക്കെതിരെ അച്ചടക്ക നടപടിയുമുണ്ടായി. വൈസ് ചാന്‍സിലറുടെ നേതൃത്വത്തില്‍ വിദ്യാര്‍ഥികളുടെ ആഭിപ്രായ സ്വതന്ത്യത്തെ ഹനിക്കുകയും, സംഘപരിവാര്‍ അജണ്ട നടപ്പാക്കാനുള്ള ശ്രമവുമാണ് സര്‍വകലാശാലയില്‍ നടക്കുന്നതെന്ന ആക്ഷേപം ശക്തമാണ്. ചട്ടങ്ങള്‍ അനുസരിച്ചാണ് അച്ചടക്ക നടപടികളെടുത്തിട്ടുള്ളതെന്നാണ് ഔദ്യോഗിക വിശദീകരണം.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7