കൊച്ചി: ജലന്ധര്‍ ബിഷപ്പിന്റെ അറസ്റ്റ് വൈകുന്നതില്‍ സഭയ്ക്കും സര്‍ക്കാരിനുമെതിരേ ശക്തമായ വിമര്‍ശനവുമായി കന്യാസ്ത്രീകള്‍. കൊച്ചിയില്‍ നടന്ന സമരത്തിനിടെയാണ് കന്യാസത്രീകള്‍ രൂക്ഷ വിമര്‍ശനം ഉയര്‍ത്തിയത്. തങ്ങളുടെ സഹോദരിയെ സഹായിക്കാന്‍ സഭയും സര്‍ക്കാരും ഒന്നും ചെയ്തില്ലെന്ന് കന്യാസ്ത്രീകള്‍ ആരോപിച്ചു.
നീതി വൈകുന്നത് കൊണ്ടാണ് പരസ്യപ്രതിഷേധവുമായി എത്തേണ്ടി വന്നതെന്ന് കന്യാസ്ത്രീമാര്‍ വിശദമാക്കി. സഭയും, സര്‍ക്കാരും, പൊലീസില്‍ നിന്നും നീതി കിട്ടുന്നില്ല, കോടതിയില്‍ മാത്രമാണ് ഇനി പ്രതീക്ഷയെന്നും കന്യാസ്ത്രീകള്‍ വ്യക്തമാക്കി.
ജലന്ധര്‍ കത്തോലിക്ക ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റു വൈകുന്നതില്‍ പ്രതിഷേധിച്ച് ജോയിന്റ് ക്രിസ്ത്യന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ സത്യാഗ്രഹ സമരം കൊച്ചിയില്‍ ആരംഭിച്ചു. എറണാകുളം ഹൈക്കോടതി ജംഗ്ഷനിലാണ് സമരം. കുറവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീകളും പ്രതിഷേധ സമരത്തില്‍ പങ്കെടുക്കുന്നുണ്ട്.
നിയമസംവിധാനം നടത്തിയ അന്വേഷണത്തിന്റെ ആദ്യഘട്ടത്തില്‍ കന്യാസ്ത്രീകള്‍ക്ക് പരാതിയുണ്ടായിരുന്നില്ല. എന്നാല്‍ ബിഷപ്പിന്റെ അറസ്റ്റിലേക്ക് കാര്യങ്ങള്‍ എത്തുന്നില്ലെന്ന് മനസ്സിലായതോടെയാണ് കന്യാസ്ത്രീകള്‍ പ്രത്യക്ഷ സമരവുമായി രംഗത്തെത്തുന്നത്.
പീഡനത്തിന് ഇരയായ കന്യാസ്ത്രീ ഉള്‍പ്പെടെ ഒമ്പതുപേരാണ് കുറവിലങ്ങാട് മഠത്തിലുണ്ടായിരുന്നത്. ഇതില്‍ ഒരാള്‍ തിരുവസ്ത്രം നേരത്തെ ഉപേക്ഷിച്ചു. ഇരയായ കന്യാസ്ത്രീ ഉള്‍പ്പെടെ ആറുപേര്‍ ബിഷപ്പിന് എതിരായ നിലപാട് സ്വീകരിച്ചിരിക്കുന്നവരാണ്.