അണക്കെട്ടു തുറക്കുന്നതില്‍ വീഴ്ചയുണ്ടായെന്നു താന്‍ പറഞ്ഞതായി വന്ന വാര്‍ത്ത ശരിയല്ല, വിശദീകരണവുമായി രാജു എബ്രഹാം

തിരുവനന്തപുരം: അണക്കെട്ടു തുറക്കുന്നതില്‍ വീഴ്ചയുണ്ടായെന്നു താന്‍ പറഞ്ഞതായി മാധ്യമങ്ങളില്‍ വന്ന വാര്‍ത്ത ശരിയല്ലെന്ന് രാജു എബ്രഹാം എംഎല്‍എ. അണക്കെട്ടുകള്‍ തുറക്കും മുമ്പ് മൂന്നു തവണ മുന്നറിയിപ്പു നല്‍കിയെന്നാണ് താന്‍ പറഞ്ഞത്. ഇത് കട്ട് ചെയ്താണ് മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കിയതെന്ന് രാജു എബ്രഹാം നിയമസഭയില്‍ വിശദീകരിച്ചു.

മൂന്നു തവണ മുന്നറിയിപ്പു നല്‍കിയെന്നാണ് താന്‍ പറഞ്ഞത്. ചാനലുകള്‍ ഇതു കട്ടു ചെയ്ത് തന്റെ വാക്കുകള്‍ സംപ്രേഷണം ചെയ്യുകയായിരുന്നു. വെള്ളപ്പൊക്കത്തിന് അണക്കെട്ടു തുറന്നതു മാത്രമല്ല കാരണം. കനത്ത മഴയും ഉരുള്‍പൊട്ടലും പ്രളയത്തിനു കാരണമായെന്നാണ് താന്‍ മാധ്യമങ്ങളോടു പറഞ്ഞതെന്ന് രാജു അവകാശപ്പെട്ടു.

അണക്കെട്ടു തുറന്നതാണ് പ്രളയത്തിനു കാരണമെന്ന് പ്രതിപക്ഷം മാത്രമല്ല പറയുന്നതെന്ന്, മുസ്ലിം ലീഗ് അംഗം ഷംസുദ്ദീന്‍ സഭയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ബിബിസിയെപ്പോലുള്ള രാജ്യാന്തര മാധ്യമങ്ങളും മേധാപട്കറിനെയും ഇ ശ്രീധരനെയും പോലുള്ളവരും അതുതന്നെയാണ് പറയുന്നത്. ഭരണപക്ഷ അംഗമായ രാജു എബ്രഹാമും ഇക്കാര്യം പറഞ്ഞിട്ടുണ്ടെന്ന് ഷംസുദ്ദീന്‍ അഭിപ്രായപ്പെട്ടപ്പോഴാണ്, ക്രമപ്രശ്നവുമായി രാജു എബ്രഹാം രംഗത്തുവന്നത്.

പ്രളയ ദുരന്തം ചര്‍ച്ച ചെയ്യുന്നതിനുള്ള പ്രത്യേക സമ്മേളനത്തില്‍ രാജു എബ്രഹാമിനും സജി ചെറിയാനും സംസാരിക്കാന്‍ സിപിഎം അവസരം നല്‍കിയിട്ടില്ല. അണക്കെട്ടു തുറന്നതിലെ വീഴ്ച ചൂണ്ടിക്കാട്ടിയതിനാലാണ് ഇതെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7