തിരുവനന്തപുരം: പ്രളയക്കെടുതിയെ തുടര്‍ന്ന് താറുമാറായ സംസ്ഥാനത്തെ ഗതാഗത സംവിധാനം ഇന്ന് മുതല്‍ സാധാരണ നിലയിലായിത്തുടങ്ങും.തിരുവനന്തപുരം -എറണാകുളം റൂട്ടില്‍ കോട്ടയം വഴിയും ട്രെയ്‌നുകള്‍ ഓടിത്തുടങ്ങി കൊച്ചി നാവികസേന വിമാനത്താവളത്തില്‍ നാളെ മുതല്‍ ചെറു വിമാനങ്ങളുടെ സര്‍വ്വീസ് തുടങ്ങും.
പ്രളയത്തില്‍ നെടുമ്പാശ്ശേരി വിമാനത്താവളം മുങ്ങിയതോടെ കൊച്ചിയിലേക്കുള്ള വിമാനസര്‍വ്വീസ് സ്തംഭിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് നാവിക സേനാ വിമാനത്താവളം വഴി സര്‍വ്വീസ് തുടങ്ങുന്നത്. 70 സീറ്റുകളുള്ള വിമാനങ്ങള്‍ രാവിലെ 6 മണിക്കും 10 മണിക്കും ബംഗളുരുവില്‍ നിന്നും കൊച്ചിയിലേക്ക് സര്‍വ്വീസ് നടത്തും. 8.10നും 12.10നും തിരിച്ചും സര്‍വ്വീസുണ്ടാകും. ഉച്ചക്ക് ശേഷം 2.10ന് ബംഗളൂരുവില്‍ നിന്നും കോയമ്പത്തൂര്‍ വഴി കൊച്ചിയിലേക്ക് വിമാനമുണ്ടാകും. കൊച്ചിയില്‍ നിന്നും വൈകീട്ട് 5.10ന് ബംഗ്ളൂരൂവിലേക്കും സര്‍വ്വീസുണ്ടായിരിക്കും.
മൂന്ന് ദിവസമായി ട്രെയിന്‍ തടസ്സപ്പെട്ട കോട്ടയം റൂട്ടില്‍ ഇന്നലെ ട്രയല്‍ റണ്‍ നടത്തിയിരുന്നു. എറണാകുളം കായംകുളം റൂട്ടില്‍ ഇന്ന് മുതല്‍ സ്പെഷ്യല്‍ ട്രെയിനുകളാണ് ഓടിക്കുന്നത്. കെഎസ്ആര്‍ടിസി തിരുവനന്തപുരത്ത് നിന്നും എം,സി റോഡ് വഴി അടൂര്‍ വരെ സര്‍വ്വീസ് നടത്തുമെന്ന് അറിയിച്ചിട്ടുണ്ട്.