മീന്‍ വില്‍പ്പന എന്തായി എന്ന് ചോദിച്ച് ഹനാനെ അപമാനിച്ച ആര്‍ജെ സൂരജിനെതിരെ രൂക്ഷ വിമര്‍ശനവുമായി സംഗീത സംവിധായകന് ഷാന്‍ റഹ്മാന്. സൂരജിന്റെ പേര് പറയാതെ ദോഹയില്‍ നിന്നോ കുവൈത്തില്‍നിന്നോ ഉള്ള ആര്‍ജെ എന്നാണ് ഷാന്‍ റഹ്മാന് പരാമര്‍ശിച്ചത്. ഇന്നലെ സോഷ്യല്‍ മീഡിയയില്‍ ഹനാന് എതിരായി നടന്ന ഹെയ്റ്റ് ക്യാംപെയിന് സത്യമാണെന്ന് വിശ്വസിച്ചാണ് ആര്‍ജെ സൂരജ് ഹനാനെ അധിക്ഷേപിക്കുന്ന തരത്തില്‍ ലൈവ് വീഡിയോയില്‍ സംസാരിച്ചത്. സൂരജ് പോസ്റ്റ് ഡിലീറ്റ് ചെയ്തെങ്കിലും തലയും വാലുമില്ലാത്ത യൂട്യൂബ് ചാനലുകള്‍ ഈ വീഡിയോ അപ്ലോഡ് ചെയ്തിട്ടുണ്ട്.
ഷാന്‍ റഹ്മാന്റെ വിമര്‍ശനം ഉള്‍പ്പെടെ വന്നതിന് പിന്നാലെ സൂരജ് രണ്ടാമതൊരു വീഡിയോ പോസ്റ്റ് ചെയ്തിട്ടുണ്ട്. താന്‍ അന്വേഷിച്ച് കണ്ടെത്തിയ കാര്യങ്ങള്‍ എന്ന് പറഞ്ഞാണ് രണ്ടാം വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.
ഷാന്‍ റഹ്മാന്റെ വിമര്‍ശനം ഇങ്ങനെ
ദോഹയില്‍നിന്നോ കുവൈത്തില്‍നിന്നോ മറ്റോ ഒരു മലയാളി ആര്‍ജെയുടെ സൂപ്പര്‍ ഇഡിയോട്ടിക്ക് വീഡിയോ ഇപ്പോള്‍ കണ്ടു. ഹനാന് എന്ന ചെറിയ പെണ്‍കുട്ടിയെക്കുറിച്ചാണ് അയാള്‍ സംസാരിച്ചത്. ആദ്യത്തെ വീഡിയോയില്‍ പരിഹാസവും രണ്ടാമത്തെ വീഡിയോയില്‍ നിഷ്കളങ്കത്വവും. ഇത്തരം നെഗറ്റിവിറ്റി പ്രചരിപ്പിക്കുന്നതിലൂടെ ഇത്തരക്കാര്‍ക്ക് കിട്ടുന്നത് എന്താണെന്നാണ് ഞാന്‍ അത്ഭുതപ്പെടുന്നത്. അവളൊരു ചെറിയ പെണ്‍കുട്ടിയാണെന്ന് ഓര്‍ക്കണം. ചര്‍ച്ച ചെയ്യാന്‍ മറ്റ് വിഷയങ്ങള്‍ ഒന്നും ഇല്ലാത്തത് പോലെയാണ് സംസാരം. എങ്ങനെയാണ് ഇത്തരം ആളുകള്‍ക്ക് എഫ്എം സ്റ്റേഷനുകളില്‍ ജോലി കിട്ടുന്നത് എന്ന് ഞാന്‍ അത്ഭുതപ്പെടുകയാണ്.
ഒരു ആര്‍ജെ എന്നാല്‍ ഒരാളുടെ ദിവസം പ്രശോഭിതമാക്കുന്ന ആള് എന്ന അര്‍ത്ഥം കൂടിയുണ്ട്. സന്തോഷം പങ്കിടുന്നവര്‍, ഉത്തരവാദിത്വം കാണിക്കുന്നവര്‍. ഇത്തരം വിഷയങ്ങള്‍ ഒഴിവാക്കുക എന്നതും ഉത്തരവാദിത്വത്തില്‍ വരും. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍, അറിവില്ലാത്ത കാര്യങ്ങള്‍ മിണ്ടാതിരിക്കുക. ആ റേഡിയോ സ്റ്റേഷന് തന്നെ അപമാനമാണ് ഈ വ്യക്തി. എനിക്ക് അറിയാവുന്ന ആര്‍ജെ മാരെ ഞാന്‍ സല്യൂട്ട് ചെയ്യുന്നു. ഇത്തരക്കാരെ കൊണ്ട് നല്ലവരായ ആളുകളുടെ മൂല്യം എനിക്ക് കൂടുതല്‍ മനസ്സിലാകുന്നുണ്ട്.
ഈ പോസ്റ്റ് നീക്കം ചെയ്യണം എന്ന് വരെ ചിലരെനിക്ക് മെസേജ് അയച്ചു. സോറി, ഞാനത് ചെയ്യില്ല. അവന് മനസ്സിലാക്കണം അതൊരു ചെറിയ പെണ്‍കുട്ടിയാണെന്ന്. സ്വാധീനശക്തിയുള്ള ഒരു ആര്‍ജെ ആണയാള്‍. ആളുകള്‍ അയാള്‍ പറയുന്നത് കേള്‍ക്കുന്നുണ്ട്, പലപ്പോഴും അതിനായി കാത്തിരിക്കുന്നുണ്ട്. ഇയാളെ പോലുള്ള ആളുകള്‍ കാരണമാണ് ആളുകള്‍ ആ പെണ്‍കുട്ടിക്ക് നേരെ കല്ലെറിയാന്‍ തുടങ്ങിയത്. ചെറിയ സമയത്തേക്ക് എങ്കിലും ആ പെണ്‍കുട്ടി ഫ്രോഡാണെന്ന് ആളുകള്‍ തെറ്റിദ്ധരിച്ചു. അവള് ജീവിക്കുന്ന അവസ്ഥയെക്കുറിച്ച് നമുക്കൊന്നും ആലോചിക്കാന്‍ പോലും സാധിക്കുന്നില്ല.
ദോഹയില്‍നിന്നുള്ള ആര്‍ജെ എന്നത് കൊണ്ടും എന്തും വിളിച്ചുപറയാം എന്നല്ല. ആളുകള്‍ ഇത്രയും വിഡ്ഡികള്‍ ആകാന്‍ പാടില്ല, ഉത്തരവാദിത്വം കാണിക്കണം. എല്ലാത്തിലുമുപരി ആളുകളിലേക്ക് ഒരു കാര്യം എത്തിക്കുന്നതിന് രീതികളുണ്ട്, സംസ്കാരമുള്ള മാര്‍ഗങ്ങളുണ്ട്. അത്തരം മാര്‍ഗങ്ങള്‍ കൊണ്ട് ചര്‍ച്ചകളാണ് ഉണ്ടാകേണ്ടത് ഹനാനേക്കൊണ്ട് മീന്‍ കച്ചോടം ചെയ്യിപ്പിച്ച സിനിമക്കാരെ ഉഷാറല്ലേ എന്നല്ല ചോദിക്കേണ്ടത്. പരിഹാസം നിറഞ്ഞ കമന്റുകള്‍ പാസാക്കാന്‍ ഇയാള്‍ സ്റ്റാന്‍ഡ് അപ് കൊമേഡിയന്‍ ഒന്നും അല്ലല്ലോ. ഒരു ചെറിയ പെണ്‍കുട്ടിയുടെ ജീവിതത്തെ കുറിച്ചാണ് അയാള്‍ ഇങ്ങനെ സംസാരിക്കുന്നത്. എന്റെ ഏഴു വയസ്സുകാരന് മകന് പെണ്‍കുട്ടികളെ സ്ത്രീകളെ ബഹുമാനിക്കാന്‍ അറിയാം. ഞാനെന്റെ പോസ്റ്റ് നീക്കം ചെയ്യില്ല.