തിരുവനന്തപുരം: ഇടതുമുന്നണി വിപുലീകരിക്കാന്‍ സിപിഎം സംസ്ഥാന സമിതി തീരുമാനിച്ചു. പുതിയ പാര്‍ട്ടികളെ മുന്നണിയിലേക്ക് എടുത്ത് വിപുലീകരണത്തിനാണ് സിപിഎം ഒരുങ്ങുന്നത്. ഏതൊക്കെ കക്ഷികളെ എടുക്കണമെന്ന് എല്‍ഡിഎഫ് തീരുമാനിക്കും. ഈ മാസം 26ന് ചേരുന്ന എല്‍ഡിഎഫ് യോഗത്തില്‍ ഇക്കാര്യം ചര്‍ച്ച ചെയ്യും. മുന്നണിയെ പുറത്തുനിന്നു പിന്തുണയ്ക്കുന്ന നിരവധി കക്ഷികള്‍ക്കു പ്രതീക്ഷയേകുന്നതാണു തീരുമാനം. 2019ലെ പൊതുതിരഞ്ഞെടുപ്പിന് മുന്നണിയെ സജ്ജമാക്കുകയാണ് ലക്ഷ്യം.
ജനതാദള്‍ വീരേന്ദ്രകുമാര്‍ പക്ഷമാണ് പ്രവേശനം കാത്തുനില്‍ക്കുന്ന കക്ഷികളില്‍ പ്രധാനം. യുഡിഎഫ് വിട്ടുവന്ന വീരേന്ദ്രകുമാറിന് എല്‍ഡിഎഫ് രാജ്യസഭാ സീറ്റ് നല്‍കിയെങ്കിലും മുന്നണി പ്രവേശനമുണ്ടായിട്ടില്ല. ഐഎന്‍എല്‍, കേരള കോണ്‍ഗ്രസ്– ഫ്രാന്‍സിസ് ജോര്‍ജ് വിഭാഗം, ആര്‍.ബാലകൃഷ്ണപിള്ള വിഭാഗം എന്നിവയും മുന്നണിയുടെ ഭാഗമല്ലാതെയാണു നില്‍ക്കുന്നത്.
ഡല്‍ഹിയില്‍ നിന്നു തിരിച്ചെത്തിയ മുഖ്യമന്ത്രി ഇന്നലെ സംസ്ഥാനകമ്മിറ്റി യോഗത്തില്‍ പങ്കെടുത്തു. നേതൃതലത്തില്‍ പാര്‍ട്ടിയെടുക്കേണ്ട സമീപനത്തെക്കുറിച്ചു കൂടിയാലോചനകള്‍ നടന്നു.
പാര്‍ട്ടിയെ ശക്തമാക്കാനായി ഹൈദരാബാദ് പാര്‍ട്ടി കോണ്‍ഗ്രസ് എടുത്ത തീരുമാനങ്ങളെ അധികരിച്ചുള്ള കേന്ദ്രകമ്മിറ്റിയുടെ രേഖ പൊളിറ്റ്ബ്യൂറോ അംഗം എസ്.രാമചന്ദ്രന്‍പിള്ള റിപ്പോര്‍ട്ട് ചെയ്തു. ഇതും സംസ്ഥാനത്തെ രാഷ്ട്രീയ സ്ഥിതിഗതികളും ചര്‍ച്ച ചെയ്തു. അഭിമന്യു വധത്തെത്തുടര്‍ന്നുള്ള നടപടികളും പരാമര്‍ശവിഷയമായി. എസ്ഡിപിഐയുടെ ആപല്‍സൂചന തിരിച്ചറിഞ്ഞു പ്രതികരിക്കണമെന്ന ആവശ്യമാണ് ഉയര്‍ന്നത്. ആര്‍എസ്എസിനും പോപ്പുലര്‍ ഫ്രണ്ടിനുമെതിരെയുള്ള വര്‍ഗീയ വിരുദ്ധപ്രചാരണത്തിന്റെ ഭാഗമായ നടപടികളും യോഗം തീരുമാനിക്കും. അഭിമന്യു സഹായഫണ്ടിനായുള്ള ആഹ്വാനത്തിനു മികച്ച പ്രതികരണമാണു ലഭിക്കുന്നതെന്നും വ്യക്തമാക്കപ്പെട്ടു.