സ്ത്രീകള്‍ ആക്രമിക്കപ്പെടുന്നതിന്റെ ഉത്തരവാദികള്‍ അവര്‍കൂടിയാണെന്ന പ്രസ്താവനയില്‍ ഉറച്ച് നടി മമ്ത മോഹന്‍ദാസ്. മമ്തയുടെ പ്രസ്താവനയ്ക്കെതിരെ കഴിഞ്ഞ ദിവസം റിമ കല്ലിങ്കലും ആഷിഖ് അബുവും രംഗത്തെത്തിയിരുന്നു. എന്നാല്‍ താനും ഈ സമൂഹത്തില്‍ ജീവിക്കുന്നവളാണെന്നും ഇവിടത്തെ പ്രശ്നങ്ങള്‍ എനിക്കും അറിയാമെന്നാണ് മംമ്ത മറുപടി നല്‍കിയത്. ഇപ്പോഴിതാ, താന്‍ പറഞ്ഞ പ്രസ്തവനയ്ക്ക് വിശദീകരണം നല്‍കിയിരിക്കുകയാണ് മംമ്ത. തന്റെ പ്രസ്താവന വ്യക്തിപരമായ അനുഭവത്തില്‍ നിന്ന് മാത്രമാണെന്നും അതിന് മറ്റൊരു സാഹചര്യവുമായി കൂട്ടികുഴയ്ക്കേണ്ടതില്ലെന്ന് പറഞ്ഞ് ഒഴിഞ്ഞുമാറുകയാണ് മംമ്ത. ഡബ്യൂ.സി.സിയുടെ ആവശ്യമുണ്ടെന്ന് തോന്നുന്നില്ലെന്ന് അഭിമുഖത്തില്‍ പറഞ്ഞ മംമ്ത പുതിയ വിശദീകരണത്തില്‍ സംഘടനയ്ക്ക് ഭാവുകങ്ങള്‍ നേര്‍ന്നിരിക്കുകയാണ്.
ആക്രമിക്കപ്പെട്ട നടിയും കുറ്റാരോപിതനായ നടനുമായി തനിക്ക് സൗഹൃദമുള്ളതിനാല്‍ താനൊരു സംവാദത്തിന് ഉദ്ദേശിച്ചിട്ടില്ലെന്നും മംമ്ത കൂട്ടിച്ചേര്‍ത്തു.
മംമ്തയുടെ വാക്കുകള്‍:
ഈ ഫെയ്സ്ബുക്ക് പോസ്റ്റ് എന്റെ ഒരു അഭിമുഖവുമായി ബന്ധപ്പെട്ടതാണ്. ചോദ്യങ്ങള്‍ ഉന്നയിക്കുന്നവരോടും അത് പ്രചരിപ്പിക്കുന്നവരോടും (അതില്‍ ചിലര്‍ എന്റെ സുഹൃത്തുക്കളാണ്) അവരോട് പറയാനുള്ളത് ഞാന്‍ അതൊരു സംവാദത്തിന് തുടക്കമിട്ടതല്ല. കാരണം ആക്രമിക്കപ്പെട്ട ആളും കുറ്റാരോപിതനായ വ്യക്തിയും എന്റെ സഹപ്രവര്‍ത്തകര്‍ എന്നതിനേക്കാളുപരി അടുത്ത സുഹൃത്തുക്കളാണ്.
മാനസികാവസ്ഥയ്ക്ക് യാതൊരു കുഴപ്പവുമില്ലാത്ത ഒരു വ്യക്തിയോ അല്ലെങ്കില്‍ മനുഷ്യനോ ഒരിക്കലും ബലാത്സംഗത്തെ പ്രോത്സാഹിപ്പിക്കുകയില്ല. അതുകൊണ്ട് നിങ്ങള്‍ എന്നെക്കുറിച്ച് പുലര്‍ത്തുന്ന ധാരണ തെറ്റാണ്. ഒരു സ്ത്രീയെന്ന നിലയില്‍ വൈകാരികമായ ഒരുപാട് ആക്രമണങ്ങളിലൂടെ കടന്നുപോയ വ്യക്തിയാണ് ഞാന്‍. പക്ഷേ ഒരിക്കലും ഇരയാകാന്‍ തയ്യാറല്ല. ചുരുക്കത്തില്‍, ഈ അസന്തുലിതമായ സമൂഹത്തില്‍ ഇപ്പോള്‍ നിലനില്‍ക്കുന്ന അസഹിഷ്ണുതയില്‍ ഞാന്‍ പൊട്ടിത്തെറിക്കുന്നതിന്റെ വക്കിലാണ്. എനിക്ക് വളരെ ശക്തവും ആക്രമണപരവുമായ അഭിപ്രായങ്ങളും പ്രതികരണങ്ങളും ഉണ്ട്. പക്ഷേ പ്രതികരിക്കേണ്ട സമയങ്ങളില്‍ മാത്രമേ അതിനു മുതിരൂ. അതിനര്‍ത്ഥം എനിക്ക് മനുഷ്യത്വമില്ലെന്നും സഹാനുഭൂതി ഇല്ലെന്നുമല്ല. അങ്ങനെ ചിന്തിക്കുന്നവര്‍ക്ക് ഞാന്‍ അഭിപ്രായം പറഞ്ഞ സാഹചര്യം മനസ്സിലാക്കാതെ എന്നെ വിവാദങ്ങളിലേക്ക് വലിച്ചിടാം. എന്റെ ചില വനിതാ സുഹൃത്തുക്കള്‍ ഉള്‍പ്പെടെ ആരും അത് മനസ്സിലാക്കിയിട്ടില്ല എന്ന് തിരിച്ചറിയുന്നു.
അതുകൊണ്ട് ഞാന്‍ ഇവിടെ ചില കാര്യങ്ങള്‍ വ്യക്തമാക്കുന്നു
സമൂഹത്തില്‍ ക്രൂര കൃത്യം ചെയ്യുന്നവരോട് എനിക്ക് ക്ഷമിക്കാന്‍ സാധിക്കുകയില്ല. എന്റെ കണ്ണില്‍ അവര്‍ മാപ്പ് അര്‍ഹിക്കുന്നില്ല. അവര്‍ക്ക് രണ്ടാമതൊരു അവസരവുമില്ല. അത് സാധാരണ ജനങ്ങളോ രാഷ്ട്രീയക്കാരോ നടന്മാരോ ആരും ആകട്ടെ. ഞാനും വ്യക്തിപരമായി ഒരുപാട് ആക്രമണങ്ങള്‍ക്ക് ഇരയായിട്ടുണ്ട്. അതുകൊണ്ട് തന്നെ ധീരയായ എന്റെ സുഹൃത്തിനെക്കുറിച്ച് എനിക്ക് അഭിമാനമുണ്ട്. അവരുടെ ധീരമായ നീക്കം അപരാധിയെ വെറുതെ വിടാതിരിക്കട്ടെ ( കുറ്റാരോപിതന് തെറ്റുകാരന്‍ ആണെങ്കില്‍).
പാപികളോട് പൊറുക്കുന്ന ഒരു നിയമവ്യവസ്ഥയുടെ ഭാഗമാണ് എന്നോര്‍ക്കുമ്പോള്‍ ദുഖമുണ്ട്. ഫെയ്സ്ബുക്കിലൂടെ പ്രചരണം നല്‍കേണ്ടത് ശക്തമായ നിയമവ്യവസ്ഥയുള്ള ഒരു രാജ്യം കെട്ടിപ്പടുക്കാനുള്ള സന്ദേശമാണ്. ഗള്‍ഫില്‍ വളര്‍ന്ന ഞാന്‍ എന്താണ് ഉദ്ദേശിക്കുന്നത് എന്ന് നിങ്ങള്‍ക്ക് അറിയാം. നമുക്കും അതുപോലെ ആകേണ്ടേ?
ഡബ്ലൂ.സി.സിയ്ക്ക് സ്ത്രീകളുടെ നന്മയ്ക്കും പുരോഗമനത്തിനും വേണ്ടി ഒരുപാട് കാര്യങ്ങള്‍ ചെയ്യാന്‍ സാധിക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. കമ്മിറ്റിയിലെ എല്ലാവര്ക്കും ആശംസകള്‍. ഞാന്‍ ഡബ്ലൂ.സി.സിയുടെ ഭാഗമല്ല. അതിനു കാരണം ഈ പ്രശ്നങ്ങള്‍ ഉണ്ടാകുന്ന സമയത്തും സംഘടന രൂപം കൊള്ളുന്ന സമയത്തും ഞാന്‍ നാട്ടില്‍ ഇല്ലായിരുന്നു എന്നതാണ്. അതുകൊണ്ടു തന്നെ ഞാന്‍ വ്യക്തിപരമായി ഉള്‍പ്പെടാത്ത കാര്യങ്ങളില്‍ ഞാന്‍ സംസാരിക്കാന്‍ സാധിക്കുകയില്ല.
ആക്രമിക്കപ്പെടുന്നതില്‍ സ്ത്രീയും ഭാഗികമായി ഉത്തരവാദിയാണ് എന്ന എന്റെ പ്രസ്താവന ഉരുത്തിരിഞ്ഞത് എന്റെ വ്യക്തി ജീവിതത്തില്‍ നിന്നാണ് മംമ്ത കുറിച്ചു.
സ്ത്രീകള്‍ ആക്രമിക്കപ്പെടുന്നുണ്ടെങ്കില്‍ അതിന് കാരണക്കാര്‍ അവര്‍കൂടി ആണെന്നും, അവര്‍ പ്രോത്സാഹിപ്പിക്കുന്ന ചില ഘടകങ്ങളാണ് ഒടുവില്‍ ലൈംഗിക ആക്രമത്തിലേക്ക് പോലും ചെന്നെത്തുന്നതെന്നുമാണ് കഴിഞ്ഞ ദിവസം നടി മമ്ത മോഹന്‍ദാസ് പറഞ്ഞത്. നമ്മളുടെ നിലപാടുകള്‍ വിളിച്ചു പറയാന്‍ ഡബ്ല്യുസിസി പോലൊരു സംഘടനയുടെ ആവശ്യമുണ്ടെന്ന് തോന്നുന്നില്ലെന്നും സ്ത്രീകള്‍ മാത്രമുള്ള ഒരു സംഘടനയുടെ ആവശ്യം തനിക്ക് മനസ്സിലാകുന്നില്ലെന്നും മമ്ത പറഞ്ഞിരിന്നു.
ആക്രമിക്കപ്പെട്ട നടിയും കുറ്റാരോപിതനും തമ്മിലുള്ള പ്രശ്നങ്ങള്‍ ഈ സംഭവം നടന്ന ദിവസം തുടങ്ങിയതല്ല. കാലങ്ങളായി ഉള്ളതാണ്. അത് നേരത്തെ സംസാരിച്ച് അവസാനിപ്പിക്കേണ്ടതായിരുന്നു. ഈ സംഭവത്തില്‍ ഭാഗമായ എല്ലാവര്ക്കും ഇവര്‍ കടന്ന് പൊയ്ക്കൊണ്ടിരിക്കുന്ന വഷളായ അവസ്ഥയെക്കുറിച്ച് അറിവുള്ളവരായിരുന്നുവെന്നും മമ്ത ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്കിയ അഭിമുഖത്തില്‍ പറഞ്ഞിരിന്നു.