കൊച്ചി : എറണാകുളം മഹാരാജാസ് കോളെജിലെ വിദ്യാര്‍ത്ഥി അഭിമന്യു കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതികരണവുമായി പി.ടി തോമസ് എംഎല്‍എ. കൊലപാതകത്തില്‍ സിപിഐഎമ്മും പങ്കാളിയാണെന്ന് പി ടി തോമസ് എംഎല്‍എ പറഞ്ഞു. ഒരു എം.എല്‍.എയുടെ ഭാര്യ തന്നെ അക്കാര്യം പറഞ്ഞിട്ടുണ്ടെന്നായിരുന്നു പി.ടി തോമസിന്റെ പ്രതികരണം.
എറണാകുളം പോലൊരു സിറ്റിയില്‍ നടന്ന കൊലപാതകത്തിലെ പ്രതികള്‍ വേഗത്തില്‍ രക്ഷപ്പെട്ടതിന് പിന്നില്‍ പല ദുരൂഹതകളും ഉണ്ട്. മാത്രമല്ല മരിച്ച അഭിമന്യുവിന്റെ ഫോണിലേക്ക് വന്ന കോളുകള്‍ ആരുടെയെന്ന് പൊലീസിന് അറിയാം. എന്നാല്‍ ഒന്നുമറിയാത്ത പോലെ അഭിനയിക്കുകയാണെന്നും പലതും കേസിനുള്ളില്‍ ചീഞ്ഞു നാറുന്നുണ്ടെന്നും തോമസ് വ്യക്തമാക്കി.
മഹാരാജാസ് കോളജിന്റെ ഹോസ്റ്റല്‍ മുഴുവന്‍ സാമൂഹ്യ വിരുദ്ധരാണ്. കോളെജിന്റെ യൂണിയന് ഓഫിസ് മുഴുവന്‍ ആയുധങ്ങളാണ്. മറ്റ് വിദ്യാര്‍ത്ഥി സംഘടനകളെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കാതെ അതിനെ ഏക പാര്‍ട്ടി ക്യാംപസാക്കി മാറ്റുകയാണ് എസ്.എഫ്.ഐ. അഭിമന്യുവിന്റെ കൊലപാതകത്തെ ന്യായീകരിക്കുകയല്ല. ക്യാംപസ് ഫ്രണ്ട് പോലുള്ള സംഘടനകളെ അടിച്ചമര്‍ത്തണമെന്ന് തന്നെയാണ് എന്റെ നിലപാട് എംഎല്‍എ പറഞ്ഞു.
എസ്.എഫ്.ഐ നേതാക്കള്‍ വര്‍ഗീയതയ്ക്കെതിരെ പോരാട്ടം നടത്തുന്നതൊക്കെ നല്ലത് തന്നെ. പക്ഷേ ഞങ്ങളുടെ സഖാവിനെ കൊന്ന ഇത്തരം സംഘടനകളുമായി ഒരു ബന്ധവും ഞങ്ങളുടെ മാതൃപ്രസ്ഥാനമായ സി.പി.ഐ.എം സ്വീകരിക്കരുത് എന്നു പറയാന്‍ എസ്.എഫ്.ഐ നേതാക്കള്‍ക്ക് തന്റേടമുണ്ടോയെന്നും പി.ടി തോമസ് വെല്ലുവിളിച്ചു.