കന്യാസ്ത്രീയുടെ സഹോദരന് അഞ്ച് കോടി രൂപ വാഗ്ദാനം!! കന്യാസ്ത്രീയ്ക്ക് മദര്‍ ജനറല്‍ പദവി; ജലന്ധര്‍ ബിഷപ്പ് പീഡിപ്പിച്ച കേസ് ഒതുക്കി തീര്‍ക്കാന്‍ ശ്രമം

കോട്ടയം: ജലന്ധര്‍ രൂപത ബിഷപ് ഫ്രാങ്കോ മുളയ്ക്കല്‍ കന്യാസ്ത്രീയെ പീഡിപ്പിച്ച കേസ് ഒതുക്കിത്തീര്‍ക്കാന്‍ ശ്രമം. ബിഷപ്പിന്റെ സഹോദരനും രണ്ടു ധ്യാനഗുരുക്കളും വാഗ്ദാനങ്ങളുമായി കന്യാസ്തീയുടെ സഹോദരനെ സമീപിച്ചു. കേസ് പിന്‍വലിക്കാന്‍ കന്യാസ്ത്രീയുടെ സഹോദരന് അഞ്ചുകോടി രൂപ വാഗ്ദാനം ചെയ്തു. പരാതിക്കാരിയായ കന്യാസ്ത്രീയെ മദര്‍ ജനറല്‍ പദവിയിലേക്ക് ഉയര്‍ത്താമെന്നും വാഗ്ദാനം നല്‍കി. കന്യാസ്ത്രീയുടെ സഹോദരന്‍ നെല്ല് വില്‍ക്കുന്ന കാലടിയിലെ ഒരു മില്ലുടമയാണു മധ്യസ്ഥന്‍. കഴിഞ്ഞ 13നാണ് മില്ലുടമ കന്യാസ്ത്രീയുടെ സഹോദരനെ സമീപിച്ചത്.

അതേസമയം ബിഷപ്പിനെ ചോദ്യം ചെയ്യുന്നതിനായി നാലംഗ അന്വേഷണ സംഘം അടുത്ത ദിവസം ജലന്ധറിലേക്ക് പോകും. കന്യാസ്ത്രീയുടെ പരാതിയില്‍ തെളിവെടുപ്പു പൂര്‍ത്തിയായ സാഹചര്യത്തില്‍ ബിഷപ്പിനെ ജലന്ധറിലെത്തി ചോദ്യം ചെയ്യാന്‍ ഡിജിപിയുടെ അനുമതി ലഭിച്ചുവെന്നാണ് അറിവ്.വൈക്കം ഡിവൈഎസ്പി കെ.സുഭാഷിന്റെ നേതൃത്വത്തില്‍ വനിതാ സിവില്‍ പൊലീസ് ഓഫിസര്‍മാര്‍ അടക്കമുള്ള സംഘമാണു പോകുന്നത്.

ജില്ലാ പൊലീസ് മേധാവി ഹരിശങ്കര്‍ സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റയെ തിരുവനന്തപുരത്ത് പൊലീസ് ആസ്ഥാനത്ത് എത്തി കണ്ട് അന്വേഷണം സംബന്ധിച്ചു ചര്‍ച്ച നടത്തി. ജലന്ധറിലേക്ക് പോകുന്നതിനു മുന്‍പ് അന്വേഷണ സംഘം കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ മൊഴി എടുക്കും. കഴിഞ്ഞ ദിവസം മൊഴിയെടുക്കാന്‍ ആലോചിച്ചിരുന്നെങ്കിലും കര്‍ദിനാള്‍ തമിഴ്നാട്ടില്‍ ആയതു മൂലം മാറ്റിവയ്ക്കുകയായിരുന്നെന്ന് ഡിവൈഎസ്പി പറഞ്ഞു. ജലന്ധര്‍ ബിഷപ്പിനെതിരെ 2015 നവംബറില്‍ കര്‍ദിനാളിനോടു പരാതി പറഞ്ഞതായി കന്യാസ്ത്രീ മൊഴി നല്‍കിയിട്ടുണ്ട്. ഇതു സംബന്ധിച്ച രേഖകളും ലഭിച്ചതായി പൊലീസ് സ്ഥിരീകരിച്ചു.

ജലന്ധര്‍ രൂപതയുടെ കീഴിലുള്ള മിഷനറീസ് ഓഫ് ജീസസ് സന്യസ്ത സമൂഹത്തില്‍നിന്നു വിട്ടു പോയ മൂന്നു മുന്‍ കന്യാസ്ത്രീകളെയും അന്വേഷണ സംഘം കണ്ടു മൊഴിയെടുത്തു. ഒരാളുടെ മനസമ്മത ദിനത്തിലാണ് പൊലീസ് മൊഴി എടുക്കാന്‍ എത്തിയത്. പരാതിക്കാരിയായ കന്യാസ്ത്രീക്കൊപ്പം സേവനം അനുഷ്ഠിച്ച 18 കന്യാസ്ത്രീകളാണ് കോണ്‍വന്റ് വിട്ടുപോയതെന്നും പൊലീസ് കണ്ടെത്തി.

ബിഷപ് ഫ്രാങ്കോയ്ക്കെതിരേ ഉയര്‍ന്ന ആരോപണത്തെപ്പറ്റി കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കു നേരത്തേ അറിയാമായിരുന്നു എന്നതിന്റെ തെളിവുകളും പുറത്തുവന്നു. ഫ്രാങ്കോയുടെ പ്രവര്‍ത്തനങ്ങളില്‍ അതൃപ്തിയുണ്ടായിരുന്ന സിസ്റ്റര്‍ നീന റോസാണ് ആലഞ്ചേരിക്കു പരാതി നല്‍കിയത്. സിസ്റ്റര്‍ നീനയുടെ ബന്ധുവായ വൈദികനുമായി ചേര്‍ന്ന് ഉജ്ജയിന്‍ ബിഷപ് സെബാസ്റ്റിയന്‍ വടക്കേല്‍ മുഖേനയാണു പരാതിയുമായി കര്‍ദിനാളിനെ സമീപിച്ചത്. ഫ്രാങ്കോയ്ക്കെതിരേ പരാതി നല്‍കാന്‍ കന്യാസ്ത്രീ കര്‍ദിനാളിന്റെ അനുവാദം ചോദിച്ചെങ്കിലും ലഭിച്ചില്ല. ഇതേത്തുടര്‍ന്നാണ് ഉജ്ജയിന്‍ ബിഷപ് മുഖേന കഴിഞ്ഞ നവംബര്‍ 17നു നീനയും മറ്റൊരു സിസ്റ്ററായ അനുപമയുടെ പിതാവും ചേര്‍ന്നു കര്‍ദിനാളിനു നേരിട്ടു പരാതി നല്‍കിയത്. അതിന്മേലും നടപടിയുണ്ടായില്ല.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7