കൊച്ചി: ‘ഒറ്റക്കുത്തിനു വീണുപോയി ഞാന്‍. എട്ടടിയോളം മുന്നിലായിരുന്നു അപ്പോള്‍ അഭിമന്യു. ആദ്യം എന്നെ കുത്തിയശേഷമാണ് അഭിമന്യുവിനെ ആക്രമിച്ചത്. ആഴ്ന്നിറങ്ങിയ കഠാര അയാള്‍ വലിച്ചൂരിയപ്പോള്‍ അവന്‍ നെഞ്ചു പൊത്തിപ്പിടിച്ചു’ മഹാരാജാസ് കോളജില്‍ അഭിമന്യുവിനൊപ്പം കുത്തേറ്റ് ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ട സുഹൃത്ത് അര്‍ജുന്‍ ഹൃദയം പിളര്‍ന്ന ആ രംഗങ്ങള്‍ മറ്റുള്ളവരുമായി പങ്കുവച്ചു.
‘അക്രമികള്‍ നാലുപേരായിരുന്നു. രണ്ടു ബൈക്കുകളിലാണ് അവരെത്തിയത്. ഞങ്ങള്‍ അപ്പോഴും ചുവരെഴുത്തിലാണു ശ്രദ്ധിച്ചിരുന്നത്. ബൈക്കിനു പിന്നിലിരുന്ന രണ്ടുപേരാണ് ഓടിയടുത്ത് കഠാര പ്രയോഗിച്ചത്. വണ്ണംകൂടി പൊക്കം കുറഞ്ഞയാളാണ് എന്നെ കുത്തിയത്. അഭിമന്യുവിനെ കുത്തിയതു രണ്ടാമത്തെ ബൈക്കില്‍ വന്നയാളാണെന്നു തോന്നുന്നു. രണ്ടുപേരെയും കുത്തിയത് ഒരാളാണെന്നു കരുതുന്നില്ല’ അര്‍ജുന്‍ പറഞ്ഞു.
ശസ്ത്രക്രിയകളിലൂടെ പുനര്‍ജന്മം നേടിയ അര്‍ജുന്‍ ഇന്നലെ ഉച്ചകഴിഞ്ഞ് 3.45ന് ആശുപത്രി വിട്ടു. വേദനസംഹാരികള്‍ ഉപയോഗിക്കുന്നതിന്റെ ക്ഷീണമുണ്ട്. സംസാരിക്കാന്‍ ഡോക്ടര്‍മാരുടെ വിലക്കും. കരളിനും ആഗ്നേയഗ്രന്ഥിക്കുമേറ്റ ആഴത്തിലുള്ള മുറിവുകള്‍ അര്‍ജുനെ മരണത്തിന്റെ വക്കിലെത്തിച്ചിരുന്നു. മൂന്നു ശസ്ത്രക്രിയ വേണ്ടിവന്നു ജീവിതം തിരിച്ചുകിട്ടാന്‍. ഒരുമാസം നിര്‍ബന്ധിതവിശ്രമമാണു ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരിക്കുന്നത്.
അണുബാധയേല്‍ക്കാതിരിക്കാന്‍ സന്ദര്‍ശകരെ ഒഴിവാക്കണം. കൊല്ലം കൊട്ടാരക്കര ഇഞ്ചക്കാട്ട് കൃഷ്ണപ്രയാഗില്‍ മനോജ്ജെമിനി ദമ്ബതികളുടെ മകനാണ് അര്‍ജുന്‍. അര്‍ജുനും അഭിമന്യുവും മഹാരാജാസ് ഹോസ്റ്റലിലായിരുന്നു താമസം. ഉറ്റസുഹൃത്തിന്റെ മരണം അര്‍ജുന്‍ അറിഞ്ഞത് ആശുപത്രിയിലെ നാലാംദിനമാണ്മൊഴിയെടുക്കാന്‍ പോലീസ് എത്തിയപ്പോള്‍. തുടര്‍ന്ന് എത്രയും വേഗം അഭിമന്യുവിന്റെ വീട്ടില്‍ പോകാന്‍ വീട്ടുകാരെ അര്‍ജുന്‍ നിര്‍ബന്ധിച്ചു. ആശുപത്രിച്ചെലവായ അഞ്ചുലക്ഷത്തോളം രൂപ സി.പി.ഐഎമ്മാണു വഹിച്ചത്.
അതേസമയം, അഭിമന്യു കൊല്ലപ്പെട്ട കേസില്‍ പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന വൈസ് പ്രസിഡന്റ് കെ.എച്ച്. നാസര്‍ പൊലീസ് പിടിയിലായി. വ്യാഴാഴ്ച രാത്രിയോടെ മുളന്തുരുത്തിയിലെ വീട്ടില്‍ നിന്നാണ് നാസര്‍ പിടിയിലായത്.
കൊലപാതകത്തില്‍ ആലുവയില്‍ അറസ്റ്റിലായവരില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പൊലീസ് വീട്ടില്‍ നടത്തിയ തെരച്ചിലിലാണ് നാസര്‍ പിടിയിലായത്. മൂവാറ്റുപുഴയിലെ രഹസ്യകേന്ദ്രത്തില്‍ വെള്ളിയാഴ്ച പുലര്‍ച്ചെ വരെ ഇയാളെ ചോദ്യം ചെയ്തതായാണ് വിവരം. ശാരീരിക അസ്വാസ്ഥ്യതകള്‍ പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുന്‍പ് പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാനജനറല്‍ സെക്രട്ടറി, ട്രഷറര്‍ പദവികളും നാസര്‍ വഹിച്ചിട്ടുണ്ട്.
അതേസമയം, പ്രധാന പ്രതികളെ ഇനിയും പിടികൂടാന്‍ കഴിയാത്തതില്‍ വന്‍വിമര്‍ശനങ്ങളാണ് പൊലീസിനെതിരെ ഉയരുന്നത്. പ്രധാനപ്രതികള്‍ വിദേശത്തേക്ക് കടന്നതായാണ് പൊലീസ് സ്ഥിരീകരിക്കുന്നത്.