‘വാക്കുകള്‍ സൂക്ഷിച്ച് ഉപയോഗിക്കണം’, ശശി തരൂരിന് മുന്നറിയിപ്പുമായി കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് ശശി തരൂരിന്റെ ‘ഹിന്ദു പാകിസ്താന്‍’ വിവാദ പ്രസ്താവനക്ക് പിന്നാലെ എല്ലാ നേതാക്കളും വാക്കുകള്‍ സൂക്ഷിച്ച് ഉപയോഗിക്കണമെന്ന മുന്നറിയിപ്പുമായി കോണ്‍ഗ്രസ്. നേരത്തെ തന്റെ പരാമര്‍ശത്തില്‍ മാപ്പു പറയില്ലെന്ന് തരൂര്‍ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് കോണ്‍ഗ്രസിന്റെ പ്രതികരണം.

2019 ലെ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി വിജയം ആവര്‍ത്തിച്ചാല്‍ അവര്‍ ഇന്ത്യയെ ഹിന്ദു പാകിസ്താനാക്കുമെന്നായിരുന്നു തരൂര്‍ തിരുവനന്തപുരത്ത് നടന്ന പൊതുപരിപാടിയില്‍ പറഞ്ഞത്. എന്നാല്‍ ഇതിനെതിരെ ബിജെപി രംഗത്തെത്തുകയായിരുന്നു. തരൂര്‍ മാപ്പ് പറയണമെന്നായിരുന്നു ബിജെപി നേതൃത്വത്തിന്റെ പ്രതികരണം.

കഴിഞ്ഞ നാലു വര്‍ഷമായി രാജ്യത്ത് അസഹിഷ്ണുതയുടേയും വെറുപ്പിന്റേയും അന്തരീക്ഷമുണ്ടാക്കിയത് ബി.ജെ.പിയാണ്. എന്നാല്‍ ഇന്ത്യയുടെ സംസ്‌കാരിക മൂല്യങ്ങളായ ബഹുസ്വരതയും വൈവിധ്യവും, മതങ്ങളും വംശങ്ങളും തമ്മിലുള്ള ഐക്യവുമാണ് കോണ്‍ഗ്രസ് ഉയര്‍ത്തിപ്പിടിക്കുന്നതെന്നും നമ്മളില്‍ നിക്ഷിപ്തമായ ചരിത്രപരമായ ഉത്തരവാദിത്തം ബി.ജെ.പിയെ വിമര്‍ശിക്കുമ്പോള്‍ എല്ലാ കോണ്‍ഗ്രസ് നേതാക്കളും മനസിലാക്കണമെന്നും കോണ്‍ഗ്രസ് വക്താവ് സുര്‍ജേവാല പറഞ്ഞു.

‘ബിജെപിയുടെ കാഴ്ചപ്പാടിന് അനുസരിച്ച് ഞാന്‍ എന്തിനാണ് മാപ്പു പറയേണ്ടതെന്ന് മനസ്സിലാകുന്നില്ല. ഹിന്ദു രാഷ്ട്ര ആശയത്തില്‍ ബിജെപിയും ആര്‍എസ്എസ്സും വിശ്വസിക്കുന്നില്ലെങ്കില്‍ അതവര്‍ അംഗീകരിക്കണം. അവര്‍ അത് ചെയ്യാത്തിടത്തോളം അവരുടെ ആശയത്തെക്കുറിച്ച് പറഞ്ഞതിന് ഒരാള്‍ എന്തിന് മാപ്പു പറയണം’, എന്നായിരുന്നു തരൂര്‍ പറഞ്ഞത്.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7