ദിലീപിനെ മാധ്യമങ്ങളോട് പറഞ്ഞ മമ്മൂട്ടി അടക്കമുള്ളവര്‍ക്കെതിരെ നടപടി വേണം, ഇന്നസെന്റിന്റേയും മുകേഷിന്റേയും മൗനം പ്രശ്നം തന്നെയാണെന്ന് ഷമ്മി തിലകന്‍

കോഴിക്കോട്: എ.എം.എം.എക്കെതിരെ വിമര്‍ശനവുമായി നടന്‍ ഷമ്മി തിലകന്‍. ഏതാനും ചിലയാളുകളില്‍ ഒതുങ്ങി നില്‍ക്കുന്ന സംഘടനയാണ് അമ്മയെന്നും അതുകൊണ്ട് തന്നെ അതൊരു മാഫിയ സംഘടന ആവാമെന്നുമായിരുന്നു ഷമ്മി തിലകന്റെ പ്രതികരണം.ദിലീപ് വിഷയത്തില്‍ ഇന്നസെന്റിന്റേയും മുകേഷിന്റേയും മൗനം പ്രശ്നം തന്നെയാണെന്ന് ചൂണ്ടിക്കാട്ടിയ ഷമ്മി തിലകന്‍ ദിലീപ് വിഷയം തിലകന്‍ വിഷയവുമായി കൂട്ടിക്കുഴക്കേണ്ടെന്നും പറഞ്ഞു.

ദിലീപിന്റെ വിഷയവും തിലകന്‍ വിഷയവും ബന്ധപ്പെടുത്തേണ്ട കാര്യമില്ല. ഇരുവര്‍ക്കുമെതിരെ അമ്മ നടപടി എടുത്തു എന്നത് മാത്രമാണ് സാമ്യമെന്നും ഷമ്മി തിലകന്‍ പറയുന്നു.

ദിലീപിനെ പുറത്താക്കിയ നടപടി നിയമപരമായി നിലനില്‍ക്കുന്നതല്ലെന്നാണ് കേസുമായി ബന്ധപ്പെട്ട് കോടതിയില്‍ നിന്നൊക്കെ ചിലര്‍ പറഞ്ഞത്. അതുകൊണ്ട് തന്നെ ദിലീപിനെ പുറത്താക്കിയെന്ന് മാധ്യമങ്ങളോട് പറഞ്ഞ മമ്മൂട്ടി അടക്കമുള്ളവര്‍ക്കെതിരെയാണ് നടപടി വേണ്ടതെന്നും ഷമ്മി തിലകന്‍ ആവശ്യപ്പെട്ടു. മീഡിയ വണ്‍ ചാനലിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

തിലകന്‍ വിഷയത്തില്‍ പരിഹാരം വേണമെന്ന് താന്‍ പലതവണ രേഖാ മൂലം ആവശ്യപ്പെട്ടതാണ്. ഈ വിഷയം ഉന്നയിക്കാന്‍ ജനറല്‍ ബോഡിയിലേക്ക് വരേണ്ടതില്ല എന്നായിരുന്നു ഇടവേള ബാബുവിന്റെ പ്രതികരണം.തുടര്‍ച്ചയായി മൂന്ന് തവണ യോഗത്തില്‍ പങ്കെടുക്കാത്ത അംഗത്തെ പുറത്താക്കണമെന്നാണ് വ്യവസ്ഥ. അങ്ങനെയങ്കില്‍ തനിക്കെതിരെ എന്തുകൊണ്ട് നടപടിയെടുത്തില്ലെന്നും ഷമ്മി തിലകന്‍ ചോദിച്ചു.

വിഷയം അമ്മ മുന്‍ പ്രസിഡന്റ് ഇന്നസെന്റിനെ ധരിപ്പിച്ചതാണ്. എന്നാല്‍ തനിക്കൊരു റോളുമില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. നീതിക്ക് വേണ്ടി കാത്തിരിക്കാനാണ് തീരുമാനമെന്നും ഷമ്മി തിലകന്‍ പറഞ്ഞു.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7