ബിഷപ്പിനെതിരായ ലൈംഗിക ആരോപണം, കുറവിലങ്ങാട് കന്യാസ്ത്രീ മഠത്തില്‍ ഫൊറന്‍സിക് പരിശോധന:കന്യാസ്ത്രീയുടെ പക്കല്‍ വ്യക്തമായ തെളിവുകളുണ്ടെന്ന് ഇടവക വികാരിയായ ഫാ. നിക്കോളാസ് മണിപ്പറമ്പില്‍

കോട്ടയം: ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ ലൈംഗികമായി പീഡിപ്പിച്ചുവെന്ന പരാതിയെ തുടര്‍ന്ന് കുറവിലങ്ങാട് കന്യാസ്ത്രീ മഠത്തില്‍ ഫൊറന്‍സിക് സംഘം പരിശോധന നടത്തി. ശാസ്ത്രീയ തെളിവുകള്‍ കണ്ടെത്തുന്നതിന് വേണ്ടിയായിരുന്നു പരിശോധന. പീഡനം നടന്നുവെന്ന് പറയുന്ന മുറി, കന്യാസ്ത്രീ മഠത്തിലെ രേഖകള്‍ തുടങ്ങിയവയെല്ലാം പരിശോധനയ്ക്ക് വിധേയമാക്കി.മഠത്തിലെ 20ാം നമ്പര്‍ മുറിയിലാണ് പീഡനം ആദ്യം നടന്നതെന്നാണ് പരാതിക്കാരിയുടെ മൊഴി. ഇവിടെനിന്ന് ഏതെങ്കിലും തരത്തിലുള്ള തെളിവുകള്‍ ലഭിക്കുമോ എന്നാണ് ഫൊറന്‍സിക് സംഘം പരിശോധിച്ചത്. വൈക്കം ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും ഫൊറന്‍സിക് സംഘത്തോടൊപ്പം കന്യാസ്ത്രീ മഠത്തില്‍ ഉണ്ടായിരുന്നു. കേസില്‍ കന്യാസ്ത്രീകളുടെ മൊഴി പൊലീസ് രേഖപ്പെടുത്തി.

ഫ്രാങ്കോ മുളയ്ക്കല്‍ മഠത്തില്‍ എത്തിയതിന് തെളിവുകള്‍ പരിശോധനയില്‍ കണ്ടെത്തി. രജിസ്റ്ററില്‍ കൃത്രിമം നടന്നിട്ടില്ലെന്നും ആവശ്യമെങ്കില്‍ വൈദികനെ വിളിച്ച് വരുത്തി പരിശോധന നടത്തുമെന്ന് അന്വേഷണ സംഘം അറിയിച്ചു.

അതേസമയം, ജലന്ധര്‍ ബിഷപ്പ് ഭീഷണിപ്പെടുത്തുന്നതായി കന്യാസ്ത്രീയുടെ സഹോദരി വ്യക്തമാക്കി. ബിഷപ്പിന്റെ സഹപ്രവര്‍ത്തകരായ വൈദികരും ബന്ധുക്കളും അപായപ്പെടുത്തുന്നു. മകനെയും സഹോദരങ്ങളെയും ഇല്ലായ്മ ചെയ്യുമെന്നായിരുന്നു ഭീഷണിയെന്നും കന്യാസ്ത്രീയുടെ സഹോദരി പറഞ്ഞു. സഭയ്ക്ക് പണവും സ്വാധീനവും ഉണ്ടെന്ന് ഭീഷണിപ്പെടുത്തിയെന്ന് സഹോദരനും വെളിപ്പെടുത്തി.

കൂടാതെ, ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെതിരെ ലൈംഗിക ആരോപണം ഉന്നയിച്ച കന്യാസ്ത്രീയുടെ പക്കല്‍ വ്യക്തമായ തെളിവുകളുണ്ടെന്ന് ഇടവക വികാരിയായ ഫാ. നിക്കോളാസ് മണിപ്പറമ്പില്‍ പറയുന്നു. ഫോണ്‍കോളുകളും വാട്ട്സപ്പ് സന്ദേശങ്ങളും ഉള്‍പ്പെടെ ശബ്ദരേഖ അടക്കമുള്ള തെളിവുകള്‍ കന്യാസ്ത്രീയുടെ പക്കലുണ്ടെന്നാണ് വാദം.ശക്തമായ തെളിവുകള്‍ ഉള്ളതിനാലാണ് അവര്‍ നിലപാടില്‍ ഉറച്ചു നില്‍ക്കുന്നതെന്നും ഫാദര്‍ നിക്കോളാസ് മണിപ്പറമ്പില്‍ വ്യക്തമാക്കി.

പ്രശ്നപരിഹാരത്തിനായി ബിഷപ്പിന്റെ പ്രതിനിധി തന്നെ സമീപിച്ചിരുന്നെന്നും അദ്ദേഹം വെളിപ്പെടുത്തി. അതിനാല്‍ ഇടനിലക്കാരനായി പ്രശ്നം പരിഹരിക്കാന്‍ ശ്രമിച്ചിരുന്നു. കന്യാസ്ത്രീയും മഠത്തിലെ മറ്റുള്ളവരുമായും ഇക്കാര്യം സംസാരിച്ചിരുന്നു. പരാതി നല്‍കി, കഴിഞ്ഞ 30ാം തിയതിക്കകം പ്രശ്നപരിഹാരമുണ്ടായില്ലെങ്കില്‍ മാധ്യമങ്ങളെ സമീപിക്കുമെന്ന് കന്യാസ്ത്രീ പറഞ്ഞിരുന്നതായും വികാരി വെളിപ്പെടുത്തി.

നേരത്തെ ബിഷപ്പിനെതിരായ ലൈംഗിക പീഡന ആരോപണത്തില്‍ ഉറച്ചുനില്‍ക്കുകയാണെന്ന് കന്യാസ്ത്രീ വ്യക്തമാക്കിയിരുന്നു. അന്വേഷണ സംഘം നടത്തിയ മൊഴിയെടുപ്പിലാണ് അവര്‍ തന്റെ നിലപാട് അറിയിച്ചത്. മൊഴിയെടുപ്പിന് പിന്നാലെ ബിഷപ്പിനെ ചോദ്യം ചെയ്യുമെന്ന് പൊലീസ് അറിയിച്ചിരുന്നു.

ഇതിനിടെ, പീഡിപ്പിച്ചുവെന്ന കന്യാസ്ത്രീയുടെ പരാതി കിട്ടിയിട്ടില്ലെന്ന് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി വ്യക്തമാക്കിയിരുന്നു. പരാതി ഇതുവരെ തന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടില്ല. പീഡനം അന്വേഷിക്കേണ്ടത് ജലന്ധര്‍ രൂപതയാണെന്നും ആലഞ്ചേരി പറഞ്ഞു.

അതേസമയം ജലന്ധര്‍ ബിഷപ്പിന്റെ പീഡനത്തെ കുറിച്ച് ആദ്യം പരാതി നല്‍കിയത് കുറവിലങ്ങാട് പള്ളി വികാരിക്കാണെന്ന് കന്യാസ്ത്രീ മൊഴി നല്‍കിയിരുന്നു. പാലാ ബിഷപ്പിനും പരാതി നല്‍കിയിരുന്നു. ഇമെയിലിലൂടെ വത്തിക്കാനും പരാതി നല്‍കി. തനിക്ക് നടപടി എടുക്കാന്‍ സാങ്കേതിക തടസമുണ്ടെന്ന് കര്‍ദ്ദിനാള്‍ അറിയിച്ചു. അന്വേഷണ സംഘത്തോടാണ് കന്യാസ്ത്രീ ഇക്കാര്യം വ്യക്തമാക്കിയത്.

ബിഷപ്പ് പീഡിപ്പിച്ചുവെന്ന പരാതിയില്‍ കന്യാസ്ത്രീ ഉറച്ചുനില്‍ക്കാന്‍ തീരുമാനിച്ചതോടെ വൈദികന്റെ അറസ്റ്റിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത്. പൊലീസിന് ലഭിച്ച മൊഴി അത്ര ശക്തമാണ്. ബലാത്സംഗവും പീഡനവും അടക്കം എല്ലാ ജാമ്യമില്ലാ വകുപ്പുകളും ചേര്‍ക്കാനുള്ള വകുപ്പുണ്ട്.

അതിനിടെ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ ആരോപണം ഉന്നയിച്ചതിനുപിന്നില്‍ കന്യാസ്ത്രീയുടെ അധികാരമോഹമാണെന്ന് മഠത്തിന്റെ ജലന്ധറില്‍നിന്നെത്തിയ മദര്‍ ജനറലും ജനറല്‍ കൗണ്‍സിലംഗങ്ങളും ആരോപിച്ചു. കന്യാസ്ത്രീ ഇതുവരെ സന്യാസിസമൂഹത്തിന് പരാതി നല്‍കിയിട്ടില്ലെന്നും അവര്‍ പറഞ്ഞു. പലതവണ മഠത്തിലെത്തി കന്യാസ്ത്രീയുമായി ചര്‍ച്ചനടത്തിയിരുന്നു. അന്നൊന്നും ഇങ്ങനെയൊരു പരാതി പറഞ്ഞിട്ടില്ലെന്നും അവര്‍ പറയുന്നു. കേസിന്റെ അന്വേഷണം തുടരുന്നതിനിടെ ജലന്തര്‍ രൂപതയുടെ നേതൃത്വത്തില്‍ അനുരഞ്ജന ശ്രമങ്ങളും ആരംഭിച്ചിട്ടുണ്ട്. രൂപതയുടെ പ്രതിനിധികള്‍ കോട്ടയത്ത് എത്തിയിട്ടുണ്ടെന്നാണു സൂചന. കന്യാസ്ത്രീക്കെതിരെ നല്‍കിയ പരാതിയുമായി ബന്ധപ്പെട്ട രേഖകളും ഇവര്‍ അന്വേഷണ സംഘത്തിനു മുന്നില്‍ ഹാജരാക്കുമെന്നു സൂചനയുണ്ട്. അനുരഞ്ജന നീക്കം പൊളിഞ്ഞാല്‍ ഉടന്‍ ബിഷപ്പിനെ അറസ്റ്റ് ചെയ്യേണ്ടി വരുമെന്ന സൂചന പൊലീസും സഭാ നേതൃത്വത്തിന് നല്‍കിയിട്ടുണ്ട്.

അതേസമയം കന്യാസ്ത്രീയുടെ രഹസ്യമൊഴി രേഖപ്പെടുത്താന്‍ വൈക്കം കോടതിയില്‍ അപേക്ഷ നല്‍കുമെന്ന് ഡിവൈഎസ്പി കെ.സുഭാഷ് അറിയിച്ചു. ബിഷപ്പിനായി ഉന്നതതല ഇടപെടല്‍ ശക്തമാണ്. അതുകൊണ്ട് തന്നെ ബിഷപ്പിനെ അതിവേഗ അറസ്റ്റിന് വിധേയനാക്കരുതെന്ന് പൊലീസിനോട് ഉന്നത കേന്ദ്രങ്ങള്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7