വീണ്ടും എസ്ഡിപിഐ ആക്രമണം; എസ്.എഫ്.ഐ പ്രകടനത്തിന് നേരെ ഉണ്ടായ ആക്രമണത്തില്‍ എസ്.എഫ്.ഐ നേതാവിന് വെട്ടേറ്റു

ആലപ്പുഴ: എറണാകുളം മഹാരാജാസ് കോളേജിലെ രണ്ടാം വര്‍ഷ ഫിലോസഫി വിദ്യാര്‍ഥി അഭിമന്യുവിനെ കൊലപ്പെടുത്തിയതില്‍ പ്രതിഷേധിച്ച് എസ്.എഫ്.ഐ ആലപ്പുഴയില്‍ നടത്തിയ പ്രതിഷേധ പ്രകടനത്തിന് നേരെ എസ്.ഡി.പി.ഐ ആക്രമണം. ആലപ്പുഴ ചാരുമ്മൂട് എസ്.എഫ്.ഐ ഏരിയ സെക്രട്ടറിയടക്കമുള്ളവര്‍ക്ക് നേരെയായിരുന്നു എസ്.ഡി.പി.ഐ ആക്രമണം. ഒരു എസ്.എഫ്.ഐ നേതാവിന് വെട്ടേറ്റു. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

ഇന്നലെ രാത്രിയാണ് മഹാരാജാസ് കോളേജിലെ എസ്.എഫ്.ഐ നേതാവായ അഭിമന്യുവിനെ ഒരുസംഘം വെട്ടിക്കൊലപ്പെടുത്തിയത്. മറ്റൊരു എസ്.എഫ്.ഐ പ്രവര്‍ത്തകനെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയായ അര്‍ജുന്‍ ആണ് ആശുപത്രിയില്‍ ഉള്ളത് എസ്.എഫ്.ഐ ഇടുക്കി ജില്ലാ കമ്മറ്റി അംഗവുമാണ് അഭിമന്യു.

എന്‍.ഡി.എഫ്- ക്യാംപസ് ഫ്രണ്ട് പ്രവര്‍ത്തകരാണ് സംഭവത്തിനു പിന്നിലെന്നും, എസ്.എഫ്.ഐയെ ക്യാംപസ്സില്‍ നിന്നും തുടച്ചു നീക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണിതെന്നും എസ്.എഫ്.ഐ. സംസ്ഥാന സെക്രട്ടറി സച്ചിന്‍ ദേവ് പറഞ്ഞു. അഭിമന്യൂവിനെ വെട്ടിക്കൊലപ്പെടുത്തിയത് ഇരുപതു പേരടങ്ങുന്ന സംഘമാണെന്ന് ദൃക്‌സാക്ഷിമൊഴിയുണ്ട്. ഇവരില്‍ ഒരാള്‍ മഹാരാജാസ് കോളജിലെ വിദ്യാര്‍ത്ഥിയാണെന്നും ബാക്കിയുള്ളവര്‍ പുറത്തുനിന്നുള്ളവരാണെന്നും ദൃക്‌സാക്ഷിയായ അനന്തു പറഞ്ഞു.

പുറത്തു നിന്നുള്ളവരെ കോളേജിനകത്തു കയറാന്‍ അനുവദിക്കാത്തതിന്റെ പേരിലാണ് തര്‍ക്കം ആരംഭിച്ചതെന്നും തര്‍ക്കത്തിനിടെ പിന്നില്‍ നിന്നും കുത്തുകയായിരുന്നുവെന്നും അനന്തു മാതൃഭൂമി ന്യൂസിനോടു പറഞ്ഞു. സംഭവത്തില്‍ മൂന്നു പേരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ക്യാംപസ് ഫ്രണ്ട് പ്രവര്‍ത്തകരാണ് ഇവര്‍. ക്യാമ്പസ്സിലെ ചുവരെഴുത്തുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.

സംഭവത്തില്‍ കസ്റ്റഡിയിലെടുത്തിട്ടുള്ള മൂന്നു പേര്‍ കോളജിലെ വിദ്യാര്‍ത്ഥികളല്ലെന്ന് പൊലീസ് അറിയിച്ചു. കൊലപാതകത്തില്‍ പ്രതിഷേധിച്ച് എസ്.എഫ്.ഐ ഇന്ന് സംസ്ഥാന വ്യാപകമായി പഠിപ്പു മുടക്കും.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7