കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ കുറ്റാരോപിതന്‍ ആയ നടന്‍ ദിലീപിനെ സംഘടനയില്‍ തിരിച്ചെടുത്തതിനെ തുടര്‍ന്ന്് താരസംഘടനയായ എ.എം.എം.എയുടെ ഫേസ്ബുക്ക് പേജില്‍ മലയാളികളുടെ പൊങ്കാല. സംഘടനയില്‍ നിന്ന് രാജിവെച്ച ഭാവന, രമ്യാ നമ്പീശന്‍, ഗീതു മോഹന്‍ ദാസ്, റിമ കല്ലിങ്കല്‍ എന്നിവരെ അനുമോദിച്ചും, തിലകനോട് എ.എം.എം.എ സ്വീകരിച്ച നിലപാടിനെ വിമര്‍ശിച്ചുമാണ് പേജില്‍ മലയാളികള്‍ പൊങ്കാലയിടുന്നത്. എന്നാല്‍ എ.എം.എം.എയുടെ നിലപാടിനെ അനുകൂലിച്ച് കമന്റ് ചെയ്യുന്നവരുടെ എണ്ണവും ചെറുതല്ല.
മലയാള സിനിമയിലെ ചില തെറ്റുകള്‍ ചൂണ്ടിക്കാട്ടിയതിന് തിലകന്‍ എന്ന മഹാനടനെ അമ്മ പുറത്താക്കി എന്ന പ്രതികരണങ്ങളും, നിങ്ങള്‍ മഴവില്‍ മനോരമയില്‍ അവതരിപ്പിച്ച സ്‌കിറ്റ് നിങ്ങളുടെ കാഴ്ചപ്പാടുകള്‍ വ്യക്തമാക്കുന്നതാണെന്ന് പ്രതികരണങ്ങളും പേജില്‍ കാണാം. രാജിവെച്ച നടിമാര്‍ക്ക് അവസരങ്ങള്‍ കിട്ടില്ലായിരിക്കും പക്ഷേ അവര്‍ ഇനി ജീവിക്കുക നട്ടെല്ലോടുകൂടിയായിരിക്കും എന്നും പ്രതികരണങ്ങളുണ്ട്.
ഇടതു എം.എല്‍.എമാരായ മുകേഷിനേയും ഗണേഷ് കുമാറിനേയും പല കമന്റുകളും നിശിതമായി വിമര്‍ശിക്കുന്നു. അമ്മ മുന്‍ പ്രസിഡന്റും ഇടത് എം.പിയുമായ ഇന്നസെന്റിനേയും കമന്റുകളില്‍ രൂക്ഷമായി വിമര്‍ശിക്കുന്നുണ്ട് മലയാളികള്‍.
എന്നാല്‍ ദിലീപിനേയും എ.എം.എം.എ നിലപാടുകളേയും അനുകൂലിക്കുന്ന കമന്റുകളുടെ എണ്ണവും ചെറുതല്ല. ശല്യങ്ങള്‍ പോയിക്കിട്ടി സന്തോഷം എന്ന് രാജിവച്ച നടിമാരെ പറ്റി പറയുന്ന പ്രതികരണങ്ങള്‍ പേജിലുണ്ട്. ദിലീപ് കുറ്റാരോപിതന്‍ മാത്രമാണെന്നും എ.എം.എം.എയുടെ നിലപാടുകള്‍ക്ക് പിന്തുണ എന്ന് പറയുന്ന കമന്റുകളും കാണാം.
പേജിന്റെ റേറ്റിങ്ങ് കുറയ്കാനും ക്യാംപെയ്ന്‍ നടക്കുന്നുണ്ട്. മലയാളികള്‍ കൂട്ടത്തോടെ 1 സ്റ്റാര്‍ റേറ്റിങ്ങ് നല്‍കിയതോടെ 2.5 മാത്രമാണ് ഇപ്പോള്‍ പേജിന്റെ റേറ്റിങ്ങ്. 1300ഓളം പേര്‍ 5 സ്റ്റാര്‍ റേറ്റിങ്ങ് നല്‍കിയപ്പോള്‍ 2300 ഓളം പേരാണ് 1 സ്റ്റാര്‍ റേറ്റിങ്ങ് പേജിന് നല്‍കിയിട്ടുള്ളത്
നേരത്തെ കലാ സാംസ്‌ക്കാരിക രംഗത്തെ പ്രമുഖര്‍ സംഘടനയുടെ നിലപാടിനെ വിമര്‍ശിച്ച് രംഗത്ത് വന്നിരുന്നു. ദിലീപിനെ തിരിച്ചെടുക്കാന്‍ പുതുതായി എന്ത് സാഹചര്യം ആണുണ്ടായതെന്ന് പലരും ചോദിച്ചു. നടന്‍ അലന്‍സിയര്‍, പൃഥ്വിരാജ് സംവിധായകന്‍ ആഷിഖ് അബു, സി.പി.ഐ.എം നേതാക്കളായ എം.എ ബേബി, ബൃന്ദാ കാരാട്ട്, തോമസ് ഐസക്ക്, വി.എസ് അച്യുതാനന്ദന്‍ തുടങ്ങിയവര്‍ എല്ലാവരും രാജിവച്ച നടിമാര്‍ക്കൊപ്പമാണെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.