കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ഉപദ്രവിച്ച കേസില്‍ പ്രതിയായ നടന് ദിലീപിനെ താരസംഘടനയായ അമ്മയിലേക്കു തിരികെയെടുക്കാനുള്ള തീരുമാനം വന്നതിനു പിന്നാലെ മാധ്യമങ്ങളെയും സിനിമയിലെ വനിതാ കൂട്ടായ്മയെയും അധിക്ഷേപിച്ച് ദിലീപ് ഫാന്‍സിന്റെ ഫെയ്സ്ബുക്ക് പേജ്. ദിലീപ് ഓണ്‍ലൈന്‍ എന്ന പേജിലാണ് അധിക്ഷേപകരമായ പരാമര്‍ശത്തോടെ തുടങ്ങുന്ന കുറിപ്പ് പോസ്റ്റ് ചെയ്തിരിക്കുന്നത്.
അമ്മയില്‍ നിന്നും പുറത്താക്കിയ അവയ്ലബിള് എക്സ്ക്യൂട്ടീവ് തീരുമാനം നിലനില്‍ക്കുന്നതല്ല എന്ന് അമ്മയുടെ ജനറല്‍ ബോഡി തീരുമാനമെടുത്തീട്ടുണ്ടെങ്കില്‍ അതിന്റെ അര്‍ത്ഥം ദിലീപിനെ അമ്മ എന്ന സംഘടന പുറത്താക്കിയിട്ടില്ല എന്നാണെന്ന് മന്ദബുദ്ധികളായ മാധ്യമങ്ങളെ, വിവരദോഷികളായ ഫെമിനിച്ചികളെ എന്ന് അഭിസംബോധന ചെയ്തുകൊണ്ടുള്ള പോസ്റ്റില്‍ പറയുന്നു. പുറത്താക്കാത്ത ഒരാളെ എന്തിനു തിരിച്ചെടുക്കണം എന്ന് ചിന്തിക്കാനുള്ള കഴിവ് നിങ്ങള്‍ക്ക് ഇല്ല എന്ന് ഞങ്ങള്‍ കരുതുന്നില്ല. നിങ്ങള്‍ക്ക് ദിലീപിനെ എങ്ങിനെയും തകര്‍ക്കണം എന്ന അജണ്ട മാത്രമെയുള്ളൂ എന്ന് നിങ്ങള്‍ നടത്തുന്ന ചര്‍ച്ചകളില്‍ നിന്നും, സോഷ്യല്‍മീഡിയാ പോസ്റ്റുകളില്‍ നിന്നും മനസ്സിലാക്കാന്‍ മാത്രം കഴിവില്ലാത്തവരല്ല മലയാളികള്‍.
ദിലീപിനെ പുറത്താക്കിയ വാര്‍ത്ത ചര്‍ച്ച ചെയ്ത് ആഘോഷം ആക്കിയതിന്റെ നാണക്കേട് മാധ്യമങ്ങള്‍ക്ക് മാത്രമല്ല,ദിലീപിനെ പുറത്താക്കാന്‍ പണിയെടുത്ത ‘സഹപ്രവര്‍ത്തകര്‍ക്കും’ ഉണ്ടായിരിക്കുമല്ലൊ? അമ്മപോലൊരു സ്വകാര്യ സംഘടനയ്ക്ക് അവരുടെ ബയലോ പ്രകാരം ഒരു തീരുമാനം എടുക്കാനുള്ള അവകാശം പോലും കൊടുക്കാതെ അവഹേളിക്കുന്നവരൊക്കെയാണു, ജനാധിപത്യത്തിനും, സ്ത്രീ സമത്വത്തിനുമൊക്കെ വേണ്ടി മുറവിളികൂട്ടുന്നതെന്നോര്‍ക്കുമ്പോള്‍ ഒരു റിലാക്സേഷനുണ്ടെന്ന് പോസ്റ്റില്‍ പറയുന്നു.