കോട്ടയം: ഒരു കത്തെഴുതി വെച്ചിട്ട് ജെസ്ന ഇറങ്ങിപ്പോകുമെന്ന് കരുതുന്നില്ലെന്ന് സഹപാഠിയുടെ വെളിപ്പെടുത്തല്‍. ജെസ്ന അപായപ്പെട്ടിട്ടുണ്ടോയെന്ന് ഭയമുണ്ടെന്നും സഹപാഠി പറഞ്ഞു.
കാണാതായിട്ട് മൂന്നുമാസം പിന്നിടുമ്പോഴും ജെസ്ന എവിടെയാണെന്നതിനെ കുറിച്ച് ഒരു സൂചനയുമില്ല. റാന്നി വെച്ചൂച്ചിറ മുക്കൂട്ടുതറ സന്തോഷ് കവലയില്‍ കുന്നത്ത് വീട്ടില്‍ ജെയിംസ് ജോസഫിന്റെ മകള്‍ ജെസ്ന മരിയം ജയിംസി(20)നെ കാണാനില്ലെന്ന് മാര്‍ച്ച് 22നാണ് വെച്ചൂച്ചിറ, എരുമേലി പൊലീസ് സ്റ്റേഷനുകളില്‍ പരാതി ലഭിച്ചത്.
കാഞ്ഞിരപ്പള്ളി സെയ്ന്റ് ഡൊമിനിക് കോളെജിലെ രണ്ടാംവര്‍ഷ ബി.കോം വിദ്യാര്‍ഥിനിയാണ് ജെസ്ന. പരീക്ഷയ്ക്ക് മുന്നോടിയായി പഠനാവധിയിലായിരുന്ന കുട്ടി അച്ഛന്റെ സഹോദരിയുടെ മുണ്ടക്കയത്തെ വീട്ടില്‍ പോകുന്നുവെന്ന് അടുത്ത വീട്ടില്‍ അറിയിച്ചാണ് 22ന് രാവിലെ 9.30ന് ഓട്ടോറിക്ഷയില്‍ മുക്കൂട്ടുതറയിലേക്ക് പോയത്. എന്നാല്‍, ജയിംസിന്റെ മുണ്ടക്കയത്തെ സഹോദരിയുടെ വീട്ടില്‍ എത്തിയില്ല. കൂട്ടുകാരോടും ഒന്നും പറഞ്ഞിരുന്നില്ല.
ജസ്നയെ അലട്ടിയിരുന്ന പ്രശ്നങ്ങളൊന്നുമുണ്ടായിരുന്നില്ലെന്ന് അച്ഛന്‍ ജെയിംസ് പറഞ്ഞു. സന്തോഷത്തോടെയാണ് മകളെ 22ന് രാവിലെയും കണ്ടത്. ജീവനോടെ തിരിച്ചുവരുമെന്നാണ് പ്രതീക്ഷ. പലയിടങ്ങളില്‍ കണ്ടു എന്ന മട്ടിലുള്ള പ്രചാരണം അന്വേഷണം വഴിതിരിച്ചുവിടുന്നതിന്റെ ഭാഗമാണോ എന്നു സംശയമുണ്ട്. ആദ്യഘട്ട അന്വേഷണത്തില്‍ വീഴ്ചവന്നെന്നും പറയുന്നു.
ആക്ഷേപങ്ങളുണ്ടെങ്കിലും നൂറുപേരടങ്ങുന്ന പൊലീസ് സംഘമാണ് അന്വേഷണത്തിലുള്ളത്. മിക്ക വിനോദസഞ്ചാരകേന്ദ്രങ്ങളും നിരീക്ഷണ ക്യാമറകളും പൊലീസ് പരിശോധിച്ചു. പരുന്തുംപാറയിലും മറ്റും കൊക്കയില്‍ ഇറങ്ങിനോക്കി. ജെയിംസ് പണിത കെട്ടിടങ്ങളില്‍ ‘ദൃശ്യം’ മാതൃകയില്‍ പരിശോധിച്ചു. ലക്ഷത്തിലധികം ഫോണ്‍കോളുകള്‍ പരിശോധിച്ചു. ബന്ധുക്കള്‍ അടക്കമുള്ളവരുടെ മൊഴി പലവട്ടം എടുത്തു. ‘താന്‍ മരിക്കാന്‍ പോകുന്നു’ എന്ന് ജസ്ന സുഹൃത്തിനയച്ച സന്ദേശവും മറ്റും ഫോണില്‍നിന്ന് കണ്ടെടുത്തു. സൗഹൃദം മാത്രമാണ് ജസ്നയുമായി ഉണ്ടായിരുന്നതെന്ന് സുഹൃത്ത് പറയുന്നു. ഐ.ജി. മനോജ് എബ്രഹാമിനാണ് അന്വേഷണച്ചുമതല.