ഗ്രൂപ്പുകള്‍ക്ക് മാസ വരിസംഖ്യ ഏര്‍പ്പെടുത്തി ഫേസ്ബുക്ക്; അഡ്മിന്‍മാര്‍ക്ക് മാസം 250 മുതല്‍ 2000 വരെ വരുമാനം നേടാം

ഫേസ്ബുക്ക് ഗ്രൂപ്പുകളില്‍ ചിലതിന് മാസ വരിസംഖ്യ ഏര്‍പ്പെടുത്താനൊരുങ്ങി ഫേസ്ബുക്ക്. ഗ്രൂപ്പ് അഡ്മിനിസ്ട്രേറ്റര്‍മാര്‍ക്ക് പ്രതിമാസം 250 മുതല്‍ 2000 രൂപ വരെ മാസവരിസംഖ്യ ഈടാക്കാന്‍ അധികാരം നല്‍കുന്നതാണ് ഈ നീക്കം. ബ്ലോഗ് പോസ്റ്റിലൂടെയാണ് ഫെയ്സ്ബുക്ക് ഇക്കാര്യം പ്രഖ്യാപിച്ചത്. ടെസ്റ്റിങിന്റെ ഭാഗമായി സബ്സ്‌ക്രിപ്ഷന്‍ ഫീച്ചര്‍ ലഭിച്ചിരിക്കുന്നത് ഏതാനും ചില പേരന്റിങ്, കുക്കിങ്, ഹോം ക്ലീനിങ് ഗ്രൂപ്പുകള്‍ക്കാണെന്ന് ദ് വേര്‍ജ് റിപ്പോര്‍ട്ട് ചെയ്യുന്നു.

നിലവിലുള്ള സൗജന്യമായി ആക്സസ് ചെയ്യാന്‍ കഴിയുന്ന ഗ്രൂപ്പുകള്‍ അതേപടി നിലനില്‍ക്കും. എന്നാല്‍, അവര്‍ക്ക് പ്രീമിയം സബ് ഗ്രൂപ്പുകള്‍ ഉടന്‍ തന്നെ അവതരിപ്പിക്കാനുള്ള ഓപ്ഷന്‍ ഫെയ്സ്ബുക്ക് ലഭ്യമാക്കും.

ഫെയ്സ്ബുക്ക് ഗ്രൂപ്പുകള്‍ തുടങ്ങിയ കാലം മുതല്‍ക്ക് തന്നെ ഇവ സൗജന്യമായിരുന്നു. ലോക്കല്‍ ക്ലബുകളിലും മറ്റും വരിസംഖ്യ നല്‍കി അംഗത്വമെടുക്കുന്നതിന്റെ വെര്‍ച്വല്‍ പതിപ്പാണ് ഫെയ്സ്ബുക്ക് ഗ്രൂപ്പുകളുടെ സബ്സ്‌ക്രിപ്ഷന്‍. ഗ്രൂപ്പുകളുടെ എണ്ണം കൂടുന്നതും ചപ്പും ചവറും നിറയുന്നതും തടയുക എന്ന ഉദ്ദേശ്യം തന്നെയാണ് ഈ നീക്കത്തിന് പിന്നില്‍. ഗ്രൂപ്പുകള്‍ക്ക് പേ വാള്‍ വരുന്നതോടെ എക്സ്‌ക്ലൂസീവ് ഗ്രൂപ്പുകള്‍ക്കും മറ്റും കൂടുതല്‍ നിലവാരത്തോടെ നിലനില്‍ക്കാന്‍ സാധിക്കും.

ഒരു ഗ്രൂപ്പ് വളര്‍ത്താനും കമ്മ്യൂണിറ്റിയെ ഒരുമിപ്പിക്കാനും അഡ്മിന്‍ വലിയ തോതില്‍ സമയം ചെലവഴിക്കുന്നുണ്ട് എന്നതിനാല്‍ അവര്‍ക്കുള്ള വരുമാന സ്രോതസ്സ് കൂടിയാണിതെന്ന് ഫെയ്സ്ബുക്ക് പറയുന്നു. ഗ്രൂപ്പുകളില്‍ നിന്ന് കിട്ടുന്ന സബ്സ്‌ക്രിപ്ഷന്‍ ഫീസ് പൂര്‍ണമായും അഡ്മിന്‍സിനുള്ളതാണെന്നും കൂടുതല്‍ ക്വാളിറ്റിയുള്ള വീഡിയോ കണ്ടന്റുകളും ഓഫ്ലൈന്‍ മീറ്റപ്പുകള്‍ക്കും മറ്റുമായി ഈ പണം ഉപയോഗിക്കാമെന്നും ഫെയ്സ്ബുക്ക് വ്യക്തമാക്കി.

ആന്‍ഡ്രോയിഡ് ആപ്പ് ഉപയോഗിക്കുന്നതിലൂടെ കിട്ടുന്ന വരുമാനത്തിന്റെ ഒരു വിഹിതം ഗൂഗിളിനും ഐഒഎസ് ആപ്പില്‍നിന്നുള്ള വരുമാനത്തിന്റെ ഒരു വിഹിതം ആപ്പിളിനും കൊടുക്കേണ്ടി വരുമെന്നാണ് സൂചന. പ്ലേസ്റ്റോര്‍ ആപ്പ്സ്റ്റോര്‍ പോളിസിയില്‍ അത് കൃത്യമായി പറയുന്നുമുണ്ട്.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7