വാര്‍ത്താ വിതരണ മന്ത്രാലയത്തിന് പിന്നാലെ നീതി ആയോഗില്‍ നിന്നും സ്മൃതി ഇറാനി ഔട്ട്

ന്യൂഡല്‍ഹി: വാര്‍ത്താവിനിമയ മന്ത്രാലയത്തില്‍ നിന്നും നീക്കി ഒരുമാസം കഴിയുന്നതിന് മുമ്പ് നീതി ആയോഗില്‍ നിന്നും സ്മൃതി ഇറാനിനിയെ പുറത്താക്കി. നീതി ആയോഗിന്റെ പ്രത്യേക ക്ഷണിതാക്കളുടെ ലിസ്റ്റില്‍ നിന്നാണ് സ്മൃതി ഇറാനിയെ പുറത്താക്കിയത്.

ജൂണ്‍ ഏഴിന് പുറത്തിറക്കിയ ഔദ്യോഗിക ഉത്തരവിലാണ് സ്മൃതി ഇറാനിയെ നീതി ആയോഗ് ക്ഷണിതാവ് സ്ഥാനത്തുനിന്നും പുറത്താക്കിയതായി പറയുന്നത്. മാനവവിഭവശേഷി മന്ത്രി പ്രകാശ് ജാവേദ്കറാണ് സ്മൃതി ഇറാനിയെ നീതി ആയോഗില്‍ നിന്നും പുറത്താക്കിയത്. പകരം മന്ത്രി ഇന്ദ്രജിത് സിങ്ങിന് ക്ഷണിതാവ് സ്ഥാനം നല്‍കുകയും ചെയ്തു.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അനുമതിയോടുകൂടിയാണ് ഈ മാറ്റമെന്നാണ് റിപ്പോര്‍ട്ട്. ജൂണ്‍ 17ന് നീതി ആയോഗിന്റെ യോഗം നടക്കാനിരിക്കെയാണ് ഈ മാറ്റം കൊണ്ടുവന്നിരിക്കുന്നത്. പ്രധാനമന്ത്രി കൂടി പങ്കെടുക്കുന്ന യോഗമാണ് നടക്കാനിരിക്കുന്നത്.

മെയ് 14നാണ് സ്മൃതി ഇറാനിയെ വാര്‍ത്താവിനിമയ മന്ത്രാലയത്തില്‍ നിന്നും പുറത്താക്കുന്നത്. സ്മൃതി ഇറാനിയുടെ ഡെപ്യൂട്ടിയായി ജോലി ചെയ്തിരുന്ന രാജ്യവര്‍ധന്‍ സിങ് റാത്തോറിന് മന്ത്രാലയത്തിന്റെ ചുമതല നല്‍കുകയായിരുന്നു. താരതമ്യേന പ്രാധാന്യം കുറഞ്ഞ ടെക്സ്‌റ്റൈല്‍ മന്ത്രാലയത്തിന്റെ ചുമതലയാണ് സ്മൃതി ഇറാനിക്ക് നിലവിലുള്ളത്.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7