കോഴിക്കോട്: കോഴിക്കോട് ഒരാള്‍ക്ക് കൂടെ നിപ വൈറസ് ബാധിച്ചതായി സ്ഥിരീകരിച്ചു. നഴ്സിംഗ് വിദ്യാര്‍ത്ഥിനിക്കാണ് നിപ ബാധിച്ചതായി സ്ഥിരീകരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ് നിപ വൈറസ് ബാധിച്ച വിദ്യാര്‍ത്ഥിനി. ഇതോടെ രോഗബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 14 ആയി ഉയര്‍ന്നു.
മണിപ്പാലിലെ ആശുപത്രിയില്‍ വച്ച് നടന്ന പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. എന്നാല്‍ വിദ്യാര്‍ത്ഥിനിയുടെ അവസ്ഥ ഗുരുതരമല്ലെന്നും, വ്യക്തിയുടെ രോഗപ്രതിരോധ ശേഷി അനുസരിച്ച് രോഗത്തിന്റെ തീവ്രതയില്‍ വ്യത്യാസം ഉണ്ടാകുമെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
ഇതുവരെ 12 പേരാണ് രോഗം ബാധിച്ച് സംസ്ഥാനത്ത് മരിച്ചത്. രോഗം മൂര്‍ച്ഛിക്കുന്ന പശ്ചാത്തലത്തില്‍ അതീവ ജാഗ്രതയിലാണ് സംസ്ഥാനം.
നിപ്പ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ മെയ് 31 വരെ ജില്ലയിലെ മുഴുവന്‍ സര്‍ക്കാര്‍ പൊതുപരിപാടികള്‍, യോഗങ്ങള്‍, ഉദ്ഘാടനങ്ങള്‍, ജാഗ്രത പരിപാടികള്‍ എന്നിവ നിര്‍ത്തിവെക്കാന്‍ ജില്ലാ കലക്ടര്‍ യു. വി ജോസ് നിര്‍ദ്ദേശം നല്കി. മെയ് 31 വരെ ട്യൂഷനുകള്‍, ട്രെയിനിങ് ക്ലാസ്സുകള്‍ എന്നിവ നടത്തുന്നതും ജില്ലാ കലക്ടര്‍ വിലക്കി.