വെടിവെയ്പ്പ്: തൂത്തുക്കുടിയില്‍ ഇന്ന് ഹര്‍ത്താല്‍, പ്ലാന്റ് അടച്ചു പൂട്ടണമെന്ന നിലപാടില്‍ ഉറച്ച് സമരക്കാര്‍

തൂത്തുക്കുടി: തൂത്തുക്കുടിയില്‍ സ്റ്റെര്‍ലൈറ്റ് കമ്പനിയുടെ പ്ലാന്റിനെതിരെ സമരം ചെയ്തതിന്റെ പേരില്‍ 12 പേരെ പൊലീസ് വെടിവെച്ചുകൊന്ന സംഭവത്തില്‍ പ്രതിഷേധിച്ച് വിവിധ സംഘടനകള്‍ പ്രഖ്യാപിച്ച ഹര്‍ത്താല്‍ പുരോഗമിക്കുന്നു. വെടിവെപ്പിന്റെ പേരില്‍ കളക്ടറേയും എസ്പിയെയും സ്ഥലം മാറ്റിയെങ്കിലും പ്രതിഷേധം ശക്തമായിക്കൊണ്ടിരിക്കുകയാണ്.

സ്റ്റെര്‍ലൈറ്റ് പ്ലാന്റ് പൂര്‍ണമായും അടച്ചുപൂട്ടണമെന്നാണ് പ്രതിഷേധക്കാരുടെ നിലപാട്. വെടിവെപ്പില്‍ പ്രതിഷേധിച്ച് വിവിധ സംഘടനകള്‍ പ്രഖ്യാപിച്ച ഹര്‍ത്താലില്‍ പേലീസ് ജാഗ്രത പാലിക്കുകയാണ്. വലിയ തോതില്‍ അക്രമ സംഭവങ്ങള്‍ അരങ്ങേറുമെന്നാണ് റിപ്പോര്‍ട്ട്. ഇന്നലെ രാത്രി സംഘടിച്ചെത്തിയ യുവാക്കള്‍ പൊലീസിന് നേരെ പെട്രോള്‍ ബോംബെറിഞ്ഞിരുന്നു.

അതേ സമയം വെടിവെപ്പ് പരമാവധി ഒഴിവാക്കണമെന്ന് പൊലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. സമര നേതാക്കളുടെ വീടുകളില്‍ കഴിഞ്ഞ ദിവസം രാത്രിയും പൊലീസ് റെയ്ഡ് നടത്തിയിരുന്നു. ഇന്റര്‍നെറ്റും കേബിള്‍ കണക്ഷനുകളും വിഛേദിച്ചിരിക്കുകയാണ്. സുരക്ഷക്കായി കേന്ദ്ര സേനയും തമിഴ്നാട്ടിലെത്തിയിട്ടുണ്ട്. അതേസമയം മരിച്ച 12 പേരുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടം ചെയ്യുന്നത് സംബന്ധിച്ച് ഇന്ന് മദ്രാസ് ഹൈക്കോടതി വിധി പുറപ്പെടുവിക്കും. പലരെയും തെരെഞ്ഞ് പിടിച്ച് വെടിവെച്ച് കൊന്നെന്ന പരാതി ഉയര്‍ന്നതിനാലാണ് കോടതി വിഷയത്തിലിടപെട്ടത്.

തൂത്തുക്കുടി വെടിവയ്പ്പില്‍ തമിഴ്‌നാട് സര്‍ക്കാര്‍ പ്രഖ്യാപിച്ച ജുഡീഷ്യല്‍ തെളിവെടുപ്പ് ഇന്ന് തുടങ്ങും. രണ്ടാമതും വെടിവെയ്പ്പുണ്ടായതിനെ തുടര്‍ന്ന് നീലഗിരി സന്ദര്‍ശനം വെട്ടിച്ചുരുക്കി ചെന്നൈയിലെത്തിയ ഗവര്‍ണര്‍ ബന്‍വാരിലാല്‍ പുരോഹിതിനെ മുഖ്യമന്ത്രി എടപ്പാടി പളനിസാമി സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ ധരിപ്പിച്ചു. കലക്ടര്‍ക്കും എസ്.പിക്കും എതിരായ നടപടി സ്ഥലം മാറ്റത്തില്‍ ഒതുക്കിയതിതിനെതിരെയും പ്രതിഷേധമുയര്‍ന്നിട്ടുണ്ട്. ഡി.എം.കെയുടെ നേതൃത്വത്തിലുള്ള സംസ്ഥാന വ്യാപക പ്രതിഷേധം നാളെ നടക്കും.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7