കൊച്ചി:ഏതാനും ദിവസം മുമ്പ് കണ്ണൂര്‍ തളിപ്പറമ്പില്‍ കെഎസ്ആര്‍ടിസി ബസ് യാത്രക്കാരനെ മര്‍ദ്ദിച്ച സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. സംഭവത്തിനിടെ സ്വകാര്യ ബസ് ജീവനക്കാരുടെ മര്‍ദ്ദനത്തില്‍ നിന്നും കെഎസ്ആര്‍ടിസി യാത്രക്കാരനെ രക്ഷിച്ച് ഹീറോയായി മാറിയ വ്യക്തിയെ അന്ന് മുതല്‍ സോഷ്യല്‍ മീഡിയ തിരഞ്ഞുകൊണ്ടിരിക്കുകയായിരുന്നു. ഒടുവില്‍, ഇപ്പോഴിതാ ആ രക്ഷകനെ കണ്ടെത്തിയിരിക്കുന്നു. കണ്ണൂര്‍ തളിപ്പറമ്പ് പട്ടുവം സ്വദേശി നാസറാണ് നമ്മള്‍ അന്വേഷിച്ചുനടന്ന ആ കൊലമാസ് ചേട്ടന്‍! ഇയാളെ കണ്ടെത്തിയ വിവരം ബിജു നിലങ്ങല്‍ എന്നയാളാണ് ഫേസ്ബുക്കിലൂടെ അറിയിച്ചത്.
അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്ന കയ്യേറ്റത്തിനിടയില്‍ സിനിമ സ്റ്റെലില്‍ എത്തി വഴക്ക് കൂടുന്നവരെ ഒരു പാഠം പഠിപ്പിച്ച് ഹീറോയായാണ് അന്ന് ആ ചേട്ടന്‍ മടങ്ങിയത്. ആ ചേട്ടന്റെ ഇടപെടലാണ് ഇരു കൂട്ടരുടെയും വഴക്ക് ഒത്തുതീര്‍പ്പാക്കി രംഗം സമാധാനപരമാക്കിയത്. അതിന് ശേഷം ഈ രംഗങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി. പിന്നങ്ങോട്ട് എല്ലാവരും നമ്മുടെ ഹീറോയെ തപ്പി നടക്കുകയായിരുന്നു.