തിരുവനന്തപുരം: വിദേശവനിത ലിഗയുടെ കൊലപാതകം ബലാത്സംഗ ശ്രമത്തിനിടെയാകാമെന്ന സംശയത്തില്‍ പൊലീസ്. കേസുമായി ബന്ധപ്പെട്ട് കോവളം സ്വദേശിയായ പുരുഷ ലൈംഗിക തൊഴിലാളിയെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ഇയാള്‍ ലിഗയ്ക്ക് ലഹരി കലര്‍ന്ന സിഗരറ്റ് നല്കി ബോധം കെടുത്തി കണ്ടല്‍ക്കാട്ടിലേക്ക് കൂട്ടിക്കൊണ്ടു പോകുകയായിരുന്നു. അവിടെ വച്ച് ഇയാള്‍ ലിഗയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നും തുടര്‍ന്ന് ലിഗ ചെറുത്തു നില്ക്കാന് ശ്രമിക്കുകയും ചെയ്തു. ഇതിനിടെയാണ് മരണം സംഭവിച്ചതെന്നാണ് പൊലീസ് കരുതുന്നത്.
കോട്ടയത്തു നിന്നാണ് ഇയാളെ പിടികൂടിയത്. തിരുവല്ലം കോവളം സ്റ്റേഷനുകളില്‍ ഇയാള്‍ക്കെതിരെ നിരവധി കേസുകള്‍ നിലനില്‍ക്കുന്നതായും പൊലീസ് പറഞ്ഞു. മാര്‍ച്ച് 14 ന് ഓട്ടോറിക്ഷയില്‍ ബീച്ചില്‍ വന്നിറങ്ങിയ ലിഗയ്ക്ക് താന്‍ സിഗരറ്റ് നല്‍കിയിരുന്നു. എന്നാല്‍ പിന്നീട് അവര്‍ എങ്ങോട്ടാണ് പോയതെന്ന് തനിക്കറിയില്ലെന്നും പിടിയിലായ പ്രതി പറഞ്ഞു.
ഇതിനുമുമ്പ് ഇയാളെ ചില ഹോട്ടലുകളില്‍ വിദേശീയരെ ഉപദ്രവിച്ച കേസുകളില്‍ പിടിയിലായിട്ടുണ്ട്. മാത്രമല്ല ലിഗയുടെ മൃതദേഹം കണ്ടെത്തിയ പ്രദേശം പുരുഷ ലൈംഗിക തൊഴിലാളികളുടെ സ്ഥിരം കേന്ദ്രമാണെന്നും ഇയാളെ അവിടെ കാണാറുണ്ടെന്നും പ്രദേശവാസികള്‍ പറഞ്ഞു.
പീഡനത്തിന്റെ തെളിവുകളൊന്നും പ്രാഥമിക പരിശോധനയില്‍ ലഭിച്ചിരുന്നില്ല. ലൈംഗിക പീഡനത്തിന്റെ തെളിവുകള്‍ കണ്ടെത്താന്‍ ആന്തരിക അവയവങ്ങള്‍ കെമിക്കല്‍ ലാബില്‍ പരിശോധനയ്ക്കായി അയച്ചിരിക്കയാണ്.