കെഎസ്ആര്‍ടിസിയുടെ തന്നെ ചരിത്രത്തില്‍ ആദ്യ സംഭവമായ ബസിന് പേരിടാന്‍ കാരണക്കാരിയായ ആ പെണ്‍കുട്ടിയെ ഒടുവില്‍ തിരിച്ചറിഞ്ഞു. ഡിഗ്രി വിദ്യാര്‍ത്ഥിനി റോസ്മിയായാണ് ‘ചങ്ക് ബസിനെ’ കൈവിടാതെ തിരികെയെത്തിച്ച ആ മിടുക്കി പെണ്‍കുട്ടി. കെഎസ്ആര്‍ടിസി ഇരാറ്റുപേട്ട ബസ് മാറ്റിയതിനെതിരെ ഡിപ്പോയില്‍ ഫോണ്‍വിളിച്ച റോസ്മിയും കൂട്ടുകാരികളും എംഡി ടോമിന്‍ തച്ചങ്കിരിയുമായി അദ്ദേഹം ആവശ്യപ്പെട്ടത് പ്രകാരം കൂടിക്കാഴ്ച നടത്തി.
ആദ്യം പേരും വിവരവും വെളിപ്പെടുത്താന്‍ മടിച്ചതിനാലാണ് അജ്ഞാതയായി തന്നെ ഫോണ്‍ചെയ്തതെന്ന് റോസ്മി പറഞ്ഞു. ഫോണ്‍ സംഭാഷണം സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ കെഎസ്ആര്‍ടിസി എംഡി തന്നെ നേരിട്ട് ഇടപ്പെട്ട് ആലുവയിലേക്ക് മാറ്റിയ ഇരാറ്റുപേട്ട വേണാട് ബസ് ആര്‍ സി 140 തിരിച്ചു ഈരാറ്റുപേട്ട ഡിപ്പോയില്‍ എത്തിക്കുകയും ചെയ്തു.
പിന്നീട് ബസിന് ചങ്കെന്ന പേര് നല്‍കാന്‍ നിര്‍ദ്ദേശം നല്‍കിയത് കെഎസ്ആര്‍ടിസി എംഡി തന്നെയാണ്. ബസിന്റെ മുന്‍വശവും പിറക് വശവും ഹൃദയത്തിന്റെ പ്രതീകമായി ലൗ ചിഹ്നവും ഒപ്പം ചങ്കെന്ന പേരും ബസില്‍ പതിപ്പിക്കുകയും ചെയ്തു.
കെഎസ്ആര്‍ടിസിയുടെ വലിയ ഫാനാണ് താനെന്നും ബസ് നഷ്ടപ്പെടുമോയെന്ന ഭയത്താലാണു വിളിച്ചതെന്നും റോസ്മി ടോമിന്‍ തച്ചങ്കരിയോട് പറഞ്ഞു. ആ വണ്ടിയിലാണു വീട്ടിലേക്കെത്തുന്നത്. നല്ല ഓര്‍മ്മകളുള്ളതിനാല്‍ ബസ് നഷ്ടപ്പെടുന്ന കാര്യം ചിന്തിക്കാനേ കഴിഞ്ഞില്ല. സംഭാഷണം ഇത്രവേഗം പ്രചരിക്കുമെന്ന് കരുതിയിരുന്നില്ലെന്നും റോസ്മി പറഞ്ഞു.