ദിവ്യ എസ് അയ്യര്‍ സ്വകാര്യ വ്യക്തിയ്ക്ക് പതിച്ച് നല്‍കിയത് സര്‍ക്കാര്‍ ഭൂമി തന്നെ; റിപ്പോര്‍ട്ട് ഉടന്‍ കളക്ടര്‍ക്ക് കൈമാറും

തിരുവനന്തപുരം: മുന്‍ തിരുവനന്തപുരം സബ് കലക്ടറും ശബരീനാഥ് എംഎല്‍എയുടെ ഭാര്യയുമായ ദിവ്യ എസ്. അയ്യര്‍ വര്‍ക്കലയില്‍ സ്വകാര്യ വ്യക്തിക്ക് പതിച്ച് നല്‍കിയത് സര്‍ക്കാര്‍ ഭൂമി തന്നെയെന്ന് സര്‍വേ വകുപ്പ്. ജില്ലാ സര്‍വേ സൂപ്രണ്ടാണ് ദിവ്യ കൈമാറിയത് പുറമ്പോക്ക് ഭൂമിയാണെന്ന് കണ്ടെത്തിയിരിക്കുന്നത്. ഈ റിപ്പോര്‍ട്ട് കലക്ടര്‍ ഡോ. വാസുകിക്ക് ഉടന്‍തന്നെ കൈമാറും.

നേരെത്ത ദിവ്യ സര്‍ക്കാര്‍ഭൂമി അനധികൃതമായി സ്വകാര്യ വ്യക്തിക്ക് പതിച്ചു കൊടുത്തതായി വി.ജോയ് എംഎല്‍എ പരാതി നല്‍കിയിരുന്നു. ഭൂമി നല്‍കിയത് ഭൂവിനിയോഗ നിയമം അനുസരിച്ചാണെന്നായിരുന്നു ദിവ്യയുടെ വിശദീകരണം. സംഭവം വിവാദമായതോടെ ദിവ്യ എസ് അയ്യരെ സബ് കല്കടര്‍ സ്ഥാനത്തു നിന്നും മാറ്റുകയും ചെയ്തിരുന്നു.

വര്‍ക്കല വില്ലേജിലെ ഇലകമണ്‍ പഞ്ചായത്തിലാണ് വിവാദ ഭൂമി. നിയമം അനുസരിച്ച് നോട്ടീസ് നല്‍കി നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കിയായിരുന്നു ഏറ്റെടുക്കല്‍. റോഡരികിലെ കണ്ണായ ഭൂമിയില്‍ പൊലീസ് സ്റ്റേഷന്‍ പണിയാനുള്ള നടപടികളുമായി പഞ്ചായത്ത് മുന്നോട്ട് പോകുന്നതിനിടെയാണ് സ്ഥലമുടമ ജെ. ലിജി ഹൈക്കോടതിയെ സമീപിച്ചത്.

തഹസില്‍ദാറുടെ നടപടി ഏകപക്ഷീയമാണെന്ന ആക്ഷേപത്തില്‍ പരാതിക്കാരിയെ കൂടി കേട്ട് തീര്‍പ്പാക്കാനായിരുന്നു കോടതി നിര്‍ദ്ദേശം. എന്നാല്‍ തഹസില്‍ദാറുടെ നടപടി അപ്പാടെ റദ്ദാക്കാനായിരുന്നു സബ് കളക്ടറുടെ തീരുമാനം.

റീ സര്‍വ്വെ 227 ല്‍ പെട്ട 27 സെന്റിനെ ചൊല്ലിയാണ് തര്‍ക്കം. തഹസില്‍ദാറുടെ നടപടി റദ്ദാക്കുന്ന സബ്കളക്ടറുടെ ഉത്തരവില്‍ ഇതെ കുറിച്ച് വ്യക്തമായൊന്നും പറയുന്നില്ല. തീരുമാനമെടുക്കും മുന്‍പ് തഹസില്‍ദാറെ കേള്‍ക്കാന്‍ തയ്യാറായില്ലെന്നും ആക്ഷേപമുണ്ട്. അതേ സമയം കയ്യേറ്റമെന്ന് തെളിയിക്കുന്ന രേഖകള്‍ ഹാജരാക്കാന്‍ താലൂക്ക് ഓഫീസിന് കഴിഞ്ഞിട്ടില്ലെന്നും ലഭ്യമായ രേഖകളെല്ലാം പരിശോധിച്ച് തന്നെയാണ് ഉത്തരവിറക്കിയതെന്നുമാണ് ദിവ്യ എസ്. അയ്യരുടെ വിശദീകരണം.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7