ന്യൂഡല്‍ഹി: സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും നേരെ ബിജെപി, സംഘപരിവാര്‍ പ്രവര്‍ത്തകര്‍ കുറ്റാരോപിതരായ വര്‍ദ്ധിച്ചുവരുന്ന ലൈംഗികാതിക്രമങ്ങള്‍, ന്യൂനപക്ഷ, ദലിത് വിഭാഗങ്ങള്‍ക്കെതിരായ വ്യാപക അക്രമങ്ങള്‍ തുടങ്ങിയവയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പുലര്‍ത്തുന്ന നിശബ്ദതയ്ക്കെതിരെ രൂക്ഷവിമര്‍ശനവുമായി ന്യൂയോര്‍ക്ക് ടൈംസ് എഡിറ്റോറിയല്‍. സ്ത്രീകള്‍ അക്രമിക്കപ്പെടുമ്പോള്‍ മോദി മൗനം പാലിക്കുകയാണെന്നും ന്യൂയോര്‍ക്ക് ടൈംസ് കുറ്റപ്പെടുത്തുന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോദി നിരന്തരം ട്വീറ്റ് ചെയ്യുന്നയാളാണ്. സ്വയം ഒരു ഗംഭീര പ്രാസംഗികനായാണ് അദ്ദേഹം തന്നെ പ്രതിഷ്ഠിച്ചിരിക്കുന്നത്. എന്നാല്‍ ഭാരതീയ ജനതാ പാര്‍ട്ടിയെ പിന്തുണക്കുന്നയാളുകള്‍ ഇന്ത്യയിലെ സ്ത്രീകള്‍ക്കും ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കും നേരെ അഴിച്ചുവിടുന്ന അക്രമങ്ങളിലും ഉയര്‍ത്തുന്ന ഭീഷണികളിലും അദ്ദേഹത്തിന് ശബ്ദം നഷ്ടപ്പെടുന്നു. ഇത് കുറ്റകരമാണ്.
യുപിയില്‍ പെണ്‍കുട്ടി പീഡനത്തിനിരയായപ്പോള്‍ പ്രതിയായ എംഎല്‍എയെ രക്ഷിക്കാന്‍ ബിജെപി രംഗത്തുണ്ടായിരുന്നു. കൊലപാതകത്തില്‍ പ്രതികളായ വ്യക്തിയെ അറസ്റ്റ് ചെയ്തതിനെതിരെ കശ്മീര്‍ മന്ത്രിസഭയിലെ ബിജെപി മന്ത്രിമാര്‍ തന്നെ പ്രദേശത്തുള്ളവരെ കൂട്ടുപിടിച്ച് റാലി നടത്തുകയും സംസ്ഥാന പൊലീസില്‍ നിന്നും അന്വേഷണം മാറ്റാനും ഗൂഢ ശ്രമങ്ങള്‍ നടത്തുകയാണെന്നും ന്യൂയോര്‍ക്ക് ടൈംസ് ആരോപിക്കുന്നു.
തന്നെ പിന്തുണക്കുന്നവര്‍ ചെയ്യുന്ന എല്ലാ കുറ്റകൃത്യങ്ങളെക്കുറിച്ചും മോദി ചര്‍ച്ച ചെയ്യണമെന്നും വിശദമായി സംസാരിക്കണമെന്നും പറയാന്‍ കഴിയില്ല. എന്നാല്‍ ഈ കേസുകളൊന്നും ഒറ്റപ്പെട്ട അതിക്രമങ്ങളല്ല എന്നതാണ് വസ്തുത. ഇത് തീവ്രദേശീയ ശക്തികള്‍ ആസൂത്രണം ചെയ്യുന്നതും സംഘടിതമായി നടപ്പാക്കുകയും ചെയ്യുന്ന ഭീകരതയാണ്. സ്ത്രീകള്‍, മുസ്ലീങ്ങള്‍, ദലിതര്‍, മറ്റ് അധസ്ഥിത ജനവിഭാഗങ്ങള്‍ എന്നിവരെ ലക്ഷ്യം വച്ചുള്ള ഭീകരത. ഒരു രാജ്യത്തെ മുഴുവന്‍ ജനതയേയും സംരക്ഷിക്കേണ്ട ചുമതലയാണ് പ്രധാനമന്ത്രിക്കുള്ളത്, അല്ലാതെ തങ്ങളുമായി സഖ്യമുള്ള പാര്‍ട്ടിയിലുള്ളവരെ മാത്രമല്ലെന്നും മുഖപ്രസംഗം വ്യക്തമാക്കി.