ന്യൂഡല്‍ഹി: ഈശ്വരന് ദേവാലയങ്ങള്‍ക്കകത്തില്ലെന്ന് ഇതില്‍ കൂടുതല്‍ തെളിവുകള്‍ വേണോ എന്ന് സ്വാമി സന്ദീപാനന്ദ ഗിരി. കാശ്മീരില്‍ എട്ടുവയസുകാരിയെ ബലാത്സംഗം ചെയ്തുകൊന്ന സംഭവത്തില്‍ കൊല്ലപ്പെട്ട ആസിഫയുടെ ചിത്രം പോസ്റ്റ് ചെയ്തുകൊണ്ടാണ് സന്ദീപാനന്ദഗിരി ഇങ്ങനെ ചോദിച്ചത്.
മുസ്ലിം നാടോടി സമൂഹമായ ബക്കര്‍വാളുകളെ രസന ഗ്രാമത്തില്‍ നിന്നും ഭയപ്പെടുത്തി ഓടിക്കുന്നതിനു വേണ്ടിയായിരുന്നു ഉയര്‍ന്ന ജാതിക്കാര്‍ എട്ടുവയസുകാരിയായ ആസിഫയെ ക്രൂര പീഡനത്തിനിരയാക്കിത്. കുട്ടിയുടെ വീടിന് പുറകിലുള്ള വനപ്രദേശത്തായിരുന്നു ക്രൂര കൃത്യം അരങ്ങേറിയിരുന്നത്. റവന്യൂവകുപ്പില്‍ ഉദ്യോഗസ്ഥനായി വിരമിച്ച സഞ്ജി റാമാും അയാളുടെ മകന് വിശാല്‍ ഗംഗോത്രയും പ്രായപൂര്‍ത്തിയായിട്ടില്ലാത്ത മരുമകനും ചേര്‍ന്നായിരുന്നു ക്രൂരതയ്ക്ക് തുടക്കം കുറിച്ചത്.
അതേസമയം കുട്ടിയുടെ കൊലപാതകത്തില്‍ കുറ്റപത്രം സമര്‍പ്പിക്കുന്നത് തടയാനുള്ള ശ്രമങ്ങളും കഴിഞ്ഞദിവസം ഉണ്ടായിരുന്നു. ജമ്മു കാശ്മീരിലെ കത്വ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേട്ടിന്റെ ഓഫീസിനു മുന്നിലായിരുന്നു നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ കുറ്റപത്രം സമര്‍പ്പിക്കാനെത്തിയപ്പോള്‍ ഒരുകൂട്ടം അഭിഭാഷകരാണ് ഇത് തടയാന്‍ ശ്രമിച്ചത്.
എന്നാല്‍, സംഭവത്തില്‍ പ്രതിഷേധിച്ച് ഇന്ത്യാ ഗേറ്റില്‍ ഇന്നലെ രാത്രി ആയിരങ്ങളാണ് ഒത്തുകൂടിയത്. ഒരു രാഷ്ട്രീയപാര്‍ട്ടിയുടെയും നേതൃത്വമില്ലാതിരുന്നിട്ടും പ്രതിഷേധാഹ്വാനം വന്ന് നിമിഷങ്ങള്‍ക്കകമാണ് ആയിരക്കണക്കിനു ജനങ്ങള്‍ ദല്‍ഹിയില്‍ ഒത്തുകൂടിയത്. ആറുവര്‍ഷം മുമ്പ് നിര്‍ഭയ കേസില്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെയും ആഹ്വാനമില്ലാതെ ജനങ്ങള്‍ രാജ്യ തലസ്ഥാനത്തെ തെരുവില്‍ ഇറങ്ങിയതിനു സമാനമായിരുന്നു ഇന്നലെ രാത്രി നടന്ന പ്രതിഷേധവും.
കാശ്മീരില്‍ ക്ഷേത്രത്തിനുള്ളില്വെച്ച ക്രൂരതയ്ക്കിരയായി കൊല്ലപ്പെട്ട എട്ടുവയസ്സുകാരി ആസിഫയ്ക്കും ഉത്തര്‍പ്രദേശില്‍ ബി.ജെ.പി എം.എല്‍.എ സെന്‍ഗാറിന്റെ പീഡനത്തിനിരയായ പെണ്‍കുട്ടിയ്ക്കും വേണ്ടിയായിരുന്നു ആയിരങ്ങള്‍ തെരുവില്‍ ഇറങ്ങി പ്രതിഷേധിച്ചത്.