കൊല്‍ക്കത്ത: ചാമ്പ്യന്മാരായ മിസോറത്തെ ഏകപക്ഷീയമായ ഒരു ഗോളിന് മുട്ടുകുത്തിച്ച് കേരളം സന്തോഷ്ട്രോഫി ഫുട്ബോളില്‍ ഫൈനലില്‍ കടന്നു. ഞായറാഴ്ച നടക്കുന്ന ഫൈനലില്‍ കേരളം ബംഗാളിനെ നേരിടും. മോഹന്‍ ബഗാന്റെ മൈതാനത്ത് പകരക്കാരനായി വന്ന അഫ്ദാലിന്റെ ഗോളില്‍ ആറു വര്‍ഷത്തിന് ശേഷം കേരളം കലാശപ്പോരാട്ടത്തിന് യോഗ്യത നേടി.
രണ്ടാം പകുതിയിലായിരുന്നു കേരളത്തിന്റെ ഗോള്‍. പകരക്കാരനായി എത്തിയതിന്റെ രണ്ടാം മിനിറ്റില്‍ അഫ്ദാല്‍ കേരളത്തെ മുന്നില്‍ കടത്തി. 54 ാം മിനിറ്റില്‍ കേരളത്തിന്റെ സ്റ്റാര്‍ ഫോര്‍വേഡ് ജിതിന്‍ എംഎസ് വിങ്ങിലൂടെ എടുത്തു കയറി നല്‍കിയ പന്ത് അഫ്ദാല്‍ ലക്ഷ്യത്തിലേക്ക് തിരിച്ചുവിടുകയായിരുന്നു. ടൂര്‍ണമെന്റില്‍ ഉടനീളം ഉജ്വലമായി കളിച്ച കേരളം 2012 ന് ശേഷം ഇതാദ്യമായിട്ടാണ് സന്തോഷ്ട്രോഫി ഫൈനല്‍ കളിക്കുന്നത്. കളിയിലുടനീളം ആക്രമണ ഫുട്ബോളാണ് കാഴ്ച വെച്ചത്.
ആദ്യ പകുതിയില്‍ ഉടനീളം മികച്ച ഒത്തിണക്കത്തോടെ ആക്രമണം നടത്തിയ മിസോറത്തിന്റെ ആക്രമണങ്ങളെ ഫലപ്രദമായി മുനയൊടിച്ച കേരളം രണ്ടാം പകുതിയില്‍ മിന്നുന്ന ഫുട്ബോള്‍ പുറത്തെടുക്കുകയായിരുന്നു. സജിത്തിന്റെ പകരക്കാരനായി അഫ്ദാല്‍ വന്നതോടെ കേരളത്തിന്റെ ആക്രമണം സജീവമായി. ഒന്നാം പകുതിയില്‍ ലാല്‍ റോമാവിയയുടെ ഉജ്വല നീക്കങ്ങള്‍ കേരളാ ഗോളി നിഷ്ഫലമാക്കി.
അഞ്ചു തവണ ചാമ്പ്യന്മാരായ കേരളം ടൂര്‍ണമെന്റില്‍ ഇതുവരെ മികച്ച പ്രകടനമാണ് നടത്തിയിട്ടുള്ളത്. കടുത്ത ചൂടില്‍ 20 മിനിറ്റ് കഴിയുമ്പോള്‍ ഡ്രിങ്ക് ബ്രേക്ക് നല്‍കിയിരുന്നു. കര്‍ണാടകത്തെ 2-0 ന് പരാജയപ്പെടുത്തിയ ആതിഥേയര്‍ ബംഗാളാണ് ഫൈനലില്‍ കേരളത്തിന്റെ എതിരാളികള്‍. 57 ാം മിനിറ്റില്‍ ബംഗാള്‍ നായകന്‍ ജീതന്‍ മുര്‍മുവിന്റെ ഗോളില്‍ മുന്നിലെത്തിയ ബംഗാള്‍ കളിയുടെ അവസാന ഇഞ്ചുറി സമയത്ത് തീര്‍ത്ഥാങ്കര്‍ സര്‍ക്കാര്‍ ഫ്രീ കിക്കില്‍ നിന്നും സ്‌കോര്‍ ചെയ്യുകയായിരുന്നു.