മോദി അധികാരത്തില്‍ എത്തിയതിന് ശേഷം രാജ്യത്ത് തൊഴില്‍ സാധ്യതാ വളര്‍ച്ച കുറഞ്ഞു; ആര്‍.ബി.ഐ റിപ്പോര്‍ട്ട് പുറത്ത്

ന്യൂഡല്‍ഹി: നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ അധികാരത്തിലെത്തിയശേഷം രാജ്യത്ത് തൊഴില്‍ സാധ്യതാ വളര്‍ച്ച കുറഞ്ഞതായി ആര്‍.ബി.ഐ കണക്കുകള്‍. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ (ആര്‍.ബി.ഐ) പിന്തുണയോടെ ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയുടെ ക്ഷമതയെ കുറിച്ച് വിശകലനം ചെയ്യുന്ന കെ.എല്‍.ഇ.എം.എസ് ഇന്ത്യയാണ് കണക്കുകള്‍ പുറത്ത് വിട്ടത്. വിഷയവുമായി ബന്ധപ്പെട്ട് വിവരങ്ങള്‍ ആര്‍.ബി.ഐ വെബ്സൈറ്റിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ഇന്ത്യയിലെ തൊഴില്‍ സാധ്യതയുടെ വളര്‍ച്ച 2015-16 സാമ്പത്തിക വര്‍ഷത്തില്‍ 0.1 ശതമാനവും 2014-15 സാമ്പത്തിക വര്‍ഷത്തില്‍ 0.2 ശതമാനവും കുറഞ്ഞു. അധികാരത്തിലെത്തിയാല്‍ രണ്ടു കോടി തൊഴിലുകള്‍ നല്‍കുമെന്ന തെരഞ്ഞെടുപ്പ് വാഗ്ദാനവുമായി എത്തിയ മോദി സര്‍ക്കാരിന്റെ ഭരണകാലയളവിലാണ് തൊഴില്‍ സാധ്യതകളുടെ വന്‍ കുറവ് സംഭവിച്ചത്.

കൃഷി, വനം, മത്സ്യബന്ധനം, ഖനനം, ഭക്ഷ്യ ഉല്‍പന്നങ്ങളുടെ നിര്‍മ്മാണം, തുണിത്തരങ്ങള്‍, തുകല്‍ ഉല്‍പ്പന്നങ്ങള്‍, പേപ്പര്‍, ട്രാന്‍സ്പോര്‍ട്ട് ഉപകരണങ്ങള്‍, വ്യാപാരം എന്നീ മേഖലകളിലാണ് 2014-15, 2015-16 വര്‍ഷങ്ങളില്‍ തൊഴില്‍ അവസരങ്ങള്‍ കുറഞ്ഞിട്ടുള്ളത്. എന്നാല്‍ 2014-15, 2015-16 വര്‍ഷങ്ങളില്‍ യഥാക്രമം 7.4 ശതമാനവും 8.2 ശതമാനവും ജി.ഡി.പിയില്‍ വര്‍ദ്ധനവുണ്ടായിട്ടുണ്ട്. ഇത് ‘തൊഴില്‍ സാധ്യതകളെ നശിപ്പിക്കുന്ന വളര്‍ച്ച’യാണെന്ന് വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നു. അതേസമയം, കണ്‍സ്ട്രക്ഷന്‍ മേഖലയില്‍ തൊഴിലുകളുടെ എണ്ണം കൂടിയിട്ടുണ്ട്.

കൃഷി ഒഴികെയുള്ള തൊഴില്‍ മേഖലയില്‍ പോലും 79 ശതമാനം ആളുകള്‍ക്കും തൊഴില്‍ സുരക്ഷയില്ലാത്ത ഇന്ത്യയില്‍ സെപ്തംബറില്‍ മോദി നടപ്പിലാക്കിയ നോട്ടു നിരോധനം കടുത്ത ആഘാതമാണ് ഏല്‍പ്പിച്ചത്.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7