ചക്കയ്ക്ക് സ്ഥാനക്കയറ്റം: സംസ്ഥാനത്തിന്റെ ഔദ്യോഗിക ഫലമായി ചക്കയെ പ്രഖ്യാപിച്ചു

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ ഔദ്യോഗിക ഫലമായി ചക്കയെ പ്രഖ്യാപിച്ചു. നിയമസഭയില്‍ കൃഷി മന്ത്രി വി.എസ് സുനില്‍കുമാറാണ് ഇതുസംബന്ധിച്ച് പ്രഖ്യാപനം നടത്തിയത്. ഇതിലൂടെ കേരള ബ്രാന്‍ഡ് ചക്കയെ ലോക വിപണിയില്‍ അവതരിപ്പിക്കാനാണ് സംസ്ഥാന സര്‍ക്കാരിന്റെ നീക്കം. മറ്റു സംസ്ഥാനങ്ങളിലെ ചക്കയേക്കാള്‍ കേരളത്തിലെ ചക്കകള്‍ക്ക് ഗുണമേന്മയേറും. പുതിയ പ്രഖ്യാപനത്തിലൂടെ സംസ്ഥാനത്ത് പ്ലാവ് പരിപാലനവും വര്‍ധിക്കുമെന്നാണു പ്രതീക്ഷ. സംസ്ഥാന മൃഗത്തിനും പക്ഷിക്കും പൂവിനും മീനിനും പിന്നാലെയാണ് ഇനി സംസ്ഥാന ഫലവും.
ചക്കയെ ഔദ്യോഗിക ഫലമാക്കണമെന്നതു സംബന്ധിച്ച നിര്‍ദേശം കാര്‍ഷിക വകുപ്പാണ് മുന്നോട്ടുവച്ചത്. രാജ്യാന്തര തലത്തിലും ദേശീയ തലത്തിലും ‘കേരളത്തില്‍ നിന്നുള്ള ചക്ക’ എന്ന ബ്രാന്‍ഡായി അവതരിപ്പിക്കുന്നതിനു മുന്നോടിയായിക്കൂടിയാണ് ഈ ഔദ്യോഗിക ‘ഫല’പ്രഖ്യാപനം. ചക്കയുടെ ഉല്‍പാദനവും വില്‍പനയും കൂട്ടാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് സംസ്ഥാന ഫലമായി പ്രഖ്യാപിക്കുന്നതെന്ന് കൃഷിമന്ത്രി വി.എസ്.സുനില്‍കുമാര്‍ നേരത്തേ വ്യക്തമാക്കിയിരുന്നു.ചക്കയെ പ്രത്യേക ബ്രാന്‍ഡാക്കുന്നതിലൂടെ 15,000 കോടി രൂപയുടെ വരുമാനമാണു പ്രതീക്ഷിക്കുന്നത്. ചക്കയില്‍ നിന്നും അതിന്റെ അനുബന്ധ ഉല്‍പന്നങ്ങളില്‍ നിന്നുമായിരിക്കും ഈ വരുമാനമുണ്ടാക്കുക. ചക്ക സംസ്ഥാനത്തു വന്‍തോതില്‍ ഉണ്ടെങ്കിലും അതിന്റെ ഗുണം പൂര്‍ണമായും ഇതുവരെ ഉപയോഗപ്പെടുത്താനായിട്ടില്ല.
പല തരത്തില്‍പ്പെട്ട കോടിക്കണക്കിനു ചക്കകളാണു പ്രതിവര്‍ഷം കേരളത്തില്‍ ഉല്‍പാദിപ്പിക്കപ്പെടുന്നതെന്നും സുനില്‍കുമാര്‍ ചൂണ്ടിക്കാട്ടി. കീടനാശിനി പ്രയോഗമില്ലാതെ ഉല്‍പാദിപ്പിക്കുന്ന അപൂര്‍വം ഫലവര്‍ഗങ്ങളിലൊന്നാണ് ചക്ക. യാതൊരു വിധ വളപ്രയോഗങ്ങളും കാര്യമായി വേണ്ടി വരാറില്ല. ഗ്രാമങ്ങളില്‍ പ്രത്യേക പരിചരണമൊന്നുമില്ലാതെ വളരും. അതിനാല്‍ത്തന്നെ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിലെ ചക്ക ഏറെ ജൈവഗുണങ്ങളുള്ളതാണെന്നും വിഷമുക്തമാണെന്നും സുനില്‍കുമാര്‍ കൂട്ടിച്ചേര്‍ത്തു.
പ്രതിവര്‍ഷം 32 കോടി ചക്ക ഉല്‍പ്പാദിപ്പിക്കപ്പെടുന്ന കേരളത്തില്‍ അതിന്റെ 30% നശിച്ചു പോകുന്നുവെന്നാണു കണക്കുകള്‍. ഔദ്യോഗിക ഫലമാക്കുന്നതിലൂടെ സംസ്ഥാനത്ത് പ്ലാവ് നടീലും വര്‍ധിക്കുമെന്നാണു പ്രതീക്ഷ. പ്ലാവ് കൃഷി വികസിപ്പിക്കുന്നതിനു പരമാവധി പേര്‍ക്ക് തൈവിതരണം നടത്തുമെന്നും മന്ത്രി അറിയിച്ചു. ചക്ക ഗവേഷണത്തിനായി അമ്പലവയലില്‍ കൃഷിവകുപ്പിന്റെ റിസര്‍ച് സെന്റര്‍ ആരംഭിച്ചു കഴിഞ്ഞു. എല്ലാ വര്‍ഷവും സര്‍ക്കാര്‍ തലത്തില്‍ ചക്ക മഹോത്സവവും നടത്തുന്നു.
പഴങ്ങളില്‍ വച്ചു ഏറ്റവും വലുതായ ചക്ക ഏറെ പോഷകസമൃദ്ധമാണ്. പ്രോട്ടീന്‍ സംപുഷ്ടമായ ചക്കയില്‍ ജീവകങ്ങളും കാല്‍സ്യം, അയണ്‍, പൊട്ടാസ്യം തുടങ്ങിയവയും ഉണ്ട്. ചക്കയുടെ എല്ലാ ഭാഗങ്ങളും ഏറെ ഉപയുക്തമാണ്. ചക്കമടല്‍, ചക്കച്ചുള, ചക്കചകിണി, ചക്കക്കുരു ഏതു ഭാഗമെടുത്താലും ഏറെ രുചികരവും ആദായകരവുമായ വിഭവങ്ങള്‍ ഉണ്ടാക്കാം. ചക്ക ഉപ്പേരി ഏറെ പ്രശസ്തമായ ഒന്നാണ്. അടുത്തിടെ കരിമീനിനെ സംസ്ഥാന മത്സ്യമായി സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7
Fatal error: Uncaught wfWAFStorageFileException: Unable to verify temporary file contents for atomic writing. in /home/pathramonline/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php:51 Stack trace: #0 /home/pathramonline/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php(658): wfWAFStorageFile::atomicFilePutContents('/home/pathramon...', '<?php exit('Acc...') #1 [internal function]: wfWAFStorageFile->saveConfig('synced') #2 {main} thrown in /home/pathramonline/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php on line 51