ഇംഗ്ലീഷില്‍ മാത്രമല്ല, ഗൂഗിള്‍ മാപ്പ് ഇനി മലയാളത്തിലും വഴി പറയും. മലയാളം, തമിഴ്, തെലുങ്ക്, കന്നട, ഗുജറാത്തി, ബംഗാളി തുടങ്ങിയ ഭാഷകളില്‍ ശബ്ദ നിര്‍ദ്ദേശം നല്‍കുന്ന പുതിയ ഫീച്ചര്‍ ഗൂഗിള്‍ മാപ്പില്‍ ഉള്‍പ്പെടുത്തി.
ഗൂഗിളിന്റെ ഡെസ്‌കടോപ്പ് മൊബൈല്‍ പതിപ്പുകളില്‍ ഈ സൗകര്യം ലഭ്യമായി തുടങ്ങി. പ്രാദേശിക ഭാഷാ സൗകര്യം പ്രയോജനപ്പെടുത്തണമെങ്കില്‍ സാധാരണ പോലെ തന്നെ ഗൂഗിള്‍ മാപ്പിലെ സെറ്റിങ്സില്‍ ഭാഷ തിരഞ്ഞെടുത്താല്‍ മതി.
എങ്ങോട്ടാണോ പോകേണ്ടത് ആ സ്ഥലപ്പേരു ടൈപ് ചെയ്തു കൊടുത്ത് യാത്ര തുടങ്ങാം. ‘ വടക്കുപടിഞ്ഞാറു ദിശയില്‍ മുന്നോട്ടു പോകുക, തുടര്‍ന്നു 300 മീറ്റര്‍ കഴിഞ്ഞു ഇടത്തോട്ടു തിരിയുക’, ‘400 മീറ്റര്‍ കഴിയുമ്പോള്‍ വലത്തോട്ടു തിരിയുക’ തുടങ്ങിയ നിര്‍ദേശങ്ങള്‍ ഇനിമുതല്‍ മലയാളത്തില്‍ വരും. അടുത്തിടെ ഗൂഗിള്‍ മാപ്പ് ഇരുചക്ര വാഹനയാത്രക്കാര്‍ക്കായി പ്രത്യേകം വഴി കാണിച്ചു തുടങ്ങിയിരുന്നു.
ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതിനോടൊപ്പം തന്നെ ജിപിഎസ് കണക്ഷനില്ലാത്ത അവസരങ്ങളില്‍ ‘ജിപിഎസ് കണക്ഷന്‍ നഷ്ടമായി’ എന്നും ഗൂഗിള്‍ മാപ്പ് മലയാളത്തില്‍ അറിയിക്കും.