മിയാമി: ഇന്ത്യയുള്‍പ്പെടെയുള്ള ലോകരാജ്യങ്ങളില്‍ വില്‍ക്കപ്പെടുന്ന കുപ്പിവെള്ളത്തില്‍ വന്‍തോതില്‍ പ്ലാസ്റ്റിക്കിന്റെ അംശം ഉള്ളതായി കണ്ടെത്തല്‍. ഒന്‍പത് രാജ്യങ്ങളില്‍ നടത്തിയ പഠനത്തിലാണ് ഇത് വെളിപ്പെട്ടത്. ഇതില്‍ പ്രമുഖ ബ്രാന്‍ഡുകളുമുണ്ട്.ഇന്ത്യ, ചൈന, ബ്രസീല്‍, ഇന്‍ഡോനേഷ്യ, കെനിയ, ലെബനന്, മെക്സിക്കോ, തായ്ലന്ഡ്, യുഎസ് എന്നീ രാജ്യങ്ങളില്‍ നിന്നാണ് പഠനത്തിനായി 250 കുപ്പി വെള്ളം ശേഖരിച്ചത്. ശേഖരിച്ച സാമ്പിളുകളില്‍ 93 ശതമാനത്തിലും പ്ലാസ്റ്റിക്കിന്റെ അംശം പഠനത്തില്‍ കണ്ടെത്തി.അക്വാ, അക്വാഫിന, ബിസ്ലേരി, ഡസാനി, ഏവിയാന്‍, നെസ്ലെ പ്യൂര്‍ ലൈഫ്, എപുറ, ജെറോള്‍സ്റ്റെയ്നര്‍, മിനല്‍ബ, വഹാഹ തുടങ്ങിയ ബ്രാന്‍ഡുകളും ഇതില്‍ ഉള്‍പ്പെടുന്നുണ്ട്.
കുപ്പികളില്‍ വെള്ളം നിറച്ച ശേഷം മൂടി ഘടിപ്പിക്കുന്ന ഘട്ടത്തിലാണ് പ്ലാസ്റ്റിക് ശകലങ്ങള്‍ കടന്നുകൂടുന്നതെന്നാണ് നിരീക്ഷണം. കുപ്പികളില്‍ വെള്ളം നിറച്ച ശേഷമാണ് ഇത് സംഭവിക്കുന്നതെന്നും പ്ലാസ്റ്റികിന്റെ അംശം മൂടിയില്‍ നിന്നാണ് വരുന്നതെന്നും പഠനത്തിന് നേതൃത്വം നല്കിയ ന്യൂയോര്‍ക്ക് സര്‍വകലാശാലയിലെ മൈക്രോപ്ലാസ്റ്റിക് ഗവേഷക ഷെറി മാസണ് പറയുന്നു.
പ്ലാസ്റ്റിക് മൂടികള്‍ ഉണ്ടാക്കാന്‍ ഉപയോഗിക്കുന്ന പോളി പ്രൊപ്പലിന്‍, നൈലോണ്‍, പോളിഎത്തിലിന് ട്രെപ്താലെറ്റ് എന്നിവയാണ് വെള്ളത്തില്‍ കലര്‍ന്നത്. ലഭിച്ചവയില്‍ 65 ശതമാനവും പ്ലാസ്റ്റിക് ശകലങ്ങളാണെന്നും പ്ലാസ്റ്റിക് ഫൈബറുകളല്ലെന്നും പഠനത്തില്‍ വ്യക്തമായിട്ടുണ്ട്.
ഒരു കുപ്പിയില്‍ പൂജ്യം മുതല്‍ 1000 പ്ലാസ്റ്റിക് ശകലങ്ങള്‍ വരെയാണ് കണ്ടെത്തിയത്. ഒരു ലിറ്ററില്‍ ശരാശരി 325 പ്ലാസ്റ്റിക് ശകലങ്ങളാണ് കണ്ടെത്തിയത്.