ചലച്ചിത്ര അക്കാദമിക്കും കഴിഞ്ഞ ദിവസം നടന്ന മലയാള സിനിമയുടെ നവതി ആഘോഷ ചടങ്ങുകള്‍ക്കുമെതിരെ രൂക്ഷ വിമര്‍ശനവുമായി നടന്‍ വിനായകന്‍. ഫെബ്രുവരി 27ന് തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ വെച്ച് നടന്ന മലയാള സിനിമയുടെ നവതി ആഘോഷ ചടങ്ങിനെതിരെയാണ് വിനായകന്റെ വിമര്‍ശനം.
ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കമുള്ളവര്‍ പങ്കെടുത്തിരുന്നു. എന്നാല്‍ ചലച്ചിത്ര അക്കാദമിയുടെ ആഭിമുഖ്യത്തില്‍ ഇങ്ങനെ ഒരു ചടങ്ങ് നടന്നെന്ന് സിനിമാരംഗത്തെ എത്ര പേര്‍ അറിഞ്ഞു. സിനിമ എന്താണെന്ന് ഇത്രയും വലിയ ചിന്തയുള്ള ഇവര്‍ക്കൊന്നും അറിയില്ലേ? വിനായകന്‍ ക്ഷോഭത്തോടെ ചോദിക്കുന്നു. അങ്ങനെയൊരു പരിപാടി നടന്നുവെന്ന് താനറിയുന്നത് അതിന്റെ ബ്രോഷര്‍ കണ്ടപ്പോഴാണെന്ന് വിനായകന്‍ പറഞ്ഞു.
മലയാള സിനിമ ആ ചടങ്ങില്‍ അപമാനിക്കപ്പെടുകയായിരുന്നു. അക്കാദമി ചെയര്‍മാന്‍ കമലിന്റേയും മധു സാറിനേയും ശ്രീകുമാരന്‍ തമ്പിയുടെയും ഒഴിച്ച് ആരുടേയും പേരുകള്‍ നോട്ടീസില്‍ കണ്ടില്ല, തനിക്ക് മികച്ച നടനുള്ള പുരസ്‌കാരം കിട്ടിയതുകൊണ്ട് ചടങ്ങിലേക്ക് ക്ഷണിക്കണം എന്നല്ല പറയുന്നത്. നല്ല സിനിമയില്‍ പ്രവര്‍ത്തിച്ച, നല്ല സിനിമക്കുവേണ്ടി ജീവിച്ച ഒരുപാട് പേരെ അറിയിക്കുകയെങ്കിലും ചെയ്യണമായിരുന്നുവെന്നും വിനായകന്‍ പ്രതികരിച്ചു.