കൊച്ചി: ഭൂമിയിടപാട് വിവാദത്തില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി. രാജ്യത്തെ നിയമമൊന്നും കര്‍ദിനാളിന് ബാധകമല്ലേ എന്ന് ഹൈക്കോടതി ചോദിച്ചു. കര്‍ദിനാളിനെ വില്‍ക്കാന്‍ ഏല്‍പ്പിച്ച ഭൂമി കുറഞ്ഞ വിലയ്ക്ക് വിറ്റാല്‍ ആരാണ് ഉത്തരവാദിയെന്നും ഹൈക്കോടതി ചോദിച്ചു. അങ്കമാലി അതിരൂപതാ ഭൂമി ഇടപാടില്‍ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ കേസ് എടുക്കണമെന്ന ചേര്‍ത്തല സ്വദേശിയുടെ ഹര്‍ജി പരിഗണിക്കവെയാണ് ഹൈക്കോടതിയുടെ പരാമര്‍ശം.
ബിഷപ്പ് ഭൂമിയുടെ ഉടമ അല്ല. സൂക്ഷിപ്പുകാരന്‍ മാത്രമാണ്. സഭാ കൗണ്‍സിലുകളുടെ അംഗീകാരം ഉണ്ടെങ്കില്‍ മാത്രമേ, ബിഷപ്പിന് ഭൂമി വില്‍ക്കാന്‍ സാധിക്കൂവെന്നും ഹര്‍ജിക്കാരന്‍ വ്യക്തമാക്കി.
ഭൂമി ട്രസ്റ്റ് ആയി രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്ന് സഭ ഹൈക്കോടതിയില്‍ അറിയിച്ചു. ഭൂമി സ്ഥാപനത്തിന്റേതായാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. തനിക്കെതിരെ നടപടിക്കുള്ള അവകാശം പോപ്പിന് മാത്രമെന്ന് ആലഞ്ചേരി വ്യക്തമാക്കി. കാനോന്‍ നിയമം അതാണ് പറയുന്നതെന്നും കര്‍ദിനാളിന്റെ അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞു. അതുകൊണ്ടുതന്നെ ക്രമക്കേട് നടന്നിട്ടുണ്ടെങ്കില്‍ നടപടിയെടുക്കാനുള്ള അധികാരമുള്ളത് മാര്‍പാപ്പയ്ക്ക് മാത്രമാണ്. പരാതിയുമായി പലരും മാര്‍പാപ്പയെ സമീപിച്ചതാണ്. എന്നാല്‍, തനിക്കെതിരെ നീക്കങ്ങളൊന്നും ഉണ്ടായില്ല. താന്‍ തെറ്റു ചെയ്തിട്ടില്ലെന്നാണ് ഇത് തെളിയിക്കുന്നതെന്നും കര്‍ദ്ദിനാള്‍ അഭിഭാഷകന്‍ വഴി കോടതിയെ അറിയിച്ചു.
നോട്ട് നിരോധനമാണ് ഉദ്ദേശിച്ച പണം കിട്ടാത്തതിന് കാരണമെന്നും കര്‍ദിനാള്‍ കോടതിയെ അറിയിച്ചു. ഇതിന് മറുപടിയായായിരുന്നു കോടതിയുടെ രൂക്ഷവിമര്‍ശനം. ഐപിസി 460 വകുപ്പ് പ്രകാരം കേസില്‍ വിശ്വാസവഞ്ചനാക്കുറ്റം നിലനില്‍ക്കുമോ എന്ന് പരിശോധിക്കുകയാണെന്നും കോടതി പറഞ്ഞു.
ജസ്റ്റിസ് കെമാല്‍ പാഷയുടെ അധ്യക്ഷതയിലുള്ള സിംഗിള്‍ ബഞ്ചാണ്പരിഗണിച്ചത്.