തൃശൂര്‍: സി.പി.ഐ.എമ്മില്‍ കൊഴിഞ്ഞുപോക്ക് രൂക്ഷമാകുന്നതായി പാര്‍ട്ടി സംഘടനാ റിപ്പോര്‍ട്ട്. പാര്‍ട്ടി വിട്ടുകൊണ്ടിരിക്കുന്നവരില്‍ ഭൂരിപക്ഷവും പാവപ്പെട്ടവരാണെന്നും ഇത് ഗൗരവമായി പരിശോധിക്കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനാണ് സംഘടനാ റിപ്പോര്‍ട്ട് അവതരിപ്പിച്ചത്.
2014ല്‍ 21.10%, 2015ല്‍ 20.78%, 2016ല്‍ 21.70%, 2017ല്‍ 22% വീതമാണ് പാര്‍ട്ടിയിലെ കൊഴിഞ്ഞുപോക്ക്. കൊഴിഞ്ഞുപോകുന്നതില്‍ ഏറെയും എസ്.എഫ്.ഐ, ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരാണെന്നും റിപ്പോര്‍ട്ടില്‍ മുന്നറിയിപ്പു നല്‍കുന്നു.
പാര്‍ട്ടിയില്‍ പൂര്‍ണ അംഗത്വം നേടിയവരില്‍ അംഗത്വം പുതുക്കാത്തവരുടെ എണ്ണവും കൂടുന്നുണ്ടെന്ന് സംഘടനാ റിപ്പോര്‍ട്ടില്‍ പറയുന്നു. 2014ല്‍ 8.19%, 2015ല്‍ 6.94%, 2016ല്‍ 7.9%വും 2017ല്‍ ഏഴു ശതമാനം വീതം അംഗങ്ങള്‍ അംഗത്വം പുതുക്കിയില്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
പാര്‍ട്ടിയിലെ ചില തെറ്റായ പ്രവണതകള്‍ ഇല്ലാതാക്കാന്‍ പാര്‍ട്ടി സംസ്ഥാന കമ്മിറ്റി നടപടിയെടുക്കണമെന്നും റിപ്പോര്‍ട്ടില്‍ ആവശ്യപ്പെടുന്നു. സ്ഥാനമാനങ്ങള്‍ ലഭിച്ചാല്‍ പാര്‍ട്ടിയെ വേണ്ടെന്ന സ്ഥിതിയായി. പാര്‍ലമെന്ററി സ്ഥാനമാനങ്ങള്‍ നേടാന്‍ കാണിക്കുന്ന ഇടപെടലുകള്‍ സംഘടനാ തത്വങ്ങളുടെ ലംഘനത്തിലേക്ക് എത്തിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.
നവമാധ്യമരംഗത്ത് പാര്‍ട്ടിക്ക് പ്രതീക്ഷിച്ചത്ര മുന്നേറാനായിട്ടില്ല. ബ്രാഞ്ചുതലംവരെ ഈ രംഗത്ത് ഇടപെടാനുള്ള പ്രവര്‍ത്തനങ്ങളാണ് ആവിഷ്‌കരിച്ചത്. എന്നാല്‍ ഇത് വേണ്ടത്ര ഫലപ്രദമാകുന്നില്ലെന്നും റിപ്പോര്‍ട്ട് വിലയിരുത്തുന്നു.
അംഗത്വത്തില്‍ സ്ത്രീപങ്കാളിത്തം 25%മായി വര്‍ധിപ്പിക്കാന്‍ ഘടകങ്ങള്‍ നടപടിയെടുക്കണമെന്നും റിപ്പോര്‍ട്ടില്‍ നിര്‍ദേശം നല്‍കുന്നുണ്ട്. നിലവില്‍ 17%മാണ് സ്ത്രീ പങ്കാളിത്തം. ഓരോ ബ്രാഞ്ചിലും രണ്ടുവീതമെങ്കിലും സ്ത്രീ അംഗങ്ങളുണ്ടെന്ന് ഉറപ്പുവരുത്തണമെന്ന കഴിഞ്ഞ സമ്മേളനത്തിലെ തീരുമാനം പലസ്ഥലത്തും നടപ്പായില്ലെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.