പാലക്കാട്: അട്ടപ്പാടിയില്‍ മോഷണക്കുറ്റം ആരോപിച്ച് ആദിവാസി യുവാവിനെ നാട്ടുകാര്‍ തല്ലിക്കൊന്നു. മോഷണക്കുറ്റം ആരോപിച്ച് നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്പിച്ച കടുകുമണ്ണ ആദിവാസി ഊരിലെ മധുവാണ് മരിച്ചത്. മാനസികാസ്വാസ്ഥ്യമുള്ള മധുവിനെ നാട്ടുകാര്‍ ക്രൂരമായി മര്‍ദ്ദിച്ചതായി ആരോപണമുണ്ട്. ഇയാള്‍ ഏറെക്കാലമായി ഊരിന് പുറത്താണ് താമസിച്ചിരുന്നത്.
പലചരക്ക് കടയില്‍ നിന്നും മോഷണം നടത്തിയെന്നാരോപിച്ച് നാട്ടുകാര്‍ സമീപത്തെ വനപ്രദേശത്ത് നിന്നും മധുവിനെ പിടികൂടുകയായിരുന്നു. സമീപകാലത്തായി ഈ പ്രദേശത്ത് കടകളില്‍ നിന്നും അരിയും മറ്റുഭക്ഷ്യ സാധനങ്ങളും മോഷണം നടത്തുന്നത് മധുവാണെന്നാരോപിച്ചാണ് നാട്ടുകാര്‍ ഇയാളെ പിടികൂടിയതും തുടര്‍ന്ന് മര്‍ദ്ദിച്ചതും. എന്നാല്‍ പൊലീസ് വാഹനത്തില്‍ മധുവിനെ സ്റ്റേഷനിലേക്ക് കൊണ്ടു പോവുന്നതിനിടെ മധു ഛര്‍ദ്ദിച്ചു, പിന്നാലെ കുഴഞ്ഞു വീണ മധുവിനെ പോലീസ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
അതേസമയം ആദിവാസികളുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന സന്നദ്ധ പ്രവര്‍ത്തകയായ ധന്യ രാമന് വിഷയത്തെ കുറിച്ച് അതി രൂക്ഷമായി പ്രതികരിച്ചു. കടുകുമണ്ണ ആദിവാസി ഊരിലെ 13,000 ത്തോളം ഏക്കര്‍ ഭൂമി കൈയ്യേറിയപ്പോള്‍ അതില്‍ ഒരാള്‍ വിശപ്പടക്കാന്‍ അല്പം അരി എടുത്തു പോയതാണോ കൊലപാതകപരമായ കുറ്റം എന്ന് ധന്യ ചോദിക്കുന്നു.
മധുവിന്റെ മൃതദേഹം നാളെ പോസ്റ്റ്മോര്‍ട്ടം ചെയ്യാനിരിക്കവേ മുഖ്യമന്ത്രി പിണറായി വിജയന് സ്ഥലത്തെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി വേണ്ടുന്ന നടപടി കൈകൊള്ളണമെന്നുള്ള ആവശ്യവും ധന്യ ഉന്നയിക്കുന്നു.