ഷുഹൈബ് വധക്കേസില്‍ അറസ്റ്റിലകായ പ്രതികളുടെ തിരിച്ചറിയല്‍ പരേഡ് ഇന്ന്; അക്രമി സംഘത്തിലെ മറ്റുള്ളവര്‍ക്കായുള്ള തെരച്ചില്‍ ഊര്‍ജിതമാക്കി

കണ്ണൂര്‍: യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഷുഹൈബ് വധവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പ്രതികളുടെ തിരിച്ചറിയല്‍ പരേഡ് ഇന്ന് നടക്കും. കണ്ണൂര്‍ സ്പെഷ്യല്‍ സബ് ജയിലിലാണ് തിരിച്ചറിയല്‍ പരേഡ്. തില്ലങ്കേരി സ്വദേശികളായ എം.വി.ആകാശ്, രജിന്‍രാജ് എന്നിവരുടെ തിരിച്ചറിയല്‍ പരേഡാണു നടക്കുക.

അക്രമി സംഘത്തിലെ മറ്റു മൂന്നു പേര്‍ക്കു വേണ്ടിയുള്ള തിരച്ചിലും ഊര്‍ജിതമാണ്. കൊലപാതകത്തിനു ശേഷം ആകാശ് തില്ലങ്കേരിയിലെ ഒരു ക്ഷേത്രോത്സവത്തിനെത്തിയിരുന്നതായി അന്വേഷണ സംഘത്തിനു വിവരം ലഭിച്ചു. മാലൂര്‍, മട്ടന്നൂര്‍, ഇരിട്ടി, തില്ലങ്കേരി, മുഴക്കുന്നു മേഖലകളില്‍ പ്രതികള്‍ക്കായി തിരച്ചില്‍ തുടരുകയാണ്. സംശയിക്കപ്പെടുന്നവരുടെ ഫോണ്‍ വിളികളും നിരീക്ഷണത്തിലാണ്. ഷുഹൈബിനെ ആക്രമിക്കുന്നതിനിടെ, ഒപ്പമുണ്ടായിരുന്ന നൗഷാദ് ചെറുത്തു നിന്നതു പ്രതികള്‍ക്ക് ആശയക്കുഴപ്പമുണ്ടാക്കിയതായും രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ വീണു പോയ ഷുഹൈബിനെ അക്രമിസംഘം പിന്നീടു തുരുതുരാ വെട്ടുകയായിരുന്നുവെന്നുമാണു പൊലീസ് നിഗമനം.

അക്രമി സംഘത്തിലെ മൂന്നാമന്‍ രക്ഷപ്പെടാന്‍ ഉപയോഗിച്ച ബൈക്ക് പൊലീസ് കണ്ടെത്തി. കേസില്‍ സിപിഐഎമ്മിന്റെ പ്രാദേശിക ഭാരവാഹികളും പ്രതിയാകുമെന്നു സൂചനയുണ്ട്. ഒരു ഭാരവാഹി നേരിട്ടു വന്നാണു ക്വട്ടേഷന്‍ നല്‍കിയതെന്ന് ആകാശിന്റെ മൊഴിയിലുണ്ട്. പ്രതികള്‍ ഉപയോഗിച്ച വെള്ള വാഗണ്‍ ആര്‍ കാര്‍ തളിപ്പറമ്പില്‍ നിന്ന് ആകാശ് തന്നെ വാടകയ്ക്കെടുത്തതാണെന്നും വ്യക്തമായിട്ടുണ്ട്. കാര്‍ കണ്ടെത്താനുള്ള ശ്രമത്തിലാണു പൊലീസ്. കര്‍ണാടക, തമിഴ്നാട് എന്നിവിടങ്ങളിലേക്കും അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.

അതേസമയം, സിബിഐ അന്വേഷണം ആവശ്യപ്പെട്ടു നാലു ദിവസമായി നടത്തുന്ന ഉപവാസം ആരോഗ്യനിലയെ ബാധിച്ചു തുടങ്ങിയതിനാല്‍ കെ.സുധാകരനെ ഉടന്‍ ആശുപത്രിയിലേക്കു മാറ്റണമെന്നു ജില്ലാ മെഡിക്കല്‍ ഓഫീസര്‍ കലക്ടര്‍ക്കു റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7