കോഴിക്കോട്: മട്ടന്നൂരില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്ത്തകന് ഷുഹൈബ് കൊല്ലപ്പെട്ട സംഭവത്തില്‍ പാര്‍ട്ടി അംഗങ്ങള്‍ക്കു പങ്കുണ്ടെങ്കില്‍ നടപടി സ്വീകരിക്കുമെന്ന സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവനയെ പരിഹസിച്ച് രാഷ്ട്രീയ നിരീക്ഷകന് അഡ്വ. എ ജയശങ്കര്‍.
ഫെയ്സ്ബുക്കിലൂടെയാണ് ജയശങ്കറിന്റെ പ്രതികരണം. ഷുഹൈബ് കേസില്‍ കീഴടങ്ങിയ പ്രതികള്‍ ഉന്നത സി.പി.എം നേതാക്കള്‍ക്കൊപ്പം നല്കുന്ന ചിത്രങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ ആയിരുന്നു കോടിയേരിയുടെ പ്രതികരണം.
എ ജയശങ്കറിന്റെ പോസ്റ്റ് വായിക്കാം
ഷുഹൈബിന്റെ ദുരൂഹമരണവുമായി മാര്‍ക്സിസ്റ്റ് പാര്‍ട്ടിയ്ക്ക് ഒരു ബന്ധവുമില്ല എന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ്, സഖാവ് കോടിയേരി ബാലകൃഷ്ണന്.
കീഴടങ്ങിയത് പാര്‍ട്ടി അനുഭാവികളോ പ്രവര്‍ത്തകരോ ആയിരിക്കാം. അവരെ സ്റ്റേഷനില്‍ ഹാജരാക്കിയത് നേതാക്കളായിരിക്കാം. പക്ഷേ, പാര്‍ട്ടി ഷുഹൈബിനെ തീരുമാനം എടുത്തിട്ടില്ല. സംശയം ഉളളവര്‍ക്ക് മിനിറ്റ്സ് ബുക്ക് പരിശോധിച്ചു നോക്കാം.
ഷുഹൈബിനെയെന്നല്ല ഒരു ഉറുമ്പിനെ പോലും കൊല്ലാന്‍ പാര്‍ട്ടി തീരുമാനിച്ചിട്ടില്ല. കൊലപാതകത്തില്‍ വിശ്വസിക്കുന്ന പാര്‍ട്ടിയല്ല സിപിഎം.
ഇനി ഏതെങ്കിലും പ്രവര്‍ത്തകര്‍ പാര്‍ട്ടി തീരുമാനം ലംഘിച്ച് കൊല നടത്തിയിട്ടുണ്ടെങ്കില്‍ നടപടി ഉണ്ടാകും. ഏറ്റവും വേഗം ജാമ്യത്തിലിറക്കും. നല്ല വക്കീലിനെ വച്ചു കേസ് നടത്തിക്കും. വെറുതെ വിട്ടാല്‍ പൂമാലയിടും, ശിക്ഷിച്ചാല്‍ കുടുംബത്തെ സംരക്ഷിക്കും. അപ്പോഴും പാര്‍ട്ടി കൊലപാതകത്തില്‍ പങ്കില്ല, പങ്കില്ല, പങ്കില്ലെന്ന് ആവര്‍ത്തിക്കും.
നിങ്ങള്‍ക്കൊന്നും ഈ പാര്‍ട്ടിയെ കുറിച്ച് ഒരു ചുക്കും അറിയില്ല.
‘മുട്ടിനു താഴെ 37,
മുഖമാണെങ്കില്‍ 51.
എണ്ണാമെങ്കില്‍ എണ്ണിക്കോ
പിന്നെ കളളം പറയരുത്’