ഷുഹൈബ് വധത്തില്‍ സി.പി.ഐ.എം ബന്ധമുള്ളവരെന്ന് സൂചന; പ്രതികളെ പിടികൂടാത്തതില്‍ വ്യാപക പ്രതിഷേധം, യൂത്ത് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ഇന്ന് മട്ടന്നൂര്‍ പോലീസ് സ്‌റ്റേഷന്‍ ഉപരോധിക്കും

കണ്ണൂര്‍: യൂത്ത് കോണ്‍ഗ്രസ് മട്ടന്നൂര്‍ ബ്ലോക്ക് സെക്രട്ടറി ഷുഹൈബ് കൊല്ലപ്പെട്ട കേസിലെ പ്രതികള്‍ സിപിഐഎം ബന്ധമുള്ളവരെന്ന് സൂചന. കൊലപാതകം നടന്ന് ആറാം ദിവസമായിട്ടും പൊലീസ് പ്രതികളെ പിടികൂടാത്തതില്‍ വ്യാപാ പ്രതിഷേധമുണ്ട്. പ്രതികളെ പിടികൂടാത്തതില്‍ പ്രതിഷേധിച്ച് ഇന്ന് രാവിലെ പത്ത് മുതല്‍ യൂത്ത് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ മട്ടന്നൂര്‍ പൊലീസ് സ്റ്റേഷന്‍ ഉപരോധിക്കും. ഇതേ ആവശ്യവുമായി കോണ്‍ഗ്രസ് നേതാവ് കെ.സുധാകരന്‍ നാളെ രാവിലെ കണ്ണൂരില്‍ 48 മണിക്കൂര്‍ നിരാഹാരസമരവും തുടങ്ങാനിരിക്കുകയാണ്. പ്രദേശവാസികളായ നാലോ അഞ്ചോ പേരാണ് പ്രതികളെന്ന് ആദ്യ മൂന്ന് ദിവസത്തിനുള്ളില്‍ത്തന്നെ തിരിച്ചറിഞ്ഞതായാണ് വിവരം. ഇതില്‍ ഒരാള്‍ ജില്ലാ നേതാവിന്റെ ബന്ധുവും മറ്റൊരാള്‍ സോഷ്യല്‍മീഡിയയില്‍ സജീവമായ ആളുമാണെന്നും വിവരമുണ്ട്. അതേസമയം, കൊലപാതകം നടന്ന് ആറാം ദിവസമായിട്ടും പൊലീസ് പ്രതികളെ അറസ്റ്റ് ചെയ്യാത്തതില്‍ ദുരൂഹതയുണ്ടെന്നാണ് ആരോപണം.

യഥാര്‍ഥ പ്രതികളെ പൊലീസ് പിടികൂടുമെന്നു വിശ്വാസമില്ലാത്ത സാഹചര്യത്തില്‍, സിബിഐ അന്വേഷണം വേണമെന്നു ഷുഹൈബിന്റെ പിതാവ് മുഹമ്മദ് ആവശ്യപ്പെട്ടിട്ടുണ്ട്.അതേസമയം, പ്രതികളെക്കുറിച്ചു നിര്‍ണായക വിവരങ്ങള്‍ ലഭിച്ചെന്നാണ് പൊലീസ് ഭാഷ്യം. അക്രമികള്‍ക്കു പ്രാദേശിക സഹായം നല്‍കിയവരെ തിരിച്ചറിഞ്ഞിട്ടുണ്ട്. അക്രമികളെക്കുറിച്ചു വ്യക്തമായി അറിയാവുന്ന സിപിഐഎം പ്രവര്‍ത്തകന്‍ കസ്റ്റഡിയിലുണ്ട്. ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തില്‍ ചോദ്യംചെയ്തു വരുന്നു. എടയന്നൂര്‍, മട്ടന്നൂര്‍ പ്രദേശങ്ങളിലെ റോഡരികിലെ സിസിടിവി ക്യാമറകളില്‍ നിന്നു പ്രതികളുടെ കാറിന്റെ ദൃശ്യങ്ങള്‍ ലഭിച്ചിരുന്നുവെങ്കിലും തിരിച്ചറിയാനായിട്ടില്ല. കൊലപാതകം കഴിഞ്ഞു മടങ്ങവേ അക്രമികള്‍ മറ്റൊരു വാഹനത്തിലേക്കു മാറിയതായി ദൃശ്യങ്ങളിലുണ്ട്. വാഹനം മാറിക്കയറാന്‍ സഹായിച്ചവരെയും പ്രതികള്‍ക്കു താമസസൗകര്യം നല്‍കിയവരെയും തിരിച്ചറിഞ്ഞതായാണു സൂചന.

ടി.പി.ചന്ദ്രശേഖരന്‍ വധക്കേസ് പ്രതികള്‍ ഒളിവില്‍ കഴിഞ്ഞ സ്ഥലത്തു തന്നെയാണു ഷുഹൈബിന്റെ കൊലയാളികളും ഒളിവില്‍ കഴിയുന്നത് എന്ന സൂചനയെ തുടര്‍ന്നു സിപിഐഎം ശക്തികേന്ദ്രമായ മുടക്കോഴി, പെരിങ്ങാനം, മച്ചൂര്‍ മലകളില്‍ ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തില്‍ പരിശോധന നടത്തിയെങ്കിലും ആരെയും കണ്ടെത്താനായില്ല. അതീവരഹസ്യമായാണു റെയ്ഡ് നടത്തിയതെങ്കിലും വിവരം ചോര്‍ന്ന് അക്രമികള്‍ കടന്നുകളഞ്ഞിരിക്കാമെന്നാണു നിഗമനം. മുന്നൂറോളം പേര്‍ അടങ്ങുന്ന പൊലീസ് സംഘം ഇന്നലെ ഉച്ചയ്ക്കു ശേഷം പേരാവൂരില്‍ കേന്ദ്രീകരിച്ച ശേഷമാണ് എസ്പി ജി.ശിവവിക്രം, ഇരിട്ടി ഡിവൈഎസ്പി പ്രജീഷ് തോട്ടത്തില്‍, സിഐമാരായ എ.വി.ജോണ്‍(മട്ടന്നൂര്‍), എ.കുട്ടിക്കൃഷ്ണന്‍(പേരാവൂര്‍) എന്നിവരുടെ നേതൃത്വത്തില്‍ റെയ്ഡിനു നീങ്ങിയത്. സായുധ സേനാംഗങ്ങളും സംഘത്തിലുണ്ടായിരുന്നു.

ടിപി കേസ് പ്രതികള്‍ക്കു മുടക്കോഴിമലയില്‍ ഒളിത്താവളമൊരുക്കാന്‍ സഹായിച്ച ചിലരെ കേന്ദ്രീകരിച്ചാണ് അന്വേഷണം. സിപിഐഎം പ്രാദേശിക നേതൃത്വവുമായി അടുത്ത ബന്ധമുള്ള ചിലരെ ചോദ്യംചെയ്തു വരുന്നു. ആര്‍എസ്എസ് പ്രവര്‍ത്തകന്‍ വിജീഷിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ തില്ലങ്കേരി സ്വദേശി കസ്റ്റഡിയിലുണ്ട്. കൊലപാതകത്തിനു പിന്നില്‍ വിശദമായ ആസൂത്രണമുണ്ടെന്നതിനും പൊലീസിനു തെളിവു ലഭിച്ചു. ടി.പി.ചന്ദ്രശേഖരനെ കൊലപ്പെടുത്തിയ കേസില്‍ കൊടി സുനി അടക്കമുള്ള പ്രതികളെ പിടികൂടിയതു മുടക്കോഴി മലയില്‍ നിന്നായിരുന്നു. യൂദ്ധ സമാനമായ സന്നാഹങ്ങള്‍ ഒരുക്കിയാണ് ഇന്നലെ മലകള്‍ വളഞ്ഞ് അരിച്ചുപെറുക്കിയത്. രണ്ടു ദിവസത്തിനകം പ്രതികളെ അറസ്റ്റ് ചെയ്യാനാകുമെന്നാണു പൊലീസ് പറയുന്നത്.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7