തിരുവനന്തപുരം: സമരം നടത്തുന്ന സ്വകാര്യ ബസ് ഉടമകളുമായി നാളെ വീണ്ടും ചര്‍ച്ച. നാളെ വൈകിട്ട് നാല് മണിക്ക് കോഴിക്കോട് ഗസ്റ്റ് ഹൗസില്‍ വച്ച് ഗതാഗത മന്ത്രി എ.കെ ശശീന്ദ്രനാണ് ചര്‍ച്ച നടത്തുന്നത്. ചര്‍ച്ചയ്ക്കായി ബസുടമകളുടെ ഭാരവാഹികളെ സര്‍ക്കാര്‍ ക്ഷണിച്ചിട്ടുണ്ട്. തിങ്കളാഴ്ച മുതല്‍ സെക്രട്ടേറിയറ്റിനുമുന്നില്‍ ബസ് ഉടമകള്‍ സമരം നടത്താനിരിക്കുന്ന സാഹചര്യത്തിലാണു ചര്‍ച്ച.
അതേസമയം ഔദ്യോഗിക ചര്‍ച്ചയല്ല ബസുടമകള്‍ക്ക് കാണാന്‍ സമയം അനുവദിച്ചതാണെന്ന് ശശീന്ദ്രന്‍ പറഞ്ഞു.അനിശ്ചിതകാലസമരം ആരംഭിക്കുന്നതിന് മുന്‍പ് മിനിമം ബസ് ചാര്‍ജ് എട്ട് രൂപയാക്കിയിരുന്നു. മാര്‍ച്ച് മുതല്‍ ഇത് പ്രബാല്യത്തില്‍ വരുമെന്നായിരുന്നു സര്‍ക്കാര്‍ അറിയിച്ചിരുന്നത്. എന്നാല്‍ ഇത് പര്യാപ്തമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഉടമകള്‍ സമരത്തിലേക്ക് നീങ്ങിയത്. അതേസമയം, ചാര്‍ജ് വര്‍ധന ആവശ്യപ്പെട്ടല്ല സമരമെന്ന് കഴിഞ്ഞ ദിവസം ബസുടമകള്‍ വ്യക്തമാക്കിയിരുന്നു. ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് പൂര്‍ണമായും നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടാണ് സമരമെന്നാണ് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷന്‍ ഭാരവാഹികള്‍ അറിയിച്ചത്.
ഏകദേശം 13,000 സ്വകാര്യ ബസുകളാണു നിരത്തില്‍നിന്നു വിട്ടുനില്‍ക്കുന്നത്. ചാര്‍ജ് വര്‍ധനയില്‍ നിലപാടു മയപ്പെടുത്തിയ ബസ് ഉടമകള്‍ വിദ്യാര്‍ഥികള്‍ക്കു മിനിമം ചാര്‍ജ് അഞ്ചു രൂപയാക്കണമെന്നതില്‍ ഉറച്ചുനില്‍ക്കുകയാണ്.